ദുബായ്: റമദാന് ഗള്‍ഫിലാണ് സുഖം എന്ന് ആളുകള്‍ പറയുന്നത് വെറുതയല്ല. ഓരോ നോമ്പുകാലവും പ്രവാസികള്‍ക്കും ഗള്‍ഫ് സന്ദര്‍ശിക്കാനെത്തുന്നവര്‍ക്കും വലിയ ആരാധനാ കുളിര്‍മയും അനിര്‍വചനീയമായ അനുഭൂതിയുമാണ് സമ്മാനിക്കുന്നത്. ഇത്തവണത്തെ നല്ല കലാവസ്ഥ ഈ സന്തോഷത്തിന് ഇരട്ടി കുളിര്‍മ പകരുന്നു.
ഗള്‍ഫ് നാടുകള്‍ക്ക് റമദാന് വ്രതാനുഷ്ഠാനത്തിന്റെ മാത്രം മാസമല്ല, അളവറ്റ കാരുണ്യവര്ഷത്തിന്റെയും ദാനധര്‍മ്മത്തിന്റെയും വലിയ സല്‍ക്കര്‍മ്മങ്ങളുടെയും കൂടി മാസമാണ്. അത്രമാത്രം ദാനധര്‍മ്മമാണ് ഓരോ ഗള്‍ഫുരാജ്യങ്ങളിലും റമദാനിലെ ഓരോ പവിത്ര നാളുകളിലും നടക്കുന്നത്. ജന്മ നാടുകളിലേക്ക് വലിയ തോതിലുള്ള സഹായധനങ്ങളെത്തിക്കാന് പ്രവാസികളായ വ്യവസായികളും സാധാരണക്കാരും ഒരുപോലെ മത്സരിക്കുന്നു. ഇത്തവണ ഇതിന് പുറമെ വലിയ സഹായം ഗാസയിലേക്കും ഒഴുകുന്നു. ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കുഞ്ഞു പൈതങ്ങള് വരെ മരിച്ചുവീഴുന്ന കാഴ്ചകള്‍ ഓരോ പ്രവാസിയുടെയും ഉള്ളില്‍ വലിയ നോവാണ് സൃഷ്ടിക്കുന്നത്.
ദുബായിലെ പള്ളികളിലും വിവിധ കേന്ദ്രങ്ങളിലും എല്ലാ ദിവസവും വിപുലമായ തരത്തില്‍ സംഘടിപ്പിക്കാറുള്ള ഇഫ്താര്‍ വിരുന്നില്‍ മലയാളികളടക്കം നിരവധി പേര് പങ്കെടുക്കാറുണ്ട്. അറബ് പ്രമുഖരും വ്യവസായികളും അടക്കമുള്ളവര്‍ വ്യത്യസ്ത വിഭവങ്ങളാണ് ഇത്തരം ഇഫ്താര്‍ സംഗമങ്ങള്‍ക്ക് എത്തിക്കാറുള്ളത്.
ദുബായ് പൊലീസും അല്ജബീനും ദേരയുടെ വിവിധ പ്രദേശങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്ന വിഭവ സമൃദ്ധമായ ഇഫ്താര്‍ കിറ്റ് വിതരണം ശ്രദ്ധ നേടുകയാണ്. ദുബായിലെ വിവിധ വ്യവസായ സ്ഥാപനങ്ങളുടെയും വാണിജ്യ പ്രമുഖരുടെയും സഹകരണത്തോടെയാണ് നൈഫിലെ വിവിധ പ്രദേശങ്ങളായ ഗോള്‍ഡ് സൂക്ക്, അല്‍റാസ്, കോര്‍ണിഷ് എന്നീ പ്രദേശങ്ങളില്‍ ആയിരം മുതല്‍ അയ്യായിരം വരെ പേര്‍ക്ക് ദിവസേന ഇഫ്താര്‍ കിറ്റ് വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഇതുപോലെ ഉദാരമതികളുടെ സഹകരണത്തോടെ നടത്തിയ പ്രവര്‍ത്തനം ഏറെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. അല്‍ ജബീന്‍ കമ്പനിയുടെ പാര്‍ട്ണറും മുന്‍ ദുബായ് പൊലീസ് മേധാവിയുമായ അബ്ദുല്ല അല്‍ ഹുസനി, നൈഫ് പൊലീസ് ഓഫീസര്‍ മുഹമ്മദ് ഹത്താവി, ഷാഹുല്‍ തങ്ങള്‍, മജീദ് തെരുവത്ത്, മുഹമ്മദ് ഇബ്രാഹിം, സമീര്‍ ബെസ്റ്റ്ഗോള്‍ഡ്, ജവാദ് അബ്ബാസി, ആദില്‍ മിര്‍സാ, തൈമൂര്‍ താരിഖ്, ശ്രീജ, അല്‍ ജബീന്‍ സാരഥികളായ ബുഷ്റ, യുഷ്റ, ഉറൂജ് തുടങ്ങിയവര്‍ ഇഫ്താര്‍ കിറ്റ് വിതരണത്തിന് നേതൃത്വം നല്കി വരുന്നു.
കെ.എം.സി.സി അടക്കമുള്ള സംഘടനകളും വിവിധ സ്ഥാപനങ്ങളും ഒരുക്കുന്ന സംഗമങ്ങള്‍ക്കും നോമ്പുതുറകള്‍ക്കും സൗഹൃദത്തിന്റെ വലിയ പരിവേഷമുണ്ടാകുന്നു. നോമ്പുതുറ നേരങ്ങളില്‍ കാണുന്ന സന്തോഷങ്ങള്‍ക്ക് അതിരുകളില്ല. മലയാളികളുടേതടക്കമുള്ള വ്യാപാര സ്ഥാപനങ്ങള്‍ സുഹൃത്തുക്കളെയൊക്കെ വിളിച്ചുകൂട്ടി സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നുകള്‍ ആഹ്ലാദത്തിന്റെ നിലാവുദിക്കുന്നവയാണ്. ദുബായ് നൈഫ് കേന്ദ്രമായുള്ള ഈസ്റ്റര്‍ ഗ്രൂപ്പ് ചെയര്മാന് മൊയിനുദ്ദീന്‍ കെ.കെ പുറം ഇത്തവണയും തന്റെ സ്ഥാപനത്തില്‍ ഇഫ്താര്‍ വിരുന്നൊരുക്കി. കാസര്‍കോട്ടെ റിട്ട. ഡി.വൈ.എസ്.പി സി.എ അബ്ദുല്‍ റഹീം, വ്യവസായികളായ ഹംസ ദേരാസിറ്റി, സമീര്‍ ബെസ്റ്റ്ഗോള്‍ഡ്, മജീദ് കോളിയാട്, ഹിലാല്‍ ഹംസ, ബാഷ ബാങ്കോട്, ഗഫാര്‍ സഅദി അസ്ഹരി തുടങ്ങിയവര്‍ സംബന്ധിച്ചു.