റഹ്മാന്‍ തായലങ്ങാടി കരയിപ്പിച്ചു കളഞ്ഞല്ലോ...

ടി.ഇ അബ്ദുല്ല എന്ന കാസര്‍കോടിന്റെ ജനകീയ പ്രതിഭയെ അനുസ്മരിക്കുന്ന വേദിയില്‍ റഹ്മാന്‍ തായലങ്ങാടിയുടെ അനുസ്മരണ പ്രഭാഷണം സദസിനെയും വേദിയെയും ഒരുപോലെ അക്ഷരാര്‍ത്ഥത്തില്‍ കരയിപ്പിച്ചു കളഞ്ഞു. എന്തൊരു വാര്‍ത്തമാനമാണ് ആ വാക്കുകളില്‍ നിന്നും നിര്‍ഗളിച്ചത്. ഒന്നിന് പിറകെ ഒന്നായി ഓരോ ഓര്‍മകള്‍ അദ്ദേഹം പറയുമ്പോള്‍ ടി.ഇ.എന്ന സൗമ്യ സാന്നിധ്യത്തോടൊപ്പം നിഴല്‍ പോലെ പ്രവര്‍ത്തിച്ച യഹ്യ തളങ്കരയുടെ കണ്ണുകള്‍ നിറയുന്നതും ഒരു കൂടപ്പിറപ്പ് പോലെ ഒരു മെയ്യായി പ്രവര്‍ത്തിച്ച എ. അബ്ദുല്‍ റഹ്മാന്‍ സാഹിബ് സദസ്സിന്റെ ഏറ്റവും അവസാനം ഇരുന്ന് […]

