ഖത്തര്‍ കാര്‍ണിവല്‍: ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ ഈ മൂന്നു പേരില്‍

ലോകകപ്പ് ഫുട്‌ബോളിന് വിസില്‍ മുഴങ്ങാന്‍ രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെ ലോകം ഉറ്റുനോക്കുന്നത് പ്രധാനമായും മൂന്ന് താരങ്ങളിലേക്കാണ്. ആകാശത്തുനിന്ന് ഭൂമിയിലേക്കിറങ്ങിവന്ന നക്ഷത്രങ്ങള്‍. ഒരാള്‍ അര്‍ജന്റീനയുടെ പ്രതീക്ഷയും സ്വപ്‌നവുമായ ലയണല്‍ മെസ്സി. മറ്റൊരാള്‍ ബ്രസീലിന്റെ മിന്നുംതാരം നെയ്മര്‍. പിന്നൊരാള്‍ പോര്‍ച്യുഗലിന്റെ സര്‍വ്വവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.മെസ്സിയുടേയും ക്രിസ്റ്റ്യാനോയുടേയും അവസാനത്തെ ലോകകപ്പായിരിക്കാം ഇത്. അതിന്റെ സൂചനകള്‍ താരങ്ങള്‍ തന്നെ നല്‍കിക്കഴിഞ്ഞു. അഞ്ചാമത്തെ ലോകകപ്പ് മത്സരത്തിനാണ് മെസ്സി ഇത്തവണ ബൂട്ട് കെട്ടുന്നത്. ഇത് തന്റെ അവസാനത്തെ ലോകകപ്പ് ആയിരിക്കുമെന്ന് മെസ്സി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. അതിനായി […]

ലോകകപ്പ് ഫുട്‌ബോളിന് വിസില്‍ മുഴങ്ങാന്‍ രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെ ലോകം ഉറ്റുനോക്കുന്നത് പ്രധാനമായും മൂന്ന് താരങ്ങളിലേക്കാണ്. ആകാശത്തുനിന്ന് ഭൂമിയിലേക്കിറങ്ങിവന്ന നക്ഷത്രങ്ങള്‍. ഒരാള്‍ അര്‍ജന്റീനയുടെ പ്രതീക്ഷയും സ്വപ്‌നവുമായ ലയണല്‍ മെസ്സി. മറ്റൊരാള്‍ ബ്രസീലിന്റെ മിന്നുംതാരം നെയ്മര്‍. പിന്നൊരാള്‍ പോര്‍ച്യുഗലിന്റെ സര്‍വ്വവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
മെസ്സിയുടേയും ക്രിസ്റ്റ്യാനോയുടേയും അവസാനത്തെ ലോകകപ്പായിരിക്കാം ഇത്. അതിന്റെ സൂചനകള്‍ താരങ്ങള്‍ തന്നെ നല്‍കിക്കഴിഞ്ഞു. അഞ്ചാമത്തെ ലോകകപ്പ് മത്സരത്തിനാണ് മെസ്സി ഇത്തവണ ബൂട്ട് കെട്ടുന്നത്. ഇത് തന്റെ അവസാനത്തെ ലോകകപ്പ് ആയിരിക്കുമെന്ന് മെസ്സി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. അതിനായി മനസ്സിനെ പാകപ്പെടുത്തുകയും അക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെന്ന് താരം തന്നെ പറയുന്നുണ്ട്. അഞ്ച് ലോകകപ്പുകളില്‍ കളിച്ചുവെങ്കിലും ഒരിക്കല്‍ പോലും കപ്പേന്താന്‍ കഴിയാത്തതിന്റെ നിരാശ മെസ്സിക്കുണ്ട്. എന്നാല്‍ ഇത്തവണ ആ സ്വര്‍ണ്ണകപ്പ് തന്റെ കരങ്ങളിലായിരിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുകയും ചെയ്യുന്നു. എങ്കിലും ഏഴ് കളികള്‍ ജയിച്ചാല്‍ മാത്രമേ കിരീടത്തില്‍ മുത്തമിടാന്‍ കഴിയുകയുള്ളുവെന്ന് മെസ്സിക്കറിയാം. അതുകൊണ്ട് തന്നെ ഓരോ മത്സരത്തേയും തികഞ്ഞ ജാഗ്രതയോടെ അര്‍ജന്റീന സമീപിക്കുമെന്ന് മെസ്സി വെളിപ്പെടുത്തുന്നുണ്ട
ഗ്രൂപ്പിലെ എതിരാളികളായ സൗദി അറേബ്യ, മെക്‌സിക്കോ, പോളണ്ട് ടീമുകളെ പരാജപ്പെടുത്തി അര്‍ജന്റീനക്ക് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്താന്‍ എളുപ്പമായിരിക്കുമെന്ന് ഫുട്‌ബോള്‍ ആരാധകര്‍ കരുതുമ്പോഴും മെസ്സി ഒരു മത്സരത്തേയും നിസ്സാരമായി കാണുന്നില്ല.
