ഓര്‍മ്മകളുടെ മാഞ്ചുവട്ടില്‍ പരിഷത്ത് സമ്മേളനത്തിന് പുനര്‍ജനി

തളങ്കര സ്‌കൂള്‍ അങ്കണത്തിലെ മാവിന്‍ ചുവട്ടില്‍ കുറേപേര്‍ ഒത്തുകൂടി. ഫെബ്രുവരി മാസം 22നായിരുന്നു അത്. 50 വര്‍ഷം മുമ്പ് 1974 ഫെബ്രുവരി 22ന് പ്രശസ്ത ബംഗാളി എഴുത്തുകാരന്‍ ജരാസന്ധന്‍ എന്ന ചാരുചന്ദ്ര ചക്രവര്‍ത്തിക്ക് കവി പി. കുഞ്ഞിരാമന്‍ നായര്‍ മാമ്പൂ കുല സമ്മാനിച്ചതും ജരാസന്ധനെ ആലിംഗനം ചെയ്തതും ഓര്‍ത്തെടുത്ത് കൊണ്ടുള്ള ഒരു സംഗമമായിരുന്നു അത്.സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 34-ാമത് സമ്മേളനം നടന്നത് തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ അങ്കണത്തിലാണ്. 1974 ഫെബ്രുവരി 20 മുതല്‍ 24 […]

തളങ്കര സ്‌കൂള്‍ അങ്കണത്തിലെ മാവിന്‍ ചുവട്ടില്‍ കുറേപേര്‍ ഒത്തുകൂടി. ഫെബ്രുവരി മാസം 22നായിരുന്നു അത്. 50 വര്‍ഷം മുമ്പ് 1974 ഫെബ്രുവരി 22ന് പ്രശസ്ത ബംഗാളി എഴുത്തുകാരന്‍ ജരാസന്ധന്‍ എന്ന ചാരുചന്ദ്ര ചക്രവര്‍ത്തിക്ക് കവി പി. കുഞ്ഞിരാമന്‍ നായര്‍ മാമ്പൂ കുല സമ്മാനിച്ചതും ജരാസന്ധനെ ആലിംഗനം ചെയ്തതും ഓര്‍ത്തെടുത്ത് കൊണ്ടുള്ള ഒരു സംഗമമായിരുന്നു അത്.
സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 34-ാമത് സമ്മേളനം നടന്നത് തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ അങ്കണത്തിലാണ്. 1974 ഫെബ്രുവരി 20 മുതല്‍ 24 വരെ ആയിരുന്നു അത്. അതൊരു ചരിത്ര സമ്മേളനമായിരുന്നു. കവി ടി. ഉബൈദിനുള്ള സ്മരണാഞ്ജലി ആയിരുന്നു കാസര്‍കോട് സമ്മേളനം. ആ സമ്മേളനത്തില്‍ തുടിച്ചു നിന്നത് ഉബൈദിന്റെ ഓര്‍മ്മകളും.
33-ാമത് സമ്മേളനം കോഴിക്കോട് കത്തീഡ്രല്‍ ഹാളില്‍ സമാപിച്ച ദിവസം സി.പി ശ്രീധരന്റെയും പി.എ സെയ്ദ് മുഹമ്മദിന്റെയും ആവശ്യപ്രകാരം അന്നത്തെ കാസര്‍കോട് സാഹിത്യവേദി പ്രസിഡണ്ടായിരുന്ന അഡ്വ. കോടോത്ത് നാരായണന്‍ നായരും കെ.എം അഹ്മദ് മാഷും ചേര്‍ന്നാണ് അടുത്ത പരിഷത്ത് സമ്മേളനത്തെ കാസര്‍കോട്ടേക്ക് ക്ഷണിച്ചത്. അങ്ങനെയാണ് 1974 ഫെബ്രുവരിയില്‍ പരിഷത്ത് സമ്മേളനം തളങ്കരയില്‍ വിരുന്നെത്തിയത്. കവി ടി. ഉബൈദ് വിടപറഞ്ഞ് രണ്ട് വര്‍ഷം പോലും ആയിരുന്നില്ല അപ്പോള്‍. കാസര്‍കോട് പോലുള്ള സ്ഥലത്ത് ഇത്തരമൊരു സമ്മേളനം ഭംഗിയായി നടത്താന്‍ കഴിയുമോ എന്ന എല്ലാ ആശങ്കകളെയും അസ്ഥാനത്താക്കി സമ്മേളനം ഗംഭീര വിജയമായി തന്നെ നടത്തപ്പെട്ടു. ജരാസന്ധനും പി. കുഞ്ഞിരാമന്‍ നായര്‍ക്കും പുറമെ ജോസഫ് മുണ്ടശ്ശേരി മാഷും തകഴിയും എം.