മല്ലപ്പള്ളി: യുവതിയെ ബലാത്സംഗം ചെയ്ത് മുങ്ങിയ പ്രതി ഒന്നര വര്‍ഷത്തിന് ശേഷം പിടിയിലായി. കോട്ടയം വൈക്കം ടി വി പുരം ഉമക്കരി കോളനിയില്‍ വിനോദ് (45) ആണ് അറസ്റ്റിലായത്. പത്തനംതിട്ട സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് തമിഴ്നാട്ടില്‍ നിന്നും ഇയാളെ കസ്റ്റഡിയിലെടുത്തത്. പെരുമ്പെട്ടി പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിച്ചിരുന്ന യുവതിയെയാണ് അടുപ്പം കാണിച്ച് ഒപ്പം കൂട്ടി ബലാത്സംഗം ചെയ്തത്.
സംസ്ഥാനം വിട്ട പ്രതി തമിഴ്നാട്ടില്‍ ഉണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ ജി സൈമണിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുവല്ല ഡിവൈഎസ്പി ടി രാജപ്പന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് എ എസ് ഐമാരായ ടി ഡി ഹരികുമാര്‍, കെ എന്‍ അനില്‍, സി പി ഒ മാരായ പ്യാരിലാല്‍, മനോജ് കുമാര്‍, ജയ്സണ്‍ സാമുവല്‍ എന്നിവരടങ്ങിയ സംഘം തമിഴ്നാട്ടിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
25നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രണയം നടിച്ച് വശീകരിച്ച് അവരില്‍ നിന്നും പണവും മറ്റും ഭീഷണിപ്പെടുത്തി അപഹരിച്ച് മുങ്ങല്‍ പതിവാക്കിയയാളായിരുന്നു വിനോദ്. മറ്റൊരു സ്ത്രീയുമായി തമിഴ്നാട്ടില്‍ കഴിഞ്ഞു വരവേയാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Rape case: 43 year old man arrested from Tamilnadu