ഖത്തര്‍ പഴയ ഖത്തറല്ല!

ഖത്തര്‍ പഴയ ഖത്തറല്ല, ഉടലും ഉയിരും തന്നെ ആകെപ്പാടെ മാറിയിരിക്കുന്നു. നീണ്ട പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എനിക്ക് ഖത്തറിലേക്ക് യാത്ര ചെയ്യാനുള്ള മൂന്നാമത്തെ അവസരം ഒത്തുവന്നത്. അതും ലോകകപ്പ് ഫുട്‌ബോള്‍ മത്സരം നേരിട്ട് കാണാന്‍. നേരത്തെ 2002ലും 2011ലും ഞാന്‍ കണ്ട ഖത്തറല്ല ഇന്നത്തേത്. അന്നാണങ്കില്‍ ഖത്തറിന്റെ പ്രൗഢി അടയാളമായി ഉണ്ടായിരുന്നത് ഒരു ബഹുനില പോസ്റ്റ് ഓഫീസും (അക്കാലത്ത് പോസ്റ്റ് ഓഫീസില്‍ കയറിയിറങ്ങാത്ത ഒരു പ്രവാസിയും ഉണ്ടാവില്ല) ഷെറാട്ടന്‍ ഹോട്ടലും എല്ലാവരും ഫോട്ടോക്ക് ഫോസ് ചെയ്തിരുന്ന ഒരു […]

ഖത്തര്‍ പഴയ ഖത്തറല്ല, ഉടലും ഉയിരും തന്നെ ആകെപ്പാടെ മാറിയിരിക്കുന്നു. നീണ്ട പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എനിക്ക് ഖത്തറിലേക്ക് യാത്ര ചെയ്യാനുള്ള മൂന്നാമത്തെ അവസരം ഒത്തുവന്നത്. അതും ലോകകപ്പ് ഫുട്‌ബോള്‍ മത്സരം നേരിട്ട് കാണാന്‍. നേരത്തെ 2002ലും 2011ലും ഞാന്‍ കണ്ട ഖത്തറല്ല ഇന്നത്തേത്. അന്നാണങ്കില്‍ ഖത്തറിന്റെ പ്രൗഢി അടയാളമായി ഉണ്ടായിരുന്നത് ഒരു ബഹുനില പോസ്റ്റ് ഓഫീസും (അക്കാലത്ത് പോസ്റ്റ് ഓഫീസില്‍ കയറിയിറങ്ങാത്ത ഒരു പ്രവാസിയും ഉണ്ടാവില്ല) ഷെറാട്ടന്‍ ഹോട്ടലും എല്ലാവരും ഫോട്ടോക്ക് ഫോസ് ചെയ്തിരുന്ന ഒരു ഫൗണ്ടനും മാത്രം. ഇന്നത്തെ ഖത്തര്‍ ലോകോത്തര രാഷ്ട്രങ്ങളോട് കിടപിടിക്കുന്നതരത്തില്‍ മനോഹരമായിരിക്കുകയാണ്. അത്രമാത്രം മാറ്റങ്ങള്‍ അവിടെ കാണാം.
പണ്ട് തളങ്കര ജദീദ് റോഡിലെ കൊച്ചു മൈതാനികളിലും ബാങ്കോട്ടെ സാമി കണ്ടത്തിലും ഫുട്‌ബോള്‍ കളിച്ചുവളര്‍ന്ന കളിക്കൂട്ടുകാരായ ഞങ്ങളുടെ വലിയ ജീവിതാഭിലാഷങ്ങളിലൊന്നായിരുന്നു ഒരുതവണയെങ്കിലും ലോകകപ്പ് ഫുട്‌ബോളിന് സാക്ഷ്യം വഹിക്കണമെന്നത്. ഖത്തറിലേക്ക് ലോകകപ്പ് ഫുട്‌ബോള്‍ മത്സരം വിരുന്നെത്തുന്നുണ്ട് എന്നറിഞ്ഞ നാള്‍ മുതല്‍ ആ സൗഭാഗ്യത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു.