ടി വാസുദേവന്‍ നായരും എസ്.കെ പൊറ്റക്കാടും സുകുമാര്‍ അഴിക്കോടും ഉറൂബും ഒ.എന്‍.വിയും കോവിലനും ശിവരാമ കാറന്തും കടത്തനാട്ട് മാധവിയമ്മയും വെട്ടൂര്‍ രാമന്‍ നായരും പോഞ്ഞിക്കര റാഫിയും ഡോ. എം.കെ രാമന്‍ പിള്ളയും ജി.എന്‍ പിള്ളയും എം.ആര്‍. ചന്ദ്രശേഖരനും ഡോ. എം.എം ബഷീറും അടക്കമുള്ളവര്‍ സാഹിത്യത്തിന്റെ കുട നിവര്‍ത്താന്‍, ആ കുടക്കീഴില്‍ സാഹിത്യ തല്‍പ്പരരെ അണിനിരത്താന്‍ ഉബൈദിന്റെ മണ്ണിലെത്തി. കെ.എസ്. അബ്ദുല്ലയും കോടോത്ത് നാരായണന്‍ നായരും സി.പി ശ്രീധരനും സുകുമാര്‍ അഴിക്കോടും അഡ്വ. ടി.പി ഹുസൈനും കെ. മഹാബല ഭണ്ഡാരിയും കെ.കെ. കോടോത്തും കെ. മാധവനും ടി.ആര്‍ കുഞ്ഞമ്പുവും പി.എ സെയ്ദ് മുഹമ്മദും കെ.എം അഹ്മദും സി. രാഘവനും ബാലകൃഷ്ണന്‍ മാങ്ങാടും പി.വി.സി നമ്പ്യാരും കെ.വി.പി തമ്പിയും അടക്കമുള്ളവര്‍ സംഘാടക നേതൃത്വത്തില്‍ ഉജ്ജ്വലമായ പ്രവര്‍ത്തനം കാഴ്ചവെച്ചു. പി.എം മുഹ്‌യുദ്ദീന്‍ മാസ്റ്ററും പി.വി കൃഷ്ണനും ബി.കെ മുഹമ്മദ് കുഞ്ഞി മാസ്റ്ററും പി.പി ബാലകൃഷ്ണന്‍ നായരും എ.എം ദാമോദരന്‍ നായരും പി.എ.എം ഹനീഫും അടക്കമുള്ളവര്‍ വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാരായി സമ്മേളനത്തെ വിജയകരമാക്കി.
കൃത്യം 50 വര്‍ഷം മുമ്പ് നടന്ന പരിഷത്ത് സമ്മേളനത്തെ ഓര്‍ത്തെടുത്ത് ഓര്‍മ്മകളുടെ മാധുര്യം നുണയുക എന്ന ലക്ഷ്യത്തോടെയാണ് തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന 'മധുര സ്മൃതി' എന്ന പേരില്‍ ഒരു സംഗമം ഒരുക്കിയത്. മുസ്ലിം ഹൈസ്‌കൂള്‍ അങ്കണത്തിലെ മാഞ്ചുവട്ടില്‍ അവര്‍ ഓര്‍മ്മകളുടെ കസേരയിട്ട് ആ സായം സന്ധ്യയെ മനോഹരവും തളരിതവുമാക്കി. നോവലിസ്റ്റ് ഡോ. അംബികാസുതന്‍ മാങ്ങാടാണ് ഉദ്ഘാടകനായി എത്തിയത്. പരിഷത്ത് സമ്മേളനം നടക്കുമ്പോള്‍ അംബികാസുതന്‍ കാസര്‍കോട് ടൗണ്‍ യു.പി സ്‌കൂളില്‍ ആറാം തരം വിദ്യാര്‍ത്ഥിയായിരുന്നു. സഹോദരന്‍ ബാലകൃഷ്ണന്‍ മാങ്ങാടില്‍ നിന്ന് പരിഷത്ത് സമ്മേളനത്തിന്റെ ജ്വലിക്കുന്ന കുറേ ഓര്‍മ്മകള്‍ അംബികാസുതന് പകര്‍ന്ന് കിട്ടിയിട്ടുണ്ട്. അഹ്മദ് മാഷും റഹ്മാന്‍ തായലങ്ങാടിയും സി. രാഘവന്‍ മാസ്റ്ററും കാര്‍ട്ടൂണിസ്റ്റ് പി.വി കൃഷ്ണന്‍ മാഷും പി. അപ്പുക്കുട്ടന്‍ മാഷും പരിഷത്ത് സമ്മേളനത്തെ കുറിച്ചും ഉബൈദ് മാഷെ കുറിച്ചും വാതോരാതെ പറയുന്നതും പ്രസംഗിക്കുന്നതും കേട്ടിട്ടുമുണ്ട്.
