ഖത്തര്‍ ലോകകപ്പ് 22 വികാരവും വീക്ഷണവും

കാല്‍പ്പന്ത് കളിയെ ജനം വീക്ഷിക്കുന്നത് ഏത് കോണിലൂടെയാണ് എന്ന് നിരീക്ഷിക്കുക പ്രയാസം. കലാനിരൂപകന്റെ, രാജ്യസ്‌നേഹിയുടെ, ശത്രുനാശം ആഗ്രഹിക്കുന്ന പോരാളിയുടെ, സൗന്ദര്യാരാധകന്റെ ആത്മാഭിമാനത്തില്‍ താങ്ങുകള്‍ തേടുന്നവന്റെ... വീക്ഷണകോണുകള്‍ എല്ലാം വ്യത്യസ്തം. വെറുതെയല്ല, നാലുവര്‍ഷത്തിലൊരിക്കല്‍ മാത്രം വരുന്ന ഫുട്‌ബോള്‍ ലോകകപ്പ് ഭൂലോകം മുഴുവന്‍ ശ്രദ്ധാകേന്ദ്രമാകുന്നത്. സര്‍ക്കാര്‍ മന്ത്രാലയങ്ങളും വാണിജ്യ വ്യാപാര സ്ഥാപനങ്ങളും വരെ നിശ്ചലമാക്കുന്ന ലോകകപ്പ് യുക്തിസഹമായി ജീവിതം നയിച്ചു വരുന്ന ജനകോടികളെ ഫുട്‌ബോളിന്റെ ദിവ്യ ഭ്രാന്ത് തലയില്‍ പിടിച്ചവരാക്കി മാറ്റുന്നു.ബംഗ്ലാദേശിന്റെ കാര്യം നോക്കുക. ഇത് വരെ ലോകകപ്പ് ഫൈനല്‍ […]

കാല്‍പ്പന്ത് കളിയെ ജനം വീക്ഷിക്കുന്നത് ഏത് കോണിലൂടെയാണ് എന്ന് നിരീക്ഷിക്കുക പ്രയാസം. കലാനിരൂപകന്റെ, രാജ്യസ്‌നേഹിയുടെ, ശത്രുനാശം ആഗ്രഹിക്കുന്ന പോരാളിയുടെ, സൗന്ദര്യാരാധകന്റെ ആത്മാഭിമാനത്തില്‍ താങ്ങുകള്‍ തേടുന്നവന്റെ... വീക്ഷണകോണുകള്‍ എല്ലാം വ്യത്യസ്തം. വെറുതെയല്ല, നാലുവര്‍ഷത്തിലൊരിക്കല്‍ മാത്രം വരുന്ന ഫുട്‌ബോള്‍ ലോകകപ്പ് ഭൂലോകം മുഴുവന്‍ ശ്രദ്ധാകേന്ദ്രമാകുന്നത്. സര്‍ക്കാര്‍ മന്ത്രാലയങ്ങളും വാണിജ്യ വ്യാപാര സ്ഥാപനങ്ങളും വരെ നിശ്ചലമാക്കുന്ന ലോകകപ്പ് യുക്തിസഹമായി ജീവിതം നയിച്ചു വരുന്ന ജനകോടികളെ ഫുട്‌ബോളിന്റെ ദിവ്യ ഭ്രാന്ത് തലയില്‍ പിടിച്ചവരാക്കി മാറ്റുന്നു.
ബംഗ്ലാദേശിന്റെ കാര്യം നോക്കുക. ഇത് വരെ ലോകകപ്പ് ഫൈനല്‍ റൗണ്ടിന്റെ അയല്‍വക്കത്ത് പോലും എത്തിയിട്ടില്ല. എങ്കില്‍ 1990ലെ ഇറ്റലി ലോകകപ്പില്‍ തന്റെ ഇഷ്ട ടീമായ കാമറൂണ്‍ ഇറ്റലിയോട് തോറ്റ് പുറത്തായപ്പോള്‍ ഫുട്‌ബോള്‍ കളി തലക്ക് പിടിച്ച ഒരു ബംഗ്ലാദേശ് വനിത ആത്മഹത്യ ചെയ്തു. ആത്മഹത്യാക്കുറിപ്പില്‍ 30കാരിയായ ചിറ്റഗോണ്ട്കാരി എന്ന വനിത ഇങ്ങനെ എഴുതി; ലോകക്കപ്പില്‍ നിന്ന് കാമറൂണ്‍ പുറത്തായത് കൊണ്ട് ഞാന്‍ ഈ ലോകം വിടുകയാണ് എന്ന്. ഈ വര്‍ഷം ലോകകപ്പ് കാണാനായി അര്‍ദ്ധവര്‍ഷ പരീക്ഷകള്‍ നീട്ടി വെക്കാനാവശ്യപ്പെട്ട് ബംഗ്ലാദേശില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം നടന്നിരുന്