ലോകം തന്നെ ഒഴുകിയെത്തുന്ന ഫുട്‌ബോളിന്റെ മഹാമേള. അതിലൊരു പൊട്ടായി അലിഞ്ഞുചേരാന്‍ ഇങ്ങ് കാസര്‍കോട്ട് നിന്ന് ചെല്ലാന്‍ പറ്റുമെന്ന പ്രതീക്ഷ വലുതായൊന്നും ഉണ്ടായിരുന്നില്ലെങ്കിലും മനം നിറയെ കൊതിച്ചുപോയിരുന്നു. മൂന്ന് മാസം മുമ്പ് ഖത്തറില്‍ നിന്ന് ആത്മസുഹൃത്ത് ലുക്മാനാണ് വിളിച്ചുപറഞ്ഞത്, ടിക്കറ്റിന് ശ്രമിക്കുന്നുണ്ടെന്നും ലോകകപ്പ് ഫുട്‌ബോളിന് നമുക്ക് ഖത്തറില്‍ ഒത്തുകൂടാമെന്നും. പിന്നീട് ഹയാ കാര്‍ഡിന് വേണ്ടി അപേക്ഷ നല്‍കിയുള്ള കാത്തിരിപ്പായി. ഞങ്ങള്‍ ആറുപേരുടെ അപേക്ഷ സ്വീകരിക്കപ്പെട്ടതോടെ സന്തോഷം ഫുട്‌ബോള്‍ പന്ത് പോലെ ആകാശത്തേക്ക് പറന്നു. എനിക്ക് പുറമെ കൂട്ടുകാരായ സമീര്‍ ചെങ്കളവും ഇബ്രാഹിം ബാങ്കോടും നാസര്‍ പട്ടേലും സിദ്ദീഖ് പട്ടേലും ഇക്ബാല്‍ കൊട്ടിയാടിയും യാത്രക്ക് തയ്യാറായി നിന്നു. സമീര്‍ ദുബായില്‍ നിന്നും സിദ്ദീഖ് കുവൈത്തില്‍ നിന്നുമാണ് വരേണ്ടത്. ഹയാ കാര്‍ഡ് അനുവദിച്ചുകിട്ടുക എന്നത് തന്നെയാണ് ലോക ഫുട്‌ബോള്‍ കാണാനുള്ള ഒരേയൊരു വഴി. കഠിനമായ കടമ്പകള്‍ കടന്നുവേണം അത് ലഭിക്കാനെന്ന ലുക്മാന്റെ മുന്നറിയിപ്പ് ഞങ്ങളില്‍ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാല്‍ അനുവദിച്ചുകിട്ടിയതോടെ വലിയ സന്തോഷത്തിലായി. വിമാനടിക്കറ്റും വലിയ ഭാരമില്ലാതെ തന്നെ തരപ്പെടുകയും ചെയ്തു.
യാത്രയുടെ തുടക്കം തന്നെ പൊലിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. കൊച്ചിയില്‍ റേഡിയോ മാംഗോയ്ക്ക് വേണ്ടി ഒരു അഭിമുഖം കൊച്ചിയിലുള്ള സുഹൃത്ത് അസ്ലം തരപ്പെടുത്തിയിരുന്നു. കുട്ടിക്കാലത്തെ കളിക്കൂട്ടുകാര്‍ ഒരു സ്വപ്‌നയാഥാര്‍ത്ഥ്യം പോലെ ഒന്നിച്ച് ലോകകപ്പ് ഫുട്‌ബോള്‍ കാണാന്‍ പുറപ്പെടുന്നത് റേഡിയോ മാംഗോ വലിയൊരു വാര്‍ത്തയാക്കികളയുക തന്നെ ചെയ്തു. ആര്‍.ജെ വീരുവും അന്‍സിലയും ചേര്‍ന്ന് കുട്ടിക്കാലം മുതല്‍ക്കുള്ള ഞങ്ങളുടെ ഓര്‍മ്മ മധുരത്തെ ഊറ്റിയെടുക്കുകയായിരുന്നു.
ഖത്തറില്‍ രണ്ട് വിമാനത്താവളങ്ങളുണ്ട്. ദോഹ വിമാനത്താവളത്തിലാണ് ഞങ്ങള്‍ ഇറങ്ങിയത്. ഇതൊരു പഴയ വിമാനത്താവളമാണ്. എന്നാല്‍ അഞ്ച് വര്‍ഷം മുമ്പ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി അവസാനിപ്പിച്ച് ഇവിടെ ഖത്തര്‍ ബല്‍ദിയ (മുനിസിപ്പാലിറ്റി)യുടെ ഓഫീസ് തുറന്നിരുന്നു. എന്നാല്‍ ലോകകകപ്പ് ഫുട്‌ബോള്‍ മാമാങ്കം കാണാനായി ലോകത്തിന്റെ നാനാ ദിക്കുകളില്‍ നിന്ന് ഒഴുകിയെത്തുന്ന ഫുട്‌ബോള്‍ പ്രേമികളെ വരവേല്‍ക്കാന്‍ ഖലീഫ ഇന്റര്‍നാഷണല്‍ വിമാനത്താവളം തികയാതെ വരുമെന്ന നിശ്ചയം കാരണം ഖത്തര്‍ ഭരണകൂടം ബല്‍ദിയ ഓഫീസിനെ വീണ്ടും വിമാനത്താവളമായി ക്രമീകരിക്കുകയായിരുന്നു. മൊബൈല്‍ ഫോണില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത ഹയാ കാര്‍ഡ് കഴുത്തില്‍ തൂക്കിയിട്ടിരുന്നതിനാല്‍ വി.ഐ.പി പരിഗണന പോലെയാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥ ഞങ്ങളെ വരവേറ്റത്. ഖത്തറിന്റെ ക്ഷണം സ്വീകരിച്ച് ഹയാ കാര്‍ഡുമായി വരുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നു. അതുകൊണ്ട് തന്നെയായിരിക്കണം വിവിധ വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ കൗണ്ടറുകളില്‍ പതിവായി കാണാറുള്ള പിരിമുറുക്കമൊന്നും അവിടെ കാണാത്തത്. എമിഗ്രേഷന്‍ ഉദ്യോഗസ്ഥ പുഞ്ചിരിയോടെ ഞങ്ങളെ ഖത്തറിലേക്ക് സ്വീകരിക്കുകയും ചെയ്തു.
