റെയില്‍പാതകളുടെ വളവുകള്‍ നികത്തല്‍ പദ്ധതി; കുടിയൊഴിപ്പിക്കല്‍ ആശങ്കയില്‍ സമീപവാസികള്‍

കാസര്‍കോട്: റെയില്‍പാതകളുടെ വളവ് നികത്താന്‍ അതിവേഗ പദ്ധതികളുമായി റെയില്‍വേ വകുപ്പ്. ഇത് മറ്റൊരു കുടിയൊഴിപ്പിക്കലിന് അവസരമൊരുങ്ങുമെന്ന ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. കേരളത്തിലെ ട്രെയിനുകളുടെ വേഗം മണിക്കൂറില്‍ 130 കിലോ മീറ്ററാക്കാനുള്ള തീരുമാനങ്ങളുടെ ഭാഗമായാണ് റെയില്‍പാതകളുടെ വളവുകള്‍ നികത്താനുള്ള പദ്ധതിക്ക് ടെണ്ടറായത്.ഇത് പ്രകാരം കാസര്‍കോട്-മംഗളൂരു റൂട്ടില്‍ 46 കിലോമീറ്റര്‍ പാതയില്‍ 38 വളവുകളുണ്ടെന്നാണ് റെയില്‍വേയുടെ കണക്ക്. കാസര്‍കോട് മുതല്‍ കണ്ണൂര്‍ വരെ 85 വളവുകളുമുണ്ട്. റെയില്‍പാതകളുടെ വളവ് നികത്തല്‍ പദ്ധതിക്ക് കേന്ദ്ര റെയില്‍വേ മന്ത്രാലയം പച്ചക്കൊടി കാട്ടിയ സാഹചര്യത്തില്‍ പദ്ധതി […]

കാസര്‍കോട്: റെയില്‍പാതകളുടെ വളവ് നികത്താന്‍ അതിവേഗ പദ്ധതികളുമായി റെയില്‍വേ വകുപ്പ്. ഇത് മറ്റൊരു കുടിയൊഴിപ്പിക്കലിന് അവസരമൊരുങ്ങുമെന്ന ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. കേരളത്തിലെ ട്രെയിനുകളുടെ വേഗം മണിക്കൂറില്‍ 130 കിലോ മീറ്ററാക്കാനുള്ള തീരുമാനങ്ങളുടെ ഭാഗമായാണ് റെയില്‍പാതകളുടെ വളവുകള്‍ നികത്താനുള്ള പദ്ധതിക്ക് ടെണ്ടറായത്.
ഇത് പ്രകാരം കാസര്‍കോട്-മംഗളൂരു റൂട്ടില്‍ 46 കിലോമീറ്റര്‍ പാതയില്‍ 38 വളവുകളുണ്ടെന്നാണ് റെയില്‍വേയുടെ കണക്ക്. കാസര്‍കോട് മുതല്‍ കണ്ണൂര്‍ വരെ 85 വളവുകളുമുണ്ട്. റെയില്‍പാതകളുടെ വളവ് നികത്തല്‍ പദ്ധതിക്ക് കേന്ദ്ര റെയില്‍വേ മന്ത്രാലയം പച്ചക്കൊടി കാട്ടിയ സാഹചര്യത്തില്‍ പദ്ധതി യുദ്ധ കാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. 2024 ഓഗസ്റ്റ് 15 മുതല്‍ ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാനുള്ള നീക്കവുമായാണ് അധികൃതര്‍ മുന്നോട്ട് പോകുന്നത്. ആദ്യഘട്ടത്തില്‍ കാസര്‍കോട്- മംഗളൂരു പാതയിലെ വളവുകള്‍ നിവര്‍ത്തും. എട്ടുമാസത്തിനകം ഇതിന്റെ ജോലി പൂര്‍ത്തിയാക്കാന്‍ റെയില്‍വേ മന്ത്രാലയം ടെണ്ടര്‍ വിളിച്ചതായാണ് അറിയുന്നത്.
സംസ്ഥാനത്ത് അതിവേഗപാത ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് റെയില്‍വേയുടെ മൊത്തത്തില്‍ വേഗം കൂട്ടുന്നതിന്റെ ഭാഗമായി വളവുകള്‍ നിവര്‍ത്തുന്നത്. പദ്ധതി കൂടുതല്‍ ദോഷകരമായി ബാധിക്കുന്നത് ജില്ലയിലെ തീരദേശ മേഖലയെയാണ്. കടലിനും റെയില്‍വേക്കുമിടയില്‍ താമസിക്കുന്നവര്‍ക്കാണ് ഏറെ ദുരിതമാവുക. റെയില്‍വേ ഇരട്ടപ്പാത വന്നപ്പോഴും ഏറെ ദുരിതമുണ്ടാക്കിയത് തീരദേശ ജനതയെയാണ്. ഇത് വീണ്ടും ആവര്‍ത്തിക്കുമെന്ന ആശങ്കയിലാണ് തീരദേശവാസികള്‍.
അതിനിടെ കെ റെയിലിന് ബദലായി അതിവേഗ റെയില്‍ പദ്ധതികളെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ അഭിപ്രായം ആരായുന്നുണ്ട്. ഡി.എം.ആര്‍.സി മുന്‍ മേധാവി ഇ. ശ്രീധരനാണ് ഇത്തരത്തില്‍ ഒരു പദ്ധതി റിപ്പോര്‍ട്ട് സര്‍ക്കാരിന് മുന്നില്‍ വച്ചിരിക്കുന്നത്. വ്യാപകമായ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഉയര്‍ന്നുവന്ന ശക്തമായ പ്രതിഷേധത്തേയും പ്രക്ഷോഭത്തേയും തുടര്‍ന്നാണ് കെ റെയില്‍ പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാറിന് പിന്‍മാറേണ്ടിവന്നത്. ഇപ്പോള്‍ ഇ. ശ്രീധരന്‍ മുന്നോട്ട് വെച്ച പദ്ധതിയില്‍ വന്‍തോതിലുള്ള ഭൂമി ഏറ്റെടുക്കല്‍ ഇല്ലാതെയാണ് അതിവേഗ പാതയുടെ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ഭൂമിക്ക് മുകളില്‍ തൂണില്‍ ഉയര്‍ത്തി നിര്‍ത്തിയ പാത നടപ്പാക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് മൂന്നരമണിക്കൂര്‍ കൊണ്ട് എത്തിച്ചേരുന്ന സെമി സ്പീഡ് റെയില്‍ പാതയാണ് ഉദ്ദേശിക്കുന്നത്. ഇത് പിന്നീട് മംഗളൂരു വരെ നീട്ടിയേക്കാം. ഒപ്പം ഹൈ സ്പീഡായി ഉയര്‍ത്തുകയും ചെയ്യും. ഇതിനിടയില്‍ വളവുകള്‍ നിവര്‍ത്തുന്ന പദ്ധതിയുമായി അധികൃതര്‍ മുന്നോട്ട് പോകുന്നത് പ്രദേശവാസികളില്‍ ആശങ്കയുണ്ടാക്കുകയാണ്.

Related Articles
Next Story
Share it