ടി.ഇ അബ്ദുല്ല എന്ന കാസര്‍കോടിന്റെ ജനകീയ പ്രതിഭയെ അനുസ്മരിക്കുന്ന വേദിയില്‍ റഹ്മാന്‍ തായലങ്ങാടിയുടെ അനുസ്മരണ പ്രഭാഷണം സദസിനെയും വേദിയെയും ഒരുപോലെ അക്ഷരാര്‍ത്ഥത്തില്‍ കരയിപ്പിച്ചു കളഞ്ഞു. എന്തൊരു വാര്‍ത്തമാനമാണ് ആ വാക്കുകളില്‍ നിന്നും നിര്‍ഗളിച്ചത്. ഒന്നിന് പിറകെ ഒന്നായി ഓരോ ഓര്‍മകള്‍ അദ്ദേഹം പറയുമ്പോള്‍ ടി.ഇ.എന്ന സൗമ്യ സാന്നിധ്യത്തോടൊപ്പം നിഴല്‍ പോലെ പ്രവര്‍ത്തിച്ച യഹ്യ തളങ്കരയുടെ കണ്ണുകള്‍ നിറയുന്നതും ഒരു കൂടപ്പിറപ്പ് പോലെ ഒരു മെയ്യായി പ്രവര്‍ത്തിച്ച എ. അബ്ദുല്‍ റഹ്മാന്‍ സാഹിബ് സദസ്സിന്റെ ഏറ്റവും അവസാനം ഇരുന്ന് എല്ലാം സസൂക്ഷ്മം കാതോര്‍ത്ത് വിതുമ്പുന്നതും കാണാമായിരുന്നു.
അവതരണത്തിലെ കൃത്യത, അനുഭവങ്ങളുടെ അടറാത്ത ഓര്‍മകള്‍...
യഹ്യ തളങ്കര അധ്യക്ഷ പ്രസംഗം അവസാനിപ്പിച്ച് നേരെ ക്ഷണിച്ചത് റഹ്മാന്‍ച്ചയെയാണ്. ഉള്ള് പിടച്ചലോടെ മൈക്കും കയ്യില്‍ പിടിച്ച് ഉള്ളില്‍ തട്ടിയുള്ള പ്രസംഗം....
ഇങ്ങനെയൊരു വികാര നിര്‍ഭരമായ പ്രസംഗം അദ്ദേഹത്തിന്റേതായി മുന്‍പ് കേട്ടിട്ടില്ല.
വിദ്യാര്‍ത്ഥികളുടെ ഒരു പരിപാടിയില്‍ സംവദിക്കാന്‍ അദ്ദേഹത്തെ നേരില്‍ ക്ഷണിച്ചതും അന്ന് വന്ന് സംസാരിച്ചതും ഇന്നലെ പോലെ ഓര്‍ത്തു പോയി...
കാസര്‍കോട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ അടുത്തറിയുന്ന നേതാവായിരുന്നു ടി. ഇ. അബ്ദുല്ല. പിന്നീട് സ്‌കൂള്‍ ലീഡര്‍ ആയപ്പോഴും ആദ്യം അഭിനന്ദനങ്ങള്‍ ലഭിച്ചതും അവിടെന്നാണ്.
ഹയര്‍ സെക്കന്ററി ഇലക്ഷന്‍ വന്നപ്പോള്‍ യൂണിയന്‍ ചെയര്‍മാനായി തിരഞ്ഞെടുത്തപ്പോഴും എ. അബ്ദുല്‍ റഹ്മാനൊപ്പം വിദ്യാര്‍ത്ഥികളെ ചേര്‍ത്ത് നിര്‍ത്താന്‍ അദ്ദേഹവുമുണ്ടായിരുന്നു. പിന്നീട് എല്ലാ വിദ്യാര്‍ത്ഥി സംഘടനകളെയും കോര്‍ത്തിണക്കി 'വിദ്യാര്‍ത്ഥി യൂണിയന്‍'എന്ന സ്റ്റുഡന്റ് കോര്‍ഡിനേഷന്‍ കമ്മിറ്റി ഉണ്ടാക്കിയതും അദ്ദേഹവുമായി കൂടുതല്‍ ബന്ധങ്ങള്‍ നില നിര്‍ത്താന്‍ കാരണമായി.
നഗര സഭയോട് ചേര്‍ന്ന് കിടക്കുന്ന സ്‌കൂള്‍ ആയത് കൊണ്ട് തന്നെ ജി.എ.എച്ച്.എസ്.എസ് കാസര്‍കോടിന്റെയും വിദ്യാര്‍ത്ഥികളുടെയും ഒരുപാട് പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കാണിച്ചു കൊണ്ട് അദ്ദേഹത്തെ സമീപിച്ചിട്ടുണ്ട്. അവിടെ പഠിക്കുന്ന കാലത്ത് ടി. ഇ അബ്ദുല്ല മുന്‍സിപ്പല്‍ ചെയര്‍മാനും എ. അബ്ദുല്‍ റഹ്മാന്‍ വൈസ് ചെയര്‍മാനുമായിരുന്നു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായി നമ്മളില്‍ നിന്ന് അടുത്ത കാലത്ത് വിട പറഞ്ഞു പോയ കാദര്‍ ബങ്കരയും...
സ്‌കൂളില്‍ സെക്കന്റ് ലാംഗ്വേജ് പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ മരത്തണല്‍ ആശ്രയിക്കുന്ന കാലം.
പുതിയ ക്ലാസ് മുറികളും ബെഞ്ചും ഡെസ്‌ക്‌മൊക്കെ അനുവദിക്കണമെന്ന വലിയൊരു നിവേദനവുമായി വിദ്യാര്‍ത്ഥി സംഘം നഗരസഭയിലേത്തുന്നു.
നേരെ ഖാദര്‍ ബങ്കര സാഹിബിനെ കാണുകയും അവിടന്ന് എ. അബ്ദുല്‍ റഹ്മാനെയും ചെയര്‍മാനേയും കാണാന്‍ പറയുകയും നിവേദനങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യുന്നു.
പിന്നീട് ഒരാഴ്ച കഴിഞ്ഞു കാണുന്നത് ജി. എ. എച്ച്. എസ്. എസില്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ നഗരസഭ അംഗങ്ങളും ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തുന്ന മനോഹരമായ കാഴ്ച! ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം അദ്ദേഹവും സംഘവും സ്‌കൂള്‍ മൊത്തം ചുറ്റി നടന്നു കാണുന്നു. പുതിയ കെട്ടിടത്തിനായി സ്ഥലം കണ്ടെത്തുന്നു.
എല്ലാ സൗകര്യങ്ങളും വാഗ്ദാനം പറഞ്ഞു അവിടന്ന് പോകുന്നു... അന്നത്തെ വിദ്യാര്‍ത്ഥികളുടെ ഒറ്റ നിവേദന ഫലമായി നഗരസഭ ഇടപെടല്‍ കൊണ്ട് മാത്രം തലയുയര്‍ത്തി നില്‍ക്കുന്ന രണ്ട് ബില്‍ഡിങ്ങുകള്‍ അവിടെ കാണാന്‍ സാധിക്കും.
അങ്ങനെ എത്ര എത്ര ഓര്‍മകള്‍ ഓരോരുത്തര്‍ക്കും പറയാനുണ്ടാവും. ദീര്‍ഘകാലം കാസര്‍കോട് നഗരസഭയുടെ ചെയര്‍മാനായിരുന്ന ടി.ഇ.അബ്ദുല്ല സാംസ്‌കാരിക മേഖലയുടെ വളര്‍ച്ചക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വളരെ വലുതാണ്.
കാസര്‍കോട് സാഹിത്യവേദി നിര്‍വ്വാഹക സമിതി അംഗവും കവി ടി. ഉബൈദ് പഠന കേന്ദ്രം ട്രഷററുമായിരുന്ന അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പൊതു സമൂഹം പങ്കുവെക്കുന്ന സദസ്സായിരുന്നു കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് ബുധനാഴ്ച ഫെബ്രു. 8ന് വൈകിട്ട് നടന്നത്. തോരാത്ത മഴ പോലെ പെയ്തിറങ്ങിയ അനുസ്മരണ സംഗമത്തിന് നേതൃത്വം നല്‍കിയ ജില്ലാ സാഹിത്യ വേദിയെയും അതിലേക്ക് ഞാനെത്താന്‍ കാരണമായ ജില്ലാ സാഹിത്യവേദിയുടെ പ്രസിഡന്റ് പത്മനാഭന്‍ ബ്ലാത്തൂര്‍ സാറിനെയും കവി. ടി.ഉബൈദ് കലാ-സാഹിത്യ പഠന കേന്ദ്ര അണിയറ പ്രവര്‍ത്തകരെയും മുക്തകണ്ഠം അഭിനന്ദനങ്ങള്‍ അറിയിച്ച് കൊണ്ട് ഈ അനുസ്മരണ കുറിപ്പ് അവസാനിപ്പിക്കുന്നു.


-ബി.എ. ലത്തീഫ്. ആദൂര്‍

Related Articles
Next Story
Share it