ഞങ്ങളുടെ തിടുക്കം വാട്‌സ്ആപ്പ് സ്റ്റാറ്റസിന് വേണ്ടി ഏതാനും ഫോട്ടോകള്‍ എടുക്കാനായിരുന്നു. വിമാനത്താവളത്തിലെ കൂറ്റന്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട ഫിഫ വേള്‍ഡ് കപ്പ് എംബ്ലത്തിന് മുന്നില്‍ നിന്ന് ഞങ്ങള്‍ ഫോട്ടോ എടുക്കാന്‍ തിരക്കുകൂട്ടി. അപ്പോഴേക്കുമതാ ഒരു പ്ലാസ്‌ക്കുമായി ഒരറബി പുഞ്ചിരിച്ചുകൊണ്ട് ഞങ്ങളുടെ നേരെ നടന്നുവരുന്നു. 'ഫോട്ടോയൊക്കെ പിന്നീടാവാം, ആദ്യം ഇത് കുടിക്ക്'- അറബി ഞങ്ങള്‍ക്ക് ഒരു കൊച്ചു പേപ്പര്‍ ഗ്ലാസില്‍ ഒഴിച്ച് ആവി പാറുന്ന ചൂടുള്ള ഖാവ നീട്ടി. അറേബ്യന്‍ സംസ്‌കാരത്തിന്റെ രുചിയടയാളമാണ് ഖാവ. സുലൈമാനി പോലെയുള്ള ഒരു പാനിയം. എന്നാല്‍ സുലൈമാനിയേക്കാളും അല്‍പം കട്ടി കൂടിയത്. ഒപ്പം വണ്ണത്തിലുള്ള ഒരു ഈത്തപ്പഴവും ടിഷ്യുവില്‍ പൊതിഞ്ഞ് ഞങ്ങള്‍ക്ക് തന്നു. ഖാവയും ഈത്തപ്പഴവും നല്ല കോമ്പിനേഷനാണ്. കൊച്ചു ഗ്ലാസിലെ ഖാവ മതിയാവാഞ്ഞിട്ടാവാം, ഇബ്രാഹിമും ഇക്ബാലും വീണ്ടും ചോദിച്ചുവാങ്ങി.
ഖത്തറിന്റെ ആതിഥേയ മാധുര്യം ഞങ്ങളെ ആകര്‍ഷിച്ചുതുടങ്ങിയിരുന്നു. ഏഷ്യയിലേക്ക് രണ്ടാമതൊരിക്കല്‍ കൂടി ലോകഫുട്‌ബോള്‍ ഉത്സവം വിരുന്നെത്തിച്ചതിന്റെ അഹങ്കാരമൊന്നും അവരില്‍ കണ്ടില്ല. ഖത്തറില്‍ ലോകം നേര്‍ത്ത ഒരു രേഖയായി ചുരുങ്ങുമ്പോഴും എല്ലാവരേയും ഊഷ്മളമായി വരവേല്‍ക്കുന്നതിന്റെ തിരക്കിലായിരുന്നു അവര്‍. വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങുമ്പോഴേക്കും വിവിധ കമ്പനികളുടെ സിം കാര്‍ഡുമായി പലരും ഞങ്ങളുടെ മുമ്പിലെത്തി. സിം കാര്‍ഡ് സൗജന്യമാണ്. ഏതാനും ദിവസത്തേക്ക് സൗജന്യമായി കോള്‍ ചെയ്യാനുള്ള വകയുമുണ്ട്. ഹയാ കാര്‍ഡുള്ളവര്‍ക്ക് ഖത്തര്‍ ഒരുക്കിവെച്ച സൗജന്യത്തിന്റെ മഴത്തുള്ളി ആദ്യം അനുഭവിച്ചത് അവിടെ നിന്നാണ്. ഞങ്ങള്‍ ഹയാ കാര്‍ഡ് കാണിച്ച് വൊഡാഫോണിന്റെ സിംകാര്‍ഡുകള്‍ വാങ്ങി.