'ഈ ലോകകപ്പില്‍ യോഗ്യത നേടിയ ഓരോ രാജ്യത്തിന്റെയും ഏറ്റവും മികച്ച ടീമുകളാണ് ഖത്തറിലേക്ക് വരുന്നത്. എളുപ്പത്തില്‍ ജയിക്കാവുന്ന ഒരു കളിയോ ഒരു ഗ്രൂപ്പോ ഇല്ല. ആരായാലും അടുത്ത റൗണ്ടിലേക്ക് കടക്കാന്‍ കഠിനമായി പരിശ്രമിച്ചേ മതിയാകു. ഞങ്ങളും അങ്ങനെ തന്നെയാണ് ചെയ്യുന്നത്'- മെസ്സിയുടെ വാക്കുകള്‍ ഇങ്ങനെയാണ്.
ലോകമെമ്പാടുമുള്ള കവലകളില്‍ നെയ്മറിന്റെ ചിരിതൂകുന്ന മുഖമാണെങ്കിലും ഇത്തവണ ലോകകപ്പ് ഫുട്‌ബോളില്‍ അദ്ദേഹം നിറഞ്ഞു ചിരിക്കുമോ എന്ന് കണ്ടറിയണം. എപ്പോഴും നെയ്മറിന്റെ മുന്നേറ്റത്തിന് മുന്നില്‍ പരിക്ക് വില്ലനായി വന്നുനില്‍ക്കാറുണ്ട്. 2014ലെ ലോകകപ്പില്‍ പരിക്കേറ്റ് നെയ്മറിന്റെ പ്രകടനം ക്വാര്‍ട്ടര്‍ ഫൈനലില്‍ അവസാനിച്ചു. പരിക്കുകള്‍ അദ്ദേഹത്തിന്റെ മുന്നേറ്റത്തെ എന്നും തടഞ്ഞിട്ടേയുള്ളു. എന്നാല്‍ ഇത്തവണ ഖത്തറില്‍ അദ്ദേഹം എത്തുന്നത് പൂര്‍ണ്ണ ആരോഗ്യവാനായിട്ടാണ്. ഗോളടിയില്‍ മുന്നിലെങ്കിലും ലോകകപ്പില്‍ പലപ്പോഴും അവസരങ്ങള്‍ മുതലാക്കുന്നതില്‍ നെയ്മറിന് പിഴവ് പറ്റിയിട്ടുണ്ട്. ഇത്തവണ ബ്രസീല്‍ കപ്പേന്തുമെന്നും അതിന് വേണ്ടി ടീമിലെ ഓരോ താരങ്ങളും പൂര്‍ണ്ണമായും മൈതാനത്ത് സമര്‍പ്പിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് എന്നുമാണ് നെയ്മര്‍ പറയുന്നത്.
