അരുത്…സഹജീവികളാണ്…<br>വേണം, ഇത്തിരി കരുണ…

ഹൃദയഭേദകമായ ഒരു കാഴ്ച്ച കണ്ടുള്ള കണ്ണീര്‍ ഓര്‍മ്മകളിലാണ് പ്രകൃതി സ്‌നേഹികള്‍. മലപ്പുറം വിക്കെപടി അങ്ങാടിയില്‍ ദേശീയ പാത നവീകരണാര്‍ത്ഥം തണല്‍ മരം വീഴ്ത്തിയപ്പോള്‍ പ്രാണ രക്ഷാര്‍ത്ഥം പറന്നകന്നതും വൃക്ഷം നിലംപതിച്ചപ്പോള്‍ ചത്തൊടുങ്ങിയതും നിരവധി പറവകളും കുഞ്ഞുങ്ങളുമാണ്. അധികൃതരില്‍ ചിലര്‍ക്കെങ്കിലും ഇത്തിരി ദയയും കരുണയും ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യില്ലായിരുന്നു. മരം വീഴ്ത്തുന്ന രംഗമുള്ള വീഡിയോ കണ്ടവര്‍ക്ക് ആര്‍ക്കും വേദനയോടെയല്ലാതെ അത് മുഴുമുപ്പിക്കാനാകില്ല. നിരവധി പക്ഷിക്കൂടുകള്‍ നിറഞ്ഞ വന്മരത്തെ മുറിച്ച് കളയുമ്പോള്‍ കുഞ്ഞുങ്ങളും തള്ളപ്പക്ഷികളുമടക്കം പിടഞ്ഞു വീഴുന്ന ഉള്ളുലക്കുന്ന നിര്‍ദാക്ഷിണ്യമില്ലാത്ത […]

