ഓമന ടീച്ചര്‍ യാത്രയായി; തന്നെ കത്തികാട്ടി മുള്‍മുനയില്‍ നിര്‍ത്തിയ കവര്‍ച്ചയ്ക്ക് ഒരു തുമ്പുമാകാതെ

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് തെരുവത്ത് എ.എല്‍.പി.എസ് റിട്ട. പ്രധാനാധ്യാപികയും ഹൊസ്ദുര്‍ഗ് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഡയറക്ടറുമായ