ജരാസന്ധന്‍ വന്നപ്പോള്‍ പി. കുഞ്ഞിരാമന്‍ നായര്‍ ഓടിച്ചെന്ന് മാമ്പൂ പറിക്കാന്‍ ചെന്ന ഓര്‍മ്മ അംബികാസുതന്‍ വിവരിച്ചപ്പോള്‍ സദസ്സ് ആശ്ചര്യത്തോടെയും കൗതുകത്തോടെയുമാണ് കേട്ടിരുന്നത്.
'ജരാസന്ധന്‍ വേദിയിലുണ്ട്. ബംഗാളിലെ അറിയപ്പെടുന്ന എഴുത്തുകാരനാണ്. രാജ്യമാകെ പ്രശസ്തന്‍. അടുത്തതായി പ്രസംഗിക്കേണ്ടത് പി.കുഞ്ഞിരാമന്‍ നായരാണ്. സി.പി ശ്രീധരന്‍ അദ്ദേഹത്തെ മൈക്കിലൂടെ വേദിയിലേക്ക് ക്ഷണിച്ചു. അല്‍പം മുമ്പ് വരെ കുഞ്ഞിരാമന്‍ നായര്‍ അവിടെയുണ്ടായിരുന്നു. പക്ഷെ, ഇപ്പോള്‍ കാണാനില്ല. അധ്യക്ഷനായ സുകുമാര്‍ അഴിക്കോട് മൈക്കെടുത്തു. അന്ന് അഴിക്കോട് മാഷ് സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ പ്രസിഡണ്ടാണ്. മാഷ് മൈക്കിലൂടെ ഉറക്കെ വിളിച്ചുപറഞ്ഞു: എന്റെ ഈ ശബ്ദം കേള്‍ക്കുന്ന എവിടെയെങ്കിലും പി. കുഞ്ഞിരാമന്‍ നായര്‍ ഉണ്ടെങ്കില്‍ ഉടന്‍ വേദിയിലേക്ക് വരണം.
പെട്ടെന്നുണ്ട് ഒരാള്‍ തൊട്ടടുത്ത മാവില്‍ നിന്നിറങ്ങി വരുന്നു. കുഞ്ഞിരാമന്‍ നായരായിരുന്നു അത്. അദ്ദേഹത്തിന്റെ കൈയില്‍ നീട്ടിപ്പിടിച്ച മാമ്പൂകുലയുണ്ട്. വേദിയില്‍ കയറിച്ചെന്ന് അത് ജരാസന്ധന് നല്‍കി. അദ്ദേഹത്തിന്റെ കാലില്‍ വീണ് എണീറ്റ് നിന്ന് ദീര്‍ഘമായ ഒരാലിംഗനവും നടത്തി. പിന്നീട് കുഞ്ഞിരാമന്‍ നായര്‍ പ്രസംഗം തുടരുന്നിടയില്‍ ചാരു ചന്ദ്രചക്രവര്‍ത്തിയെന്ന ഇമ്പമുള്ള പേരിനെ എന്തിനാണ് ജരാസന്ധന്‍ എന്നാക്കി മാറ്റിയതെന്ന് ചോദിച്ച് വീണ്ടും ജരാസന്ധന്റെ അടുത്തേക്ക് നീങ്ങി. ജരാസന്ധന്‍ അന്ധാളിച്ചുപോയി. വീണ്ടുമൊരു ആലിംഗനം താങ്ങാനുള്ള ശക്തിയില്ല. കുഞ്ഞിരാമന്‍ നായരെ സി.പി. ശ്രീധരന്‍ തടയാന്‍ ശ്രമിച്ചു. ഇത് കുഞ്ഞിരാമന്‍ നായരെ ക്ഷുഭിതനാക്കി. എന്തിനാണ് തന്നെ തടയാന്‍ ശ്രമിച്ചതെന്ന് ചോദിച്ച് അദ്ദേഹം തര്‍ക്കിച്ചു. ഇതിനിടയില്‍ സുകുമാര്‍ അഴിക്കോട് ശക്തമായിതന്നെ ഇടപ്പെട്ട് കുഞ്ഞിരാമന്‍ നായരോട് പ്രസംഗം തുടരാന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ദേഷ്യം