സഹജീവികള്‍ക്ക് രത്തന്‍ ടാറ്റയുടെ കാരുണ്യ ഭവനം

മനസ്സിന് സന്തോഷവും സമാധാനവും നല്‍കുന്നതിനൊപ്പം തന്നെ ദു:ഖ സാന്ദ്രമായ നോവുകളും നല്‍കുന്ന വായനാനുഭവമാണ് നമുക്ക് ചുറ്റിലുമുള്ളത്. വാര്‍ത്ത വായിക്കുമ്പോള്‍ മനസ്സിനെ സ്പര്‍ശിക്കുന്ന ഒരുപാട് വാര്‍ത്തകള്‍ പത്രമാധ്യമങ്ങളില്‍ നിത്യവുമുണ്ടാകാം, അങ്ങനെയുള്ള ഹൃദയസ്പര്‍ശിയായ വാര്‍ത്തയാണ് ഈ കുറിപ്പിന് ആധാരം. സമ്പത്തിന്റെ വലിയ ഒരു ഭാഗം ജനങ്ങളുടെ സേവനത്തിന് വേണ്ടി സമര്‍പ്പിച്ച മഹനീയ വ്യക്തിത്വം രത്തന്‍ ടാറ്റയെക്കുറിച്ചാണ്. സന്ധി വേദനയുള്ള വളര്‍ത്തു നായയെ വിദഗ്ധ ചികിത്സക്ക് വേണ്ടി അമേരിക്കയില്‍ കൊണ്ടുപോയെങ്കിലും മതിയായ ചികിത്സ ലഭിക്കാതെ വന്നപ്പോള്‍ അദ്ദേഹം മനസ്സില്‍ ഉറപ്പിച്ച കാര്യമായിരുന്നു. […]

