തച്ചങ്ങാട്: ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന പി.എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ന് നടത്തുന്ന ഈ വര്‍ഷത്തെ വായനാദിനാഘോഷത്തോടനുബന്ധിച്ച് പതിനാല് ദിവസം നീണ്ടു നില്ക്കുന്ന വ്യത്യസ്ത പരിപാടികളാണ് തച്ചങ്ങാട് ഗവ ഹൈസ്കൂളില്‍ നടക്കുന്നത്.
വായനാദിനത്തില്‍ പ്രൊഫ എം.എന്‍. കാരശ്ശേരി പി.എന്‍.പണിക്കര്‍ അനുസ്മരണം ഓണ്‍ലൈന്‍ വഴി നടത്തും. തുടര്‍ന്ന് ചെറുകഥാകൃത്തും പ്രഭാഷകനുമായ വി.ആര് സുധീഷ് പുസ്തകയാനത്തിന്റെ പ്രയാണം ഉദ്ഘാടനം ചെയ്യും. വായനയിലൂടെ ഞാനറിഞ്ഞ മാനവികത എന്ന വിഷയത്തില്‍ ഡോ.ആര്.എല്‍.വി.രാമകൃഷ്ണനും പ്രകൃതി സ്നേഹബോധം വായനയിലൂടെ എന്ന വിഷയത്തില്‍ ദിവാകരന് വിഷ്ണുമംഗലവും കുട്ടികളോട് സംവദിക്കും. വായനാപക്ഷാചരണത്തിന്റെ തുടര്‍ദിവസങ്ങളില്‍ എന്റെ സ്കൂളിലെ റീഡിങ്ങ് അംബാസഡര്‍, എന്നെ സ്വാധീനിച്ച ആത്മകഥ തുടങ്ങിയ വിഷയങ്ങളില്‍ കുട്ടികള്‍ ഓണ്‍ലൈന്‍ ആയി ചര്‍ച്ച നടത്തും.
ജൂണ്‍ 21ന് സ്കൂളിലെ 1700 ഓളം കുട്ടികളും രക്ഷിതാക്കളും വായന ഇനി എന്റെ ശീലം എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി കുടുംബവായന നടത്തും. പ്രൈമറി തലം മുതല്‍ ഹൈസ്കൂള്‍ വരെയുള്ള കുട്ടികള്‍ക്കായി നിരവധി മത്സരങ്ങളും വായനാപക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
വായനയെ സംബന്ധിക്കുന്ന ഉദ്ധരണികള്‍ ശേഖരിക്കല്‍, കൃതികളേയും രചയിതാക്കളേയും തിരിച്ചറിയല്‍, കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കല്, വായനയില്‍ തെളിഞ്ഞ വരകള്‍ എന്ന പേരില്‍ ചിത്രരചനാ മത്സരം, മണ്മറഞ്ഞ സാഹിത്യപ്രതിഭകളെക്കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കല്‍ തുടങ്ങിയ മത്സരങ്ങളും നടക്കും.
വായനാ പക്ഷാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് മത്സര വിജയിക്കള്‍ക്കായി സമ്മാനവണ്ടിയും ഒരുക്കിയിട്ടുണ്ട്.