അടങ്ങിയിരുന്നില്ല. തന്നെ തടയാന്‍ ശ്രമിച്ചത് എന്തിനെന്നായി വീണ്ടും. തടഞ്ഞതെല്ല, പ്രസംഗം തുടരാന്‍ ആവശ്യപ്പെട്ടതാണെന്ന് ശ്രീധരന്‍ പറഞ്ഞപ്പോള്‍, എങ്കില്‍ കൈകൊട്, നമുക്ക് ലോഹ്യം ആകാം എന്ന് പറഞ്ഞ് രണ്ടുപേരും കൈകൊടുത്തു. മികച്ച പ്രഭാഷണങ്ങളും ചര്‍ച്ചകളും കലാവിരുന്നുകളും കൊണ്ട് സമ്പന്നവും ശ്രേഷ്ഠവുമായ പരിഷത്ത് സമ്മേളനത്തിന്റെ ഏറ്റവും മധുരിക്കുന്ന ഓര്‍മ്മകളില്‍ ഒന്ന് ഇന്നും കുഞ്ഞിരാമന്‍ നായരുടെ ആ വരവ് തന്നെയാണ്...' -അംബികാസുതന്റെ വാക്കുകളില്‍ ഓര്‍മ്മകളുടെ നിലാവുദിച്ചു.
ജരാസന്ധന് മാമ്പൂ സമ്മാനിച്ചതിന്റെ ഓര്‍മ്മയ്ക്ക്, വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ സ്‌കൂള്‍ അങ്കണത്തില്‍ നടന്ന തിരുമുറ്റത്ത് സാഹിത്യോത്സവില്‍ പ്രശസ്ത എഴുത്തുകാരന്‍ എന്‍.എസ് മാധവന് തന്റെ കൈകളാല്‍ താമരയിതളുകള്‍ സമ്മാനിച്ചതിന്റെ ഓര്‍മ്മയും അംബികാസുതന്‍ സദസ്സിന് മുമ്പാകെ വിവരിച്ചു.
പരിഷത്ത് സമ്മേളനത്തിലെ വളണ്ടിയറായിരുന്ന അഡ്വ. ടി.വി ഗംഗാധരന്‍ നര്‍മ്മമൂറുന്ന വാക്കുകളിലൂടെ ഓര്‍മ്മകളെ കൂടുതല്‍ ആനന്ദകരമാക്കി. തനിക്ക് അച്ഛനോടുമമ്മയോടുപോലും ബാധ്യതയില്ലെന്ന് പരിഷത്ത് സമ്മേളനത്തില്‍ വിളിച്ച് പറഞ്ഞ് വിവാദത്തിന്റെ കുന്നുകയറിയ പുനത്തില്‍ കുഞ്ഞബ്ദുല്ല എന്ന അക്കാലത്തെ യുവ സാഹിത്യകാരനെ, ഇവന്‍ പറയുന്നത് പച്ചക്കള്ളമാണെന്നും ഉമ്മയെ കാണുമ്പോഴൊക്കെ ഇവന്‍ ഉമ്മ വയ്ക്കുന്നത് താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും പറഞ്ഞ് കടത്തനാട്ട് മാധവിയമ്മ പുനത്തിലിനെ ആ കുന്നില്‍ നിന്നിറക്കിയതും ടി.വി.ജി സരസമായി വിവരിച്ചു. പരിഷത്ത് സമ്മേളനത്തിന്റെ ഓര്‍മ്മകളില്‍ ഇപ്പോഴും മായാതെ നില്‍ക്കുന്നത് മുഹ്‌യുദ്ദീന്‍ മാഷ് കണ്‍വീനറായി ഒരുക്കിയ ഭക്ഷണവും പി.വി കൃഷ്ണന്‍ മാഷ് കണ്‍വീനറായുള്ള കമ്മിറ്റി നേതൃത്വം നല്‍കിയ കലാവിരുന്നുകളുമാണെന്ന് പറഞ്ഞ് ടി.വി ഗംഗാധരന്‍ പിന്നെയും സദസ്സിനെ ചിരിപ്പിച്ചു.