വിമാനത്താവളത്തില്‍ നിന്ന് ഇറങ്ങുമ്പോഴേക്കും ഒരു അറബി വന്ന് ഇംഗ്ലീഷും അറബിയും കലര്‍ന്ന ഭാഷയില്‍ ഞങ്ങളോട് സംസാരിക്കാന്‍ തുടങ്ങി. വിവിധ സൗജന്യ സേവനങ്ങളെ കുറിച്ച് വിവരിക്കുകയാണദ്ദേഹം. ഹയാ കാര്‍ഡുമായി മെട്രോയില്‍ എവിടേക്കും സൗജന്യമായി സഞ്ചരിക്കാം. ഖത്തര്‍ മെട്രോ ഒരത്ഭുതം തന്നെയാണ്. അതേ കുറിച്ച് പിന്നീട് വിവരിക്കാം. ശീതീകരിച്ച ബസുകളിലും ട്രാമുകളിലും യാത്ര പരിപൂര്‍ണ്ണമായും സൗജന്യമാണ്. ഹയാ കാര്‍ഡ് സേവനങ്ങളുടെ വലിയ വാതിലാണ് തുറന്നുതന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ ഗമയ്ക്ക് ഹയാ കാര്‍ഡ് കഴുത്തില്‍ നിന്ന് ഒന്നനക്കി വീണ്ടും ധരിച്ചു. ഞങ്ങളെ സ്വീകരിക്കാന്‍ ലുക്മാനും ഷഫീഖ് ചെങ്കളവും ഷഹ്‌സാദും എത്തിയിരുന്നു. ഷഫീഖിന്റെ ഫ്‌ളാറ്റ് ഞങ്ങള്‍ക്ക് വേണ്ടി ഒഴിഞ്ഞിരിക്കുകയാണ്. കുടുംബ സമേതം അനുജന്റെ വീട്ടിലേക്ക് താമസം മാറി ഞങ്ങള്‍ക്ക് വേണ്ടി ഫ്‌ളാറ്റ് ഒഴിഞ്ഞുതന്ന് ഷഫീഖിന്റെയും കുടുംബത്തിന്റെയും സ്‌നേഹപൂര്‍ണ്ണമായ ത്യാഗം.
നവംബര്‍ 21നാണ് ഞങ്ങള്‍ ഖത്തറിലെത്തിയത്. എന്നാല്‍ ഞങ്ങള്‍ക്ക് ആദ്യ മത്സരം കാണാനുള്ള ടിക്കറ്റ് 25ന്റേതായിരുന്നു. നെതര്‍ലാന്റും ഇക്വഡോറും തമ്മിലുള്ള മത്സരം. നാല് ദിവസം കൂടി കാത്തിരിക്കണം. അതിന്റെ നിരാശ ഞങ്ങളില്‍ പ്രകടമായത് കൊണ്ടാവാം ലുക്മാന്‍ ഉണര്‍ത്തിയത്, എല്ലാ മത്സരങ്ങളും എല്ലാവര്‍ക്കും കാണാന്‍ കഴിയില്ല. എന്നാല്‍ എല്ലാവര്‍ക്കും എല്ലാ ദിവസങ്ങളും ആസ്വദിക്കാന്‍ ഇവിടെ എട്ട് ഫാന്‍ ഫെസ്റ്റുകളുണ്ട്. ഫാന്‍ഫെസ്റ്റിവലിനെ കുറിച്ച് എനിക്ക് വലിയ വിവരമൊന്നും ഇല്ലായിരുന്നു. കുളിച്ചൊരുങ്ങി ഭക്ഷണം കഴിച്ച് ഞങ്ങളേയും കൊണ്ട് ലുക്മാനും ഷഫീഖും ഷഹ്‌സാദും ഫാന്‍ ഫെസ്റ്റിവലിന്റെ വര്‍ണ്ണ വിസ്മയങ്ങളിലേക്ക് യാത്ര തിരിച്ചു. അതൊരു അത്ഭുത ലോകം തന്നെയായിരുന്നു.


-ടി.എ ഷാഫി

Related Articles
Next Story
Share it