വയനാട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് അക്രമിച്ച കേസില്‍ ആറ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍. 30ന് രാഹുല്‍ഗാന്ധി വയനാട്ടിലെത്തും. അക്രമസംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫിന് പങ്കെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഡല്‍ഹിയിലെ എ.കെ.ജി ഭവനടക്കം സി.പി.എം ആസ്ഥാന മന്ദിരങ്ങളുടെ സുരക്ഷ ശക്തമാക്കി. എ.കെ.ജി ഭവനില്‍ ഡല്‍ഹി പൊലീസിനേയും കേന്ദ്ര സേനയേയും വിന്യസിച്ചു. അതിനിടെ രാഹുലിന്റെ ഓഫീസ് അടിച്ചുതകര്‍ത്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എസ്.എഫ്.ഐ നേതൃത്വത്തെ സി.പി.എം നേതാക്കള്‍ എ.കെ.ജി സെന്ററിലേക്ക് വിളിച്ചുവരുത്തി.
കല്‍പ്പറ്റ പൊലീസാണ് ആറ് എസ്.എഫ്.ഐ പ്രവര്‍ത്തകരെ കൂടി കസ്റ്റഡിയില്‍ എടുത്തത്. ഇതോടെ ഇതുവരെ പിടിയിലായവരുടെ എണ്ണം 25 ആയി. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. എസ്.എഫ്.ഐ ജില്ലാ പ്രസിഡണ്ട് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം ഇന്നലെ 19 പേര് അറസ്റ്റിലായിരുന്നു. ഇവരെ രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു.
എസ്.എഫ്.ഐ പ്രതിഷേധം പാര്‍ട്ടി അറിയാതെയാണെന്നാണ് സി.പി.എം വിശദീകരണം. അതിനിടെ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ട് വി.പി സാനു, സംസ്ഥാന പ്രസിഡണ്ട് കെ. അനുശ്രീ എന്നിവരെ സി.പി.എം നേതൃത്വം എ.കെ.ജി സെന്ററിലേക്ക് വിളിച്ചുവരുത്തി. രാഹുലിന്റെ ഓഫീസ് അക്രമിച്ചവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് വി.പി സാനു മാധ്യമങ്ങളോട് പറഞ്ഞു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫിന് അക്രമത്തില്‍ പങ്കുള്ളതായി കോണ്‍ഗ്രസ് നേതാവ് ഐ.സി ബാലകൃഷ്ണന് എം.എല്‍.എ ആരോപിച്ചു. പൊലീസ് ഇക്കാര്യം അന്വേഷിക്കാന്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്തത് ബി.ജെ.പിയെ സന്തോഷിപ്പിക്കാനുള്ള സി.പി.എം നീക്കത്തിന്റെ ഭാഗമാണെന്ന് കെ. മുരളീധരന് എം.പി കുറ്റപ്പെടുത്തി.
രാഹുല്‍ഗാന്ധിയുടെ ഓഫീസ് അക്രമിച്ച സംഭവത്തിന് പിന്നാലെ ഡല്‍ഹിയിലെ എ.കെ.ജി സെന്ററിന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുന്ന പശ്ചാത്തലത്തിലാണ് ഇത്. ഡല്‍ഹി പൊലീസിന് പുറമെ കേന്ദ്ര സേനാ വിഭാഗങ്ങളെ കൂടി എ.കെ.ജി ഭവന് സമീപം വിന്യസിച്ചു. അതിനിടെ കാസര്‍കോട്ടടക്കം വിവിധ ജില്ലകളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.