കാസര്‍കോട്: ചൂട് കൂടിയതോടെ ഈ വര്‍ഷത്തെ റമദാന് വിപണിയില്‍ പഴവര്‍ഗങ്ങളുടെ വില്‍പ്പന പൊടിപൂരം. നാടന്‍ പഴങ്ങളോടൊപ്പം വിദേശ പഴങ്ങളും വന്‍തോതില്‍ വിറ്റഴിക്കുന്നതായി വ്യാപാരികള്‍ പറയുന്നു. റമദാന് തുടക്കത്തില്‍ കച്ചവടത്തില്‍ ഒരു മെല്ലെ പോക്കുണ്ടായിരുന്നു, എന്നാല്‍ റമദാന് പകുതി പിന്നിട്ടതോടെ കച്ചവടം വര്‍ദ്ധിച്ചതായും വ്യാപാരികള്‍ പറയുന്നുണ്ട്. അടുത്തമാസം പെരുന്നാളും വിഷുവുമൊക്കെ അടുപ്പിച്ച് എത്തുന്നതിനാല്‍ കച്ചവടം ഇതേപടി തുടരുമെന്ന പ്രതീക്ഷയിലാണ് പഴം, പച്ചക്കറി വ്യാപാരികള്‍.
ജ്യൂസിന് പറ്റിയ ‘അവക്കാഡ’യാണ് വിലയില്‍ താരം. കിലോയ്ക്ക് 400 രൂപയോടടുത്താണ് വില. ലിച്ചിയും ഫോറിന് ഗ്രോസ് മുന്തിരിയും പ്ലമ്മുമാണ് രണ്ടാമത്. 300നോട് അടുത്താണ് ഇവയുടെ വില. നാടന്‍ പഴവര്‍ഗങ്ങള്‍ക്ക് പൊതുവെ വലിയ വിലയില്ലെന്ന് നോമ്പുകാര്‍ പറയുന്നുണ്ട്. മാമ്പഴം വിപണിയില്‍ എത്തിയതോടെ വിവിധതരം മാമ്പഴങ്ങള്‍ക്ക് കിലോയ്ക്ക് 160 രൂപ മുതല്‍ 260 രൂപ വരെ വില ഈടാക്കുന്നുണ്ട്.
സ്ട്രോബറി, കിവി എന്നിവയ്ക്ക് 240 രൂപയാണ് വില. അതേസമയം വിപണിയില്‍ മത്സരമെ ന്നോണം വിവിധ ഇടങ്ങളില്‍ വിവിധ തരത്തില്‍ വില ഈടാക്കുന്നതായും പറയപ്പെടുന്നു. വിവിധതരം ആപ്പിളുകള്‍ക്ക് 160 രൂപ മുതല്‍ 200 രൂപ വരെയാണ് വില. തുര്‍ക്കി, ഇറാന്, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്ന് എത്തുന്നതാണ് ഈ ആപ്പിളുകള്‍. അനാര്‍ 160, പച്ചമുന്തിരി 70, കറുപ്പ് മുന്തിരി 70, മുസംബി 70, ഓറഞ്ച് 70, പപ്പായ 50, കൈതച്ചക്ക 70, തണ്ണീര്‍ മത്തന്‍ 28, ഷമാം 50, ചിക്ക് 60, നേന്ത്രപ്പഴം 55, കദളിപ്പഴം 60, മൈസൂര്‍ പഴം 50, സിട്ര ഓറഞ്ച് 140, ഡ്രാഗണ്‍ ഫ്രൂട്ട് 160, പേരക്ക 60 എന്നിങ്ങനെയാണ് വിപണി വില. ചൈന, തായ്ലന്‍ഡ,് സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് മാഡ്രിന് ഓറഞ്ച് എത്തുന്നത്.
അസഹ്യമായ ചൂടുകാരണം തണ്ണിമത്തന് റെക്കോര്‍ഡ് വില്‍പ്പനയാണെന്ന് വ്യാപാരികള്‍ പറയുന്നു. അതേസമയം ടെമ്പോകളിലായി അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മാമ്പഴം, തണ്ണിമത്തന്, ഷമാം, കൈതച്ചക്ക, പപ്പായ, ഓറഞ്ച്, മുസംബി, അനാര്‍ ആപ്പിള്‍ എന്നിവ വാങ്ങാനും തിരക്ക് അനുഭവപ്പെടുന്നു. എന്നാല്‍ ഇതിന് ഗുണമേന്മ കുറവാണെന്ന് പറയപ്പെടുന്നുണ്ട്.