തൊണ്ണൂറ്റി രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോപ്പ അമേരിക്കന്‍ രാജ്യമായ ഉറുഗ്വോയില്‍ തുടക്കം കുറിച്ച ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ രണ്ടാം തവണ മാത്രം എഷ്യാ ഭൂഖണ്ഢത്തില്‍ അരങ്ങേറ്റം കുറിക്കുമ്പോഴേക്കും ഒട്ടേറെ പ്രത്യേകതകള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു. 1958ലെ ലോകകപ്പ് അവിസ്മരണീയ ദൃശ്യാനുഭവമാക്കിയ ലോകഫുട്‌ബോള്‍ രാജാവ് സാക്ഷാല്‍ പെലെയുടെ പതിനേഴാം വയസ്സിലെ അരങ്ങേറ്റം. 1970ല്‍ മെക്‌സിക്കോ ലോകകപ്പില്‍ ലോകത്തില്‍ ഇത് വരെ ഉണ്ടായിട്ടുള്ള ഏറ്റവും ഉഗ്രന്‍ സേവ് കാഴ്ചവെച്ച ഇംഗ്ലണ്ട് ഗോള്‍ കീപ്പര്‍ ഗോള്‍ഡന്‍ ബാങ്ക്‌സ്. പിന്നെ 1986ല്‍ മഞ്ഞ്മല അതിവേഗമിറങ്ങി വരുന്ന ഒരു സ്‌കീവിങ്ങ് താരത്തേപ്പോലെ ഇംഗ്ലീഷ് പ്രതിരോധനിരയെ ജീവനുള്ള പ്രതിമകളാക്കി കൊണ്ട് ഗോളിഷില്‍ട്ടന്റെ വലയിട്ട് കുലുക്കിയ ഡിഗോ മറഡോണ... അങ്ങനെ എത്രയെത്ര പേര്‍.
1930ലെ ആദ്യ ലോകകപ്പില്‍ അയല്‍രാജ്യമായ ഉറുഗ്വേയിലേക്ക് ഇരച്ചു കയറിയ അര്‍ജന്റീനയിലെ കാണികളെ ദേഹ പരിശോധനക്ക് ശേഷം മാത്രമാണ് പൊലീസ് കടത്തിവിട്ടത്. ഉറുഗ്വോ ലോകകപ്പ് നേടിയപ്പോള്‍ അന്ന് ദേശീയദിനമായി പ്രഖ്യാപിക്കപ്പെട്ടു. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേര്‍ണില്‍ ഉറുഗ്വേന്‍ എംബസിയുടെ നേര്‍ക്ക് പൊരിഞ്ഞ കല്ലേറുണ്ടായി.
1934ല്‍ ഇറ്റലിയില്‍ അരങ്ങേറിയ രണ്ടാം ലോകകപ്പില്‍ ഇറ്റലിയിലെ അന്നത്തെ ഭരണാധികാരിയായിരുന്ന മുസ്സോളിനി ചക്രവര്‍ത്തി ലോകകപ്പ് മത്സരങ്ങള്‍ തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുള്ള ഉപകരണമാക്കി. 1938ലെ ഫ്രാന്‍സ് ലോകകപ്പില്‍ നിന്നും രാഷ്ട്രീയ കാരണങ്ങളാല്‍ ഓസ്ട്രിയ പിന്മാറി. ഇതോടെ രണ്ടാം ലോകമഹായുദ്ധത്തിന്റെ ലക്ഷണങ്ങള്‍ കളിക്കളത്തിലും വ്യക്തമായി. ഇറ്റാലിയന്‍ കളിക്കാര്‍ ഫാസിസ്റ്റ് സല്യൂട്ടാണ് കളിക്കളത്തില്‍ നടത്തിയത്. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന് ശേഷം 1950 ലാണ് ലോകകപ്പ് പുനരാരംഭിച്ചത്. 1954ല്‍ ഹംഗറി ഫൈനല്‍ കളിച്ചു. പക്ഷെ 1958 ആകുമ്പോഴേക്കും അവര്‍ കളിക്കളത്തില്‍ അപ്രസക്തരായി. രണ്ട് വര്‍ഷം മുമ്പ് സോവിയറ്റ് യൂണിയന്‍ ഹംഗറിയിലെ സോവിയറ്റ് വിരുദ്ധ കലാപ ടാങ്കുകള്‍ ഉപയോഗിച്ചു.
1970ലാണ് ഹോണ്ടുറാസും-എല്‍സാല്‍വഡോറും തമ്മില്‍ ഫുട്‌ബോള്‍ യുദ്ധം അരങ്ങേറിയത്. നീണ്ടകാലത്തെ സാമ്പത്തിക അതിര്‍ത്തി തര്‍ക്കങ്ങളുടെ ചരിത്രമുള്ള ഈ രാജ്യങ്ങള്‍ തമ്മില്‍ കളിച്ച ഒരു മത്സരം യുദ്ധത്തിന് കാരണമായി. രണ്ടാഴ്ച നീണ്ടു നിന്ന യുദ്ധം 3000ല്‍പ്പരം ആളുകളുടെ ജീവനൊടുക്കി. 1973ല്‍ യോഗ്യത മത്സരം ചിലിയില്‍ കളിക്കാന്‍ സോവിയറ്റ് യൂണിയന്‍ വിസമ്മതിച്ചു. അലന്‍ഡേയുടെ ഇടത്പക്ഷ സര്‍ക്കാറിനെ രക്തപങ്കിലമായ ഒരു അട്ടിമറിയില്‍ പുറത്താക്കിയ ഒരു വലതുപക്ഷ സര്‍ക്കാറായിരുന്നു അന്ന് ചിലിയില്‍ എന്നതായിരുന്നു കാരണം. ഫിഫ വഴങ്ങിയില്ല. ചിലി കളിക്കാതെ അടുത്ത റൗണ്ടിലെത്തി.