മൂന്ന് ഗോളുകള്‍ കൂടി നേടിയാല്‍ ബ്രസീലിന് വേണ്ടി ഏറ്റവും അധികം ഗോളുകള്‍ നേടുന്ന താരമെന്ന ഖ്യാതി നെയ്മര്‍ക്ക് സ്വന്തമാകും. പെലെ എന്ന ഇതിഹാസ താരത്തെ ഈ നേട്ടത്തില്‍ മറികടക്കുകയും ചെയ്യും. എന്നാല്‍ നെയ്മറുടെ ശ്രദ്ധ ഗോളുകള്‍ വാരിക്കൂട്ടുന്നതിലൊന്നുമല്ല. ബ്രസീലിന്റെ വിജയത്തില്‍ മാത്രമാണ്. അതുകൊണ്ട് തന്നെ ഗോളുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ നെയ്മറുടെ മറുപടി ഇങ്ങനെയായിരുന്നു. 'ചിലപ്പോള്‍ പെലെയേക്കാല്‍ ഏറെ ഗോളുകള്‍ അടിക്കാന്‍ സാധിച്ചേക്കും. പക്ഷെ അതൊന്നും ഒന്നുമല്ല. പെലെ ഫുട്‌ബോളിലെ രാജാവാണ്. കൂടുതല്‍ മത്സരങ്ങളില്‍ കളിച്ച് നമ്പര്‍ കണക്കുകള്‍ കൂട്ടുന്നതിനേക്കാള്‍ എനിക്കാഗ്രഹം ഇത്തവണ ബ്രസീലിന് വേണ്ടി ആറാമത്തെ കിരീടം നേടണമെന്നാണ്'.
സിആര്‍ 7 ഇത്തവണ ഖത്തറിലെത്തുന്നത് കളിക്കാനല്ല യുദ്ധം നയിക്കാന്‍ തന്നെയാണ്. പോര്‍ച്യുഗലിന് വേണ്ടി ലോകകിരീടം മാറോടണയ്ക്കാന്‍. റൊണാള്‍ഡോയ്ക്കും ഇത് അഞ്ചാമത്തെ ലോകകപ്പാണ്. മെസ്സിയെ പോലെ തന്നെ. അടുത്ത ലോകകപ്പിന് റൊണാള്‍ഡോ ഉണ്ടാവില്ലെന്ന് ഉറപ്പാണ്. എന്നാല്‍ 2024ല്‍ നടക്കുന്ന യൂറോ കപ്പോടെയായിരിക്കും അദ്ദേഹം ഫുട്‌ബോളില്‍ നിന്ന് വിരമിക്കുക. 2006ല്‍ ജര്‍മ്മനിയില്‍ നടന്ന മത്സരത്തില്‍ ബൂട്ടണിഞ്ഞുകൊണ്ടാണ് റൊണാള്‍ഡോ ആദ്യമായി ലോകകപ്പില്‍ അരങ്ങേറുന്നത്. 2014ലെ ലോകകപ്പില്‍ ഫിറ്റ്‌നസ് പ്രശ്‌നം റൊണാള്‍ഡോയെ അലട്ടിയെങ്കിലും 2018ല്‍ അദ്ദേഹത്തിന് വ്യക്തിപരമായ ഒരുപാട് നേട്ടങ്ങള്‍ ആ ടൂര്‍ണ്ണമെന്റില്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. അന്ന് സ്‌പെയിനിനെതിരെ ഹാട്രിക് ഗോളുകള്‍ നേടികൊണ്ട് റൊണാള്‍ഡോ ഫുട്‌ബോള്‍ ആരാധകരുടെ രാജകുമാരനായി. എന്നാല്‍ രണ്ടാം റൗണ്ടില്‍ ടീം പുറത്തായതോടെ റൊണാള്‍ഡോയും നിരാശയിലായി. ഇത്തവണ കപ്പ് എന്ന ഒരൊറ്റ ലക്ഷ്യത്തില്‍ ശ്രദ്ധയര്‍പ്പിച്ചാണ് അദ്ദേഹത്തിന്റെ വരവ്. എന്നാല്‍ ഒരു ടീമിനേയും നിസാരമായി കാണുന്നില്ലെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നു.
'ഫൈനലില്‍ എത്തണമെങ്കില്‍ ആദ്യത്തെ ആറ് ടീമുകളോടും പൊരുതി ജയിക്കേണ്ടതുണ്ട്. അതിനുള്ള കഠിന പ്രയത്‌നത്തിലാണ് ഞങ്ങള്‍. ആരേയും നിസാരമായി കാണുന്നില്ല. അതേസമയം ആരേയും തകര്‍ക്കാനാവില്ലെന്ന പേടിയുമില്ല' -റൊണാള്‍ഡോയുടെ വാക്കുകള്‍.
-ടി.എ ഷാഫി

Related Articles
Next Story
Share it