കാസര്‍കോട്: ആരോഗ്യകരമായ സംവാദങ്ങള്‍ക്ക് പകരം വിവാദങ്ങള്‍ക്കാണ് മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും നിയമസഭാ വാര്‍ത്തകളില്‍ പോലും വിവാദപരമായ വിഷയങ്ങളെ പെരുപ്പിച്ച് കാട്ടാനാണ് മാധ്യമങ്ങള്‍ താല്പര്യം കാണിക്കുന്നതെന്നും എം.രാജഗോപാലന്‍ എം.എല്‍.എ പറഞ്ഞു.
കാസര്‍കോട് പ്രസ്ക്ലബ്ബിന്റെ കെ.എം അഹ്മദ് സ്മാരക അവാര്‍ഡ് മാതൃഭൂമി കോഴിക്കോട് ലേഖിക രമ്യ ഹരികുമാറിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ രംഗത്ത് മാത്രമല്ല നാടിന്റെ സാംസ്കാരിക മേഖല ഉത്തേജിപ്പിക്കുന്നതിലും ജില്ലയുടെ അര്‍ഹമായ ആവശ്യങ്ങള്‍ ചോദിച്ചുവാങ്ങുന്നതിലും അഹ്മദ് മാഷ് നടത്തിയ പ്രയത്നങ്ങള്‍ എല്ലാകാലത്തും സ്മരിക്കപ്പെടുമെന്നും രാജഗോപാലന്‍ പറഞ്ഞു. പ്രസ്ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. അഡ്വ. പി.എം. ആതിര സ്മാരക പ്രഭാഷണം നടത്തി. സ്ത്രീ പക്ഷ വാര്‍ത്തകളെ അവഗണിക്കുന്ന രീതികളാണ് കേരളത്തിലെ മാധ്യമങ്ങള്‍ പോലും സ്വീകരിക്കുന്നതെന്നും പീഡനങ്ങള്‍ക്ക് ഇരയാവുന്ന വനിതകളുടെ പ്രശ്നങ്ങള്‍ വേണ്ടവിധം അവതരിപ്പിക്കാന്‍ കഴിയാതെ അവയുടെ ഗൗരവം കുറക്കുന്ന പ്രയോഗങ്ങളാണ് മാധ്യമങ്ങള്‍ സ്വീകരിക്കുന്നതെന്നും ആതിര പറഞ്ഞു. പ്രസ്ക്ലബ്ബ് ജോയിന്റ് സെക്രട്ടറി ജി.എന്‍ പ്രദീപ് അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. പി.കെ രാജശേഖരന്, മുജീബ് അഹ്മദ്, പ്രസ്ക്ലബ്ബ് വൈസ് പ്രസിഡണ്ട് നഹാസ് മുഹമ്മദ് സംസാരിച്ചു. പ്രസ്ക്ലബ്ബ് സെക്രട്ടറി കെ.വി പത്മേഷ് സ്വാഗതവും ട്രഷറര്‍ ഷൈജു പിലാത്തറ നന്ദിയും പറഞ്ഞു.