കാസര്‍കോട്: ട്രെയിനില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ കാസര്‍കോട് സ്വദേശിയായ യുവാവിനെ റെയില്‍വെ പൊലീസ് സാഹസികമായി പിടികൂടി. നാട്ടക്കല് സ്വദേശി ഇബ്രാഹിം ബാദുഷ(28)യാണ് പിടിയിലായത്.
ഇന്ന് പുലര്‍ച്ചെ 5 മണിയോടെ മംഗളൂരുവിലേക്കുള്ള വെസ്റ്റ്കോസ്റ്റ് എക്സ്പ്രസിന്റെ ജനറല്‍ കോച്ചിലാണ് സംഭവം. നീലേശ്വരത്ത് ട്രെയിന്‍ എത്തിയപ്പോഴാണ് യുവാവ് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയതെന്നാണ് പരാതി.
വിവരം ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വെ പൊലീസിനെ അറിയിച്ചു.
കോച്ച് മാറി കയറി പിന്നീട് കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങിയ യുവാവിനെ എസ്.ഐ എം.വി പ്രകാശന്റെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു.
റെയില്‍വെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ഉദ്യോഗസ്ഥരെ തള്ളിമാറ്റി യുവാവ് രക്ഷപ്പെട്ടു.
ഷര്‍ട്ട് ഊരി ഓടിയ യുവാവിനെ പിന്തുടര്ന്ന് ഓട്ടോസ്റ്റാന്റില്‍ വെച്ച് പിടികൂടുകയായിരുന്നു.