ഹൃദയഭേദകമായ ഒരു കാഴ്ച്ച കണ്ടുള്ള കണ്ണീര്‍ ഓര്‍മ്മകളിലാണ് പ്രകൃതി സ്‌നേഹികള്‍. മലപ്പുറം വിക്കെപടി അങ്ങാടിയില്‍ ദേശീയ പാത നവീകരണാര്‍ത്ഥം തണല്‍ മരം വീഴ്ത്തിയപ്പോള്‍ പ്രാണ രക്ഷാര്‍ത്ഥം പറന്നകന്നതും വൃക്ഷം നിലംപതിച്ചപ്പോള്‍ ചത്തൊടുങ്ങിയതും നിരവധി പറവകളും കുഞ്ഞുങ്ങളുമാണ്. അധികൃതരില്‍ ചിലര്‍ക്കെങ്കിലും ഇത്തിരി ദയയും കരുണയും ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യില്ലായിരുന്നു. മരം വീഴ്ത്തുന്ന രംഗമുള്ള വീഡിയോ കണ്ടവര്‍ക്ക് ആര്‍ക്കും വേദനയോടെയല്ലാതെ അത് മുഴുമുപ്പിക്കാനാകില്ല. നിരവധി പക്ഷിക്കൂടുകള്‍ നിറഞ്ഞ വന്മരത്തെ മുറിച്ച് കളയുമ്പോള്‍ കുഞ്ഞുങ്ങളും തള്ളപ്പക്ഷികളുമടക്കം പിടഞ്ഞു വീഴുന്ന ഉള്ളുലക്കുന്ന നിര്‍ദാക്ഷിണ്യമില്ലാത്ത ഈ പ്രവൃത്തി ഉത്തരവാദപ്പെട്ടവരില്‍ നിന്ന് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു.
റോഡായാലും നാടായാലും വികസനം അനിവാര്യതയാണ്. ദേശീയ പാത വികസനത്തിന് ആരും എതിരല്ല പക്ഷെ, ഈ കുരുവിക്കൂട്ടങ്ങളോട് കാണിച്ച ക്രൂരത മാപ്പര്‍ഹിക്കുന്നതാണോ ? പുതിയ സങ്കേതങ്ങള്‍ തേടി പറന്നകലാന്‍ ഇത്തിരി സാവകാശം നല്‍കിയിരുന്നുവെങ്കില്‍ എത്ര സുന്ദരമായിരുന്നു. മുട്ട വിരിഞ്ഞ ശേഷം പക്ഷിക്കുഞ്ഞുങ്ങള്‍ക്ക് പറക്കാന്‍ ആയതിന് ശേഷം മാത്രമെ മരം മുറിക്കാന്‍ പാടുള്ളൂ എന്ന വനം വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം കരാറുകാരന്‍ പാലിച്ചിരുന്നുവെങ്കില്‍ മിണ്ടാപ്രാണികള്‍ക്ക് ഈ ദുര്‍വിധി ഉണ്ടാകുമായിരുന്നില്ല. മനുഷ്യ മനസ്സുകളില്‍ സ്‌നേഹവും കാരുണ്യവും ഇത്തിരിയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ നമ്മള്‍ ജീവിക്കുന്ന ഈ ഭൂമിയില്‍ ജീവിക്കാനുള്ള അവകാശം നമ്മുടെ സഹജീവികള്‍ക്കും പതിച്ചു നല്‍കേണ്ടതില്ലേ.
അസഹ്യമായ ചൂടുകാലത്ത് വെള്ളം ലഭിക്കാതെ പ്രയാസപ്പെടുന്ന പക്ഷി മൃഗാദികളോട് നാം കാണിക്കുന്ന സ്‌നേഹവും ലാളനയും അനേകം തണ്ണീര്‍ കുടങ്ങള്‍ ഒരുക്കി കൊണ്ടാണ്. നയനങ്ങള്‍ക്ക് കുളിര്‍മ്മ പകരുന്ന ഈ ഉദാത്തമായ നന്മ സഹജീവികളോടുള്ള നമ്മുടെ കാരുണ്യ മനസ്സാണ്. അത്തരത്തില്‍ നമ്മുടെ ജീവിതത്തോട് ചേര്‍ത്ത് നിര്‍ത്തുന്നവകളെ നിഷ്‌ക്കരുണം ഇല്ലാതാക്കാന്‍ തക്ക ഹൃദയ ശൂന്യരാണോ നാം. ഒരു പക്ഷി മുട്ടയിട്ടത് കണ്ടപ്പോള്‍ അതിന്റെ കുഞ്ഞുങ്ങള്‍ വിരിഞ്ഞു പറക്കാന്‍ ആകുന്നത് വരെ ബില്‍ഡിംഗ് കണ്‍സ്രക്ഷന്‍ വര്‍ക്ക് നീട്ടിവെച്ച ദുബായ് കിരീടവകാശി ശൈഖ് ഹംദാന്റെ കരുണയാര്‍ന്ന വിശാല മനസ്സ് നാം കാണുകയും ആവേശപൂര്‍വ്വം അത് ഏറ്റെടുക്കുകയും ചെയ്തത് നമ്മുടെ സാമൂഹ്യ പരിസരങ്ങളിലെ ഒഴിച്ചു കൂടാനാവാത്ത സഹജീവിയായത് കൊണ്ടാണ്. തീര്‍ച്ചയായും അവരും ഭൂമിയിലെ അവകാശികളാണ്. അവരുടെ സങ്കേതങ്ങള്‍ പ്രകൃതിയുടെ വരദാനമാണ്. അതിനെ തല്ലിക്കെടുത്തുന്നത് പ്രകൃതിയെ മുച്ചൂടും നശിപ്പിക്കുന്നതിന് തുല്യമാണ്. നമ്മുടെ ജില്ലയിലെ ദേശീയ പാത വികസനവുമായി ബന്ധപ്പെട്ടുളള പ്രവര്‍ത്തനങ്ങള്‍ നടക്കവെ മണ്ണിനടിയില്‍ ഇരുപത്തഞ്ചോളം പെരുമ്പാമ്പിന്‍ മുട്ടകള്‍ ഉണ്ടായിരുന്ന കാര്യം ഇവിടെ കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റിയുടെ ശ്രദ്ധയില്‍പ്പെടുകയും അത് വിരിഞ്ഞ് പുറത്തു വരുന്നതുവരെ അതുള്‍ക്കൊള്ളുന്ന പ്രദേശത്തെ ജോലി നിര്‍ത്തി വെക്കുകയും ചെയ്ത സംഭവം പത്ര മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും എല്ലാവരാലും പ്രശംസിക്കപ്പെട്ടതുമാണ്. സഹ ജീവികളോട് കാരുണ്യ മുള്ള ഹൃദയങ്ങളില്‍ അതിനെ അനുകമ്പയോടെ സമീപിക്കാനാകും എന്ന് നമുക്ക് ഈ സംഭവം ചൂണ്ടിക്കാട്ടി തരുകയാണ്. ജീവികളോട് കരുണ കാണിക്കുന്നത് സ്വര്‍ഗ്ഗ പ്രവേശനത്തിന് കാരണമാകുന്ന പ്രവാചകന്‍ മുഹമ്മദ് നബി (സ്വ)തങ്ങളുടെ പ്രഖ്യാപനം പക്ഷി മൃഗാധികളോട് കാരുണ്യത്തോടെ വര്‍ത്തിക്കണമെന്ന നല്ല സന്ദേശമാണ് നല്‍കുന്നത്.
എല്ലാ മതങ്ങളും സഹജീവികളോട് സ്‌നേഹവും ബഹുമാനവും കരുണയുമാണ് ഉദ്‌ഘോഷിക്കുന്നത്.
പ്രകൃതിയോടൊപ്പമുള്ള നല്ല മനസ്സുകള്‍ പാകപ്പെടുത്തി ഇണങ്ങിയും സഹവസിച്ചും ഉല്ലസിച്ചും ഗ്രാമ കാഴ്ച്ചകളുടെ തനത് ഭംഗി ആസ്വദിച്ചും ഗ്രാമങ്ങളിലെ അന്തേവാസികളായ സഹജീവികളോട് സ്‌നേഹവും കാരുണ്യവും അനുകമ്പയും ഉള്ളവരായി ജീവിതത്തെ ഏറ്റവും മനോഹരമായ ദിശയിലൂടെ മുന്നോട്ട് നയിക്കാന്‍ നമുക്ക് കഴിയട്ടെ.

-റഫീഖ് സൈനി അഡൂര്‍

Related Articles
Next Story
Share it