പുതുപ്പള്ളി വിധിയെഴുതുന്നു; ബൂത്തുകളില്‍ നീണ്ട നിര

കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ രാവിലെ മുതല്‍ തന്നെ ഭേദപ്പെട്ട പോളിംഗ്. കേരള നിയമസഭയുടെ ചരിത്രത്തിലെ അറുപത്തിയാറാം ഉപതിരഞ്ഞെടുപ്പാണ് പുതുപ്പള്ളിയില്‍ നടക്കുന്നത്. മിക്ക ബൂത്തുകളിലും രാവിലെ മുതല്‍ തന്നെ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. 11.30 വരെ മണ്ഡലത്തില്‍ 32.5 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 6 മണി വരെയാണ്. ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ്. മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഏഴ് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ […]

കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ രാവിലെ മുതല്‍ തന്നെ ഭേദപ്പെട്ട പോളിംഗ്. കേരള നിയമസഭയുടെ ചരിത്രത്തിലെ അറുപത്തിയാറാം ഉപതിരഞ്ഞെടുപ്പാണ് പുതുപ്പള്ളിയില്‍ നടക്കുന്നത്. മിക്ക ബൂത്തുകളിലും രാവിലെ മുതല്‍ തന്നെ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. 11.30 വരെ മണ്ഡലത്തില്‍ 32.5 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 6 മണി വരെയാണ്. ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ്. മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഏഴ് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി ജോര്‍ജിയന്‍ സ്‌കൂള്‍ ബൂത്തില്‍ രാവിലെ 9 മണിക്ക് തന്നെ വോട്ട് രേഖപ്പെടുത്തി. എല്ലാം ജനങ്ങള്‍ തീരുമാനിക്കുമെന്നും ഇന്ന് ജനങ്ങളുടെ കോടതിയിലെന്നും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു. പുതുപ്പള്ളിയുടെ വികസനം തടസ്സപ്പെടുത്തിയത് ഈ സര്‍ക്കാരാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വ്യക്തി അധിക്ഷേപത്തിലേക്ക് അധ:പതിച്ചതെന്തിനെന്നും വികസനമാണ് ചര്‍ച്ചയെന്ന് പറഞ്ഞവര്‍ ചെയ്യുന്നതെന്താണെന്നും ചാണ്ടി ഉമ്മന്‍ ചോദിച്ചു. ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തിയും പുതുപ്പള്ളി പളളിയിലെത്തിയും ചാണ്ടി ഉമ്മന്‍ പ്രാര്‍ത്ഥിച്ചു.
അതേസമയം, പുതുപ്പള്ളിയില്‍ ഇടതിന് തികഞ്ഞ പ്രതീക്ഷയെന്ന് ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക് സി. തോമസ് പറഞ്ഞു. മണര്‍കാട് കണിയാംകുന്ന് സര്‍ക്കാര്‍ എല്‍.പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന സംവാദത്തില്‍ നിന്നും യു.ഡി.എഫ് ഒളിച്ചോടിയെന്ന് ആരോപിച്ച ജെയ്ക്, പുതുപ്പള്ളി മണ്ഡലത്തിലെ വികസന മുരടിപ്പ് എണ്ണിപ്പറയുകയും ചെയ്തു. പുതിയ പുതുപ്പള്ളിയെ സൃഷ്ടിക്കാന്‍ വേണ്ടിയുള്ള ചരിത്രപരമായ മുന്നേറ്റത്തിന്റെ ദിനം എന്നാണ് വോട്ടെടുപ്പ് ദിനത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.
ബി.ജെ.പി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് പുതുപ്പള്ളി മണ്ഡലത്തില്‍ വോട്ടില്ല.
82 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. എല്ലാ ബൂത്തുകളിലും വോട്ടെടുപ്പ് സമാധാനപരമാണ്. എല്ലായിടത്തും വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാന്‍സ്‌ജെന്‍ഡറുകളും അടക്കം മണ്ഡലത്തില്‍ 1,76,417 വോട്ടര്‍മാരാണുള്ളത്. വോട്ടെടുപ്പ് ഡ്യൂട്ടിക്കായി 872 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.

Related Articles
Next Story
Share it