ന്യൂഡല്‍ഹി: ലോക്സഭയില്‍ തിങ്കളാഴ്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ ‘ഹിന്ദു’ പരാമര്‍ശം സഭാരേഖകളില്‍ നീക്കി. ഹിന്ദുക്കളെന്ന് വിശേഷിപ്പിക്കുന്ന ചിലര്‍ ഹിംസയിലും വിദ്വേഷത്തിലും ഏര്‍പ്പെടുന്നുവെന്നായിരുന്നു ഭരണപക്ഷത്തെ ചൂണ്ടിയുള്ള രാഹുലിന്റെ പരാമര്‍ശം. ഇതിനെതിരെ ബി.ജെ.പി വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഹിന്ദു സമൂഹത്തെ മുഴുവന്‍ രാഹുല്‍ അപമാനിച്ചെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. ഇക്കാര്യം പരിശോധിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജ്ജുവും സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കിയത്. ബി.ജെ.പി, ആര്.എസ്.എസ് സംഘടനകള്‍ക്കെതിരെയുള്ള രാഹുലിന്റെ ചില പരാമര്‍ശങ്ങളും രേഖകളില്‍നിന്ന് നീക്കി. ന്യൂനപക്ഷങ്ങളെ ബി.ജെ.പി ആക്രമിക്കുന്നു, വ്യവസായികളായ അംബാനി, അദാനി എന്നിവരെക്കുറിച്ച് പറയുന്ന ഭാഗം, നീറ്റ് പരീക്ഷ സമ്പന്നര്‍ക്കുള്ളതാണ് നന്നായി പഠിച്ചുവരുന്നവര്‍ക്ക് സ്ഥാനമില്ല, അഗ്നിവീര്‍ പദ്ധതി സൈന്യത്തിന്റേതല്ല മറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന്റേതാണ് തുടങ്ങിയ പരാമര്‍ശങ്ങളും സഭാരേഖകളില്‍ നിന്ന് ഒഴിവാക്കി.
അതിനിടെ, ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചര്‍ച്ചയ്ക്ക് ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി നല്‍കും. വൈകീട്ട് നാലിന് ആണ് പ്രധാനമന്ത്രി ലോക്സഭയില്‍ സംസാരിക്കുക. രാഹുലിന്റെ ഒന്നര മണിക്കൂറിലേറെ നീണ്ട ഇന്നലത്തെ പ്രസംഗം ബി.ജെ.പിയെ പ്രതിരോധത്തില്‍ ആക്കിയതോടെ ശക്തമായ മറുപടിയാകും പ്രധാനമന്ത്രിയില്‍ നിന്ന് ഇന്ന് ഉണ്ടാവുക. രാഹുല്‍ ഗാന്ധി ഇന്നലെ നടത്തിയ ചില പരാമര്‍ശങ്ങളില്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. ഹിന്ദു സമൂഹത്തെ മുഴുവന്‍ അക്രമാസക്തരെന്ന് രാഹുല്‍ വിളിച്ചു എന്നാണു ബി.ജെ.പി ആരോപണം.
ഭയവും വിദ്വേഷവും പ്രചരിപ്പിക്കാനുള്ളതല്ല ഹിന്ദുമതമെന്ന് പറഞ്ഞ രാഹുല്‍ ആര്.എസ്.എസും ബി.ജെ.പിയും മോദിയും എല്ലാ ഹിന്ദുക്കളുടേയും പ്രതിനിധീകരിക്കുന്നില്ലെന്നും പ്രസംഗത്തില്‍ പറഞ്ഞിരുന്നു. രാഹുലിന്റെ ആദ്യ പ്രസംഗത്തിന് ദേശീയതലത്തില്‍ മാധ്യമങ്ങളില്‍ അടക്കം വലിയ പ്രാധാന്യമാണ് ലഭിച്ചത്. അതിനാല്‍ തന്നെ പ്രധാനമന്ത്രിയുടെ ഇന്നത്തെ മറുപടി ഏറെ നിര്‍ണായകമാണ്.