ഉത്തരദേശം വാര്‍ത്ത : എസ്.വൈ.എസ്. സാന്ത്വനം പ്രവര്‍ത്തകര്‍ തുണയായി; റഫീഖ് വണ്ടിപ്പെരിയാറിലെ വീടണഞ്ഞു

കാസര്‍കോട്: ജോലി തേടി വീടുവിട്ട് നാടുകള്‍ ചുറ്റിക്കറങ്ങി ഒടുവില്‍ മനസിന്റെ താളം തെറ്റി കാഞ്ഞങ്ങാട്ടെത്തിയ റഫീഖ് ഒടുവില്‍ എസ്.വൈ.എസ്. സാന്ത്വനം പ്രവര്‍ത്തകരുടെ ഇടപെടലില്‍ വീടണഞ്ഞു. നാട്ടിലേക്ക് തിരിച്ചു പോകണമെന്നും വാപ്പയെയും ഉമ്മയെയും കാണണമെന്നുമുള്ള ആഗ്രഹം റഫീഖ് പലരോടും പങ്കുവെച്ച വിവരം സംബന്ധിച്ച റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ഉത്തരദേശം പ്രസിദ്ധീകരിച്ചിരുന്നു. ഓര്‍മ്മകള്‍ തിരിച്ചു വരുന്ന സമയത്താണ് വീടിനെയും വീട്ടുകാരെയും കുറിച്ച് റഫീഖിന് ചിന്ത വരുന്നത്. കാഞ്ഞങ്ങാട് നഗരത്തില്‍ മാസങ്ങളായി കഴിച്ചുകൂട്ടുന്ന റഫീക്ക് താന്‍ ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശിയാണെന്ന് പറയാറുണ്ടായിരുന്നു. […]

കാസര്‍കോട്: ജോലി തേടി വീടുവിട്ട് നാടുകള്‍ ചുറ്റിക്കറങ്ങി ഒടുവില്‍ മനസിന്റെ താളം തെറ്റി കാഞ്ഞങ്ങാട്ടെത്തിയ റഫീഖ് ഒടുവില്‍ എസ്.വൈ.എസ്. സാന്ത്വനം പ്രവര്‍ത്തകരുടെ ഇടപെടലില്‍ വീടണഞ്ഞു.
നാട്ടിലേക്ക് തിരിച്ചു പോകണമെന്നും വാപ്പയെയും ഉമ്മയെയും കാണണമെന്നുമുള്ള ആഗ്രഹം റഫീഖ് പലരോടും പങ്കുവെച്ച വിവരം സംബന്ധിച്ച റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ഉത്തരദേശം പ്രസിദ്ധീകരിച്ചിരുന്നു. ഓര്‍മ്മകള്‍ തിരിച്ചു വരുന്ന സമയത്താണ് വീടിനെയും വീട്ടുകാരെയും കുറിച്ച് റഫീഖിന് ചിന്ത വരുന്നത്. കാഞ്ഞങ്ങാട് നഗരത്തില്‍ മാസങ്ങളായി കഴിച്ചുകൂട്ടുന്ന റഫീക്ക് താന്‍ ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശിയാണെന്ന് പറയാറുണ്ടായിരുന്നു. പല ജില്ലകളും കറങ്ങിയാണ് ഒടുവില്‍ കാഞ്ഞങ്ങാട്ടെത്തിയത്. ഭക്ഷണം പോലും ലഭിക്കാതെ അലഞ്ഞുതിരിഞ്ഞ റഫീഖിനെ അഗ്‌നിശമനസേനയുടെ കീഴിലുള്ള സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ ശ്രദ്ധിക്കുകയും ഭക്ഷണപ്പൊതി നല്‍കുകയുമായിരുന്നു. സമനിലതെറ്റിയ രീതിയിലാണ് അധികം സംസാരിക്കുന്നതെങ്കിലും ചില സമയങ്ങളില്‍ ഓര്‍മ്മ വീണ്ടെടുത്ത് എല്ലാം തുറന്നു പറയുമായിരുന്നു. വണ്ടിപ്പെരിയാര്‍ കറുപ്പാലം ഇഞ്ചിക്കാട് പുതുമനയിലെ യുസഫിന്റെയും ഫാത്തിമയുടെയും മകനായ റഫീഖിനെ കുറിച്ചുള്ള സ്റ്റോറി ഉത്തരദേശത്തിലൂടെ വായിച്ചറിഞ്ഞ എസ്.വൈ.എസ്. സാന്ത്വനം പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വീട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം എസ്.വൈ.എസ്. ജില്ലാ സാന്ത്വനം സെക്രട്ടറി അഹ്‌മദ് മുസ്ലിയാര്‍ കുണിയ ഇതിന് നേതൃത്വം നല്‍കി. നെല്ലിക്കട്ട യൂണിറ്റ് സാന്ത്വനം പ്രവര്‍ത്തകര്‍ റഫീഖിനെ നാട്ടില്‍ എത്തിക്കാനായി മുന്നിട്ടിറങ്ങുകയും ചെയ്തു. തീവണ്ടി മാര്‍ഗം കോട്ടയത്ത് എത്തിച്ച് അവിടെ നിന്നാണ് വീട്ടില്‍ എത്തിച്ചത്. ഉപ്പ അസുഖം മൂലം കിടപ്പിലാണ്. ഒരു ഭാഗം തളര്‍ന്ന് ഉമ്മയും കിടപ്പിലാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം മകനെ തിരിച്ചു കിട്ടിയ ആശ്വാസത്തിലും ആനന്ദത്തിലുമാണ് കുടുംബം ഇപ്പോള്‍.

Related Articles
Next Story
Share it