മനസ്സിന് സന്തോഷവും സമാധാനവും നല്‍കുന്നതിനൊപ്പം തന്നെ ദു:ഖ സാന്ദ്രമായ നോവുകളും നല്‍കുന്ന വായനാനുഭവമാണ് നമുക്ക് ചുറ്റിലുമുള്ളത്. വാര്‍ത്ത വായിക്കുമ്പോള്‍ മനസ്സിനെ സ്പര്‍ശിക്കുന്ന ഒരുപാട് വാര്‍ത്തകള്‍ പത്രമാധ്യമങ്ങളില്‍ നിത്യവുമുണ്ടാകാം, അങ്ങനെയുള്ള ഹൃദയസ്പര്‍ശിയായ വാര്‍ത്തയാണ് ഈ കുറിപ്പിന് ആധാരം. സമ്പത്തിന്റെ വലിയ ഒരു ഭാഗം ജനങ്ങളുടെ സേവനത്തിന് വേണ്ടി സമര്‍പ്പിച്ച മഹനീയ വ്യക്തിത്വം രത്തന്‍ ടാറ്റയെക്കുറിച്ചാണ്. സന്ധി വേദനയുള്ള വളര്‍ത്തു നായയെ വിദഗ്ധ ചികിത്സക്ക് വേണ്ടി അമേരിക്കയില്‍ കൊണ്ടുപോയെങ്കിലും മതിയായ ചികിത്സ ലഭിക്കാതെ വന്നപ്പോള്‍ അദ്ദേഹം മനസ്സില്‍ ഉറപ്പിച്ച കാര്യമായിരുന്നു. വളര്‍ത്തു മൃഗങ്ങളുടെ ആരോഗ്യകരമായ പരിചരണങ്ങള്‍ക്ക് വേണ്ടി ലോകോത്തര നിലവാരമുള്ള വെറ്റിനറി ആസ്പത്രി ഇന്ത്യയില്‍ നിര്‍മ്മിക്കണമെന്നത്.
എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടെ മുംബൈ നഗരത്തില്‍ ആസ്പത്രി തയ്യാറായി എന്ന വാര്‍ത്ത പ്രാധാന്യത്തോടെയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തീര്‍ച്ചയായും രത്തന്‍ ടാറ്റയുടേത് നല്ലൊരു ചുവടുവെയ്പ്പാണ്. വളര്‍ത്തു മൃഗങ്ങളോട് കാണിക്കുന്ന സ്‌നേഹ പരിലാളനകളും പരിചരണ താല്‍പ്പര്യവും സഹജീവികളോടുള്ള കാരുണ്യ മനസ്ത്ഥിതിയുള്ളവര്‍ക്ക് മാത്രം സാധ്യമായതാണ്. അത്തരത്തില്‍ കരുണാര്‍ദ്രമായ ഹൃദയമുള്ള ഒരാള്‍ നമുക്ക് അഭിമാനമാവുകയാണ്. ബ്രിട്ടീഷുകാരനായ ലോക പ്രശസ്ത വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തില്‍ ഒരു വിദഗ്ധ സംഘത്തെ നിയോഗിച്ച് വളര്‍ത്തു മൃഗങ്ങളുടെ ആരോഗ്യ കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കാനും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ബൃഹത്തായ സ്‌പെഷ്യലൈസ്ഡ് ആസ്പത്രി സമുച്ചയമാണ് രാജ്യത്ത് പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്.
'എന്റെ ദീര്‍ഘകാല സ്വപ്‌ന പദ്ധതിയാണിത്. വളര്‍ത്തുമൃഗങ്ങള്‍ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ്. അവയെ സംരക്ഷിക്കുന്ന ആളെന്ന നിലയില്‍ ഈ ആവശ്യകത ഞാന്‍ തിരിച്ചറിയുന്നു'.
സഹജീവികളോട് അനുകമ്പയും കരുണയും മാത്രമല്ല, കൃത്യമായ പരിചരണവും ശ്രദ്ധയും അവറ്റകള്‍ അര്‍ഹിക്കുന്നുണ്ട് എന്ന സന്ദേശം ഈ മഹനീയ സേവനത്തിലൂടെ രത്തന്‍ ടാറ്റ ലോകത്തെ ബോധ്യപ്പെടുത്തുകയാണ്.
അതിസമ്പന്നരായ വ്യവസായികള്‍ ഇന്ത്യയില്‍ ഒരുപാടുണ്ട്. പക്ഷെ അവരില്‍ സാമൂഹിക സേവനത്തിനും ജനനന്മയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ വിരളമാണ്. ആ ഗണത്തില്‍ വളരെ മുന്‍പന്തിയിലാണ് രത്തന്‍ ടാറ്റയ്ക്കുള്ള സ്ഥാനം. കോവിഡിന് മുമ്പും കോവിഡാനന്തരവും അവശത അനുഭവിക്കുന്നവരെ കേള്‍ക്കാന്‍, അവര്‍ക്ക് ആശ്വാസത്തിന്റെ ഇത്തിരി വെട്ടമാകാന്‍ അദ്ദേഹം ഒരു സന്തത സഹചാരിയെ പോലെ കൂടെ ഉണ്ടാകുന്ന വര്‍ത്തമാന കാലത്തെ നല്ല വിശേഷങ്ങള്‍. കാന്‍സര്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് പിന്തുണയും സഹായവും നല്‍കുന്നു. കാന്‍സര്‍ ബാധിതരായ അനേകരില്‍ അദ്ദേഹം ആശ്വാമെത്തിക്കുന്നു. ഇങ്ങനെ വ്യത്യസ്ത മേഖലകളില്‍ അനേകരില്‍ സാന്ത്വനവും സമാശ്വാസവും മാത്രമല്ല സഹജീവികളെ കരുണാര്‍ദ്രമായ സ്‌നേഹ വാത്സല്യത്തോടെ ചേര്‍ത്ത് നിര്‍ത്തുകയും ചെയ്യുന്നു.
സാധാരണക്കാരനെ കൂടി ഉള്‍ക്കൊള്ളുന്ന ബിസിനസ് താല്‍പ്പര്യങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. സാധാരണക്കാരന്റെ സാമ്പത്തിക ഭദ്രതക്ക് അനുയോജ്യമായ കാര്‍ എന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഒരു ലക്ഷം രൂപക്ക് കാര്‍ നിര്‍മ്മിക്കാന്‍ സാധ്യമല്ലെന്ന് ഓട്ടോ മൊബൈല്‍ രംഗത്തെ വ്യവസായ മേഖലയിലുള്ളവര്‍ പറഞ്ഞപ്പോള്‍ അതില്‍ നിന്ന് പിന്നോട്ട് പോകാതെ കാര്‍ നിര്‍മ്മിച്ചു നല്‍കുകയാണ് ചെയ്തത്. ചെയ്യാന്‍ പറ്റില്ലായെന്ന് മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ ഉത്തരവാദിത്വത്തോടെ ചെയ്യാന്‍ ശ്രമിക്കുന്നതാണ് എനിക്ക് ഏറ്റവും ആനന്ദം നല്‍കുന്നതെന്നാണ് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞത്. ടാറ്റ വാഹന പ്രേമികള്‍ ഏത് കാര്‍ തിരഞ്ഞെടുത്താലും അവരില്‍ ഒരു സന്തോഷ നിര്‍വൃതിയുണ്ട്. തന്റെ ബിസിനസ്സ് സമ്പാദ്യത്തിലെ നല്ലൊരു ശതമാനം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെച്ച നല്ലൊരു മനുഷ്യന്റെ ബ്രാന്‍ഡ് വാഹനമാണിതെന്ന്. ആ അഭിമാന ബോധം അവരുടെ യാത്രാ വേളകളെ ആനന്ദകരമാക്കുന്നു. സത്യ സന്ധമായ ബിസിനസ്സ് സമ്പാദ്യം എന്ന മുഖമുദ്രയോടൊപ്പം നന്മ വറ്റാത്ത കാര്യണ്യ മനസ്സും സാമൂഹ്യ സേവന രംഗത്തെ താല്‍പ്പര്യവും ബിസിനസ്സ് രംഗത്തെ പ്രവര്‍ത്തന പാടവവും അദ്ദേഹത്തിന്റെ മേന്മയാണ്. കോര്‍പ്പറേറ്റ് അധിപനാണെങ്കിലും സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തന ചാരുതയാണ് മറ്റുള്ളവരില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. വളര്‍ത്തു മൃഗങ്ങളോട് സ്‌നേഹവും അനുകമ്പയുള്ളവരില്‍ സന്തോഷവും ആനന്ദവും പകരുന്ന രത്തന്‍ ടാറ്റയുടെ സ്വപ്‌ന പദ്ധതിയാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്. സഹജീവികളെ ജീവനുതുല്യം സ്‌നേഹിക്കുന്നവര്‍ക്ക് ആശ്വാസമാകുന്ന തണല്‍ കേന്ദ്രമായി, ലോകത്തെ ഏറ്റവും മികച്ച വെറ്റിനറി ആസ്പത്രിയായി അത് പരിലസിക്കട്ടെ!


-റഫീഖ് സൈനി അഡൂര്‍

Related Articles
Next Story
Share it