കളി ഏറ്റവും വൈകാരികമാവുന്നത് എവിടെയാണ്? ബ്രസീലില്‍ തന്നെ, സംശയമില്ല. 1950ല്‍ ബ്രസീലിലെ പ്രസിദ്ധമായ മരക്കാന സ്റ്റേഡിയത്തില്‍ ബ്രസീല്‍ ഉറുഗ്വോയെ ലോകകപ്പ് ഫൈനലില്‍ നേരിട്ടു. സാക്ഷികളായി രണ്ട് ലക്ഷം കാണികളും. മത്സരം ആരംഭിക്കുന്നതിന് മുമ്പ് റിയോഡി ജനീറ ഗവര്‍ണര്‍ ടീമിനോട് പറഞ്ഞു. ബ്രസീലിലെ എട്ടുകോടി ജനങ്ങള്‍ക്ക് വിജയമാണാവശ്യം-പക്ഷെ ഉറുഗ്വോ 2-1ല്‍ വിജയിച്ചു. അനേകം കാണികള്‍ ബോധശൂന്യരായി. ബ്രസീലിലെ സൗന്ദര്യ നഗരമായ മോണ്ട് വീഡിയോയില്‍ മാത്രം 18 പേര്‍ക്ക് ഹൃദയാഘാതമുണ്ടായി.
1938ല്‍ ബ്രസീലും പോളണ്ടുമായി നടന്ന മത്സരത്തില്‍ പ്രശസ്ത ബ്രസീല്‍ സ്‌ട്രൈക്കര്‍ ലിയോണി ദാസ് നഗ്നപാദനായി കളിക്കണമെന്നവശ്യപ്പെട്ടു. റഫറി അനുവദിച്ചില്ല. തലേനാള്‍ മഴ പെയ്തത് മൂലം ചെളികെട്ടിയ സ്റ്റേഡിയത്തില്‍ ഉജ്ജ്വല പ്രകടനം കാഴ്ച വെച്ച ലിയോണിന്റെ മികവില്‍ കാനറികള്‍ 6-5ന് ജയിച്ചു. 1950ലാണ് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച ആ മത്സരം നടന്നത്. ബ്രസീലിലെ വ്യവസായ നഗരമായ ബൈലോഹോറസോണ്ടലില്‍ കാല്‍പന്ത് കളിയുടെ ജന്മഭൂമിയായ ഇംഗ്ലണ്ടും-അമേരിക്കയും തമ്മിലായിരുന്നു മത്സരം. അമേരിക്ക എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചു. ഫുട്‌ബോളില്‍ അത്രയൊന്നും പ്രഗത്ഭരല്ലാത്ത അമേരിക്കയുടെ വിജയം പത്രത്തിലെ അച്ചടി തെറ്റാണെന്നേ ആദ്യം ലോകം കരുതിയുള്ളു. ലോക ജനസംഖ്യയുടെ നാല്‍പത്തഞ്ച് ശതമാനവും അധിവസിക്കുന്ന ഏഷ്യാ ഭൂഖണ്ഡത്തില്‍ ഫുട്‌ബോള്‍ ലോകകപ്പ് അരങ്ങേറുന്നത് ഇത് രണ്ടാം പ്രാവശ്യമാണ്. മിക്ക ഗള്‍ഫ് രാജ്യങ്ങളിലും മുഖ്യപ്രചാരവും ഈ കളിയോട് തന്നെയാണ്. കളിയുടെ ഭൂലോക ഉത്സവമാണ് ഫുട്‌ബോള്‍ ലോകകപ്പ്. നവംബര്‍ 20ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഖത്തര്‍ ലോകകപ്പില്‍ വരും തലമുറകള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ മാത്രം ഉജ്ജ്വലവും മഹത്വവും വിചിത്രവുമായ എന്തൊക്കെ പുതിയ കഥകളാണ് ഓര്‍മ്മയില്‍ ഇടംപിടിക്കുക.
സംഭവബഹുലമായ ഉദ്ഘാടന പരിപാടി മുതല്‍ സമാപനം വരെയുള്ള ഒരു മാസത്തെ മത്സരങ്ങള്‍ തീര്‍ച്ചയായും നമുക്ക് കാത്തിരുന്നു കാണാം.


-അബു കാസര്‍കോട്‌

Related Articles
Next Story
Share it