തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ പൊതുജനസമ്പര്‍ക്ക ആപ്പായ പിഡബ്ല്യൂഡി ഫോര്‍ യു ആപ്പ് ഇനി ആപ്പിള്‍ ഉപയോക്താക്കള്‍ക്കും ലഭ്യമാകും. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ശ്രദ്ധയില്‍ പെടുത്താന്‍ വേണ്ടി അവതരിപ്പിച്ച ആപ്പിന്റെ ഐ.ഓ.എസ് വെര്‍ഷനും പുറത്തിറക്കി. ആദ്യത്തെ മൂന്നു മാസം പരീക്ഷണ അടിസ്ഥാനത്തിലാണ് ആപ്പിന്റെ പ്രവര്‍ത്തനം.
റോഡുകളുടേയും പാലങ്ങളുടേയും ബന്ധപ്പെട്ട പരാതികള്‍ ഫോട്ടോ അടക്കം അപ്ലോഡ് ചെയ്ത് വകുപ്പിന്റെ ശ്രദ്ധയില്പെടുത്താനാകും. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അവതരിപ്പിച്ച പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആദ്യം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആന്‍ഡ്രോയിഡ് വെര്ഷന് ലഭ്യമാക്കിയ ശേഷമാണ് ഇപ്പോള്‍ ആപ്പ് സ്റ്റോറിലും എത്തിയത്.
23,400 പേര് പത്ത് ദിവസത്തിനകം ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. 4264 പേര് ആപ്പിലൂടെ വ്യത്യസ്ത വിഷയങ്ങള്‍ ശ്രദ്ധയില്‍പെടുത്തി. ഇതില്‍ 4050 പരാതികളും പരിശോധിച്ചു കഴിഞ്ഞു. നടപടികള്‍ ആവശ്യമായ 1615 പരാതികള്‍ ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയച്ചു നല്കി. ലഭിച്ച കുറേ പരാതികള്‍ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ടതല്ല.