നാടിന്റെ തന്നെ ഉത്സവമായി മാറിയ തളങ്കരയിലെ പരിഷത്ത് സമ്മേളനത്തിലേക്ക് സാഹിത്യലോകം ഒന്നാകെ ഒഴുകിയെത്തിയ ഓര്‍മ്മ കവി പി.എസ് ഹമീദ് പങ്കുവെച്ചു. സാംസ്‌കാരിക കേരളത്തിന്റെ തലസ്ഥാനമായിരുന്നു ആ ദിനങ്ങളില്‍ തളങ്കരയെന്നും വലിയ പ്രതിഭകളുടെ സംഗമം കൊണ്ട് ഉജ്ജ്വലമായ 34-ാമത് പരിഷത്ത് സമ്മേളനത്തെ കവച്ചുവെക്കുന്ന മറ്റൊരു സമ്മേളനം അതിനു മുമ്പോ പിന്നീടോ ഉണ്ടായിട്ടില്ലെന്നും ഹമീദ് പറഞ്ഞു.
ഒകവി പി.എസ് ഹമീദും മുഹമ്മദ് കുഞ്ഞി മാസ്റ്ററും എന്‍.എം അബ്ദുല്ലയും കെ.എം അബ്ദുല്‍ റഹ്മാനും രവീന്ദ്രന്‍ പാടിയും അടക്കമുള്ളവര്‍ നേരിട്ടറിഞ്ഞതും കേട്ടറിഞ്ഞതുമായ ഓര്‍മ്മകളുടെ പായസം വിളമ്പി സദസ്സിനെ മധുരിപ്പിച്ചു. തളങ്കരയുടെ അഭിമാനകരമായ ഗതിമാറ്റത്തിന്റെ തുടക്കമായിരുന്നു സാഹിത്യ പരിഷത്ത് സമ്മേളനമെന്ന് പറഞ്ഞ് ചടങ്ങില്‍ അധ്യക്ഷത വഹിച്ച അഡ്വ. വി.എം മുനീര്‍ അഭിമാനത്തിന്റെ കുപ്പായമിട്ടു. കെ.എം ഹനീഫ്, പ്രധാനാധ്യാപിക ബിന്ദു, നൗഫല്‍ തായല്‍, സിദ്ദീഖ് ചക്കര, ബപ്പിടി മുഹമ്മദ് കുഞ്ഞി, പി.എ മജീദ് തുടങ്ങിയവരും സംസാരിച്ചു. നൗഷാദ് ബായിക്കര നാലുവരി കവിത ചൊല്ലി ഓര്‍മ്മകളെ മാടിവിളിച്ചു.
കവി പി.എസ് ഹമീദിനുള്ള ആദരവും ചടങ്ങിനെ വര്‍ണാഭമാക്കി. സോഷ്യല്‍ മീഡിയകളില്‍ ഹമീദ് കൈകാര്യം ചെയ്തുവരുന്ന ഇശല്‍ പ്രഭാതം എന്ന പംക്തി കുളിര്‍മഴക്ക് സമാനമാണ്. സാഹിത്യ സംബന്ധിയായ ഈ പരിപാടി നൂറ് അധ്യയങ്ങള്‍ പിന്നിട്ട് മറ്റൊരു ചരിത്രമായതിന്റെ സന്തോഷവേളയിലാണ് തളങ്കര സ്‌കൂള്‍ ഒ.എസ്.എ അദ്ദേഹത്തിന് പ്രത്യേക ആദരം നല്‍കിയത്. അംബികാസുതന്‍ മാങ്ങാട് ആദര സമര്‍പ്പണം നടത്തി.
സ്ത്രീകളടക്കം നല്ലൊരു സദസ്സുണ്ടായിരുന്നു കേള്‍വിക്കാരായിട്ട്. അമ്പതാണ്ടപ്പുറത്തെ ഓര്‍മ്മകളെ അവിചാരിതമായി വീണുകിട്ടിയ മനോഹരമായ സമ്മാനമായി സ്വീകരിച്ചുകൊണ്ടാണ് എല്ലാവരും മടങ്ങിയത്.


-ടി.എ ഷാഫി

Related Articles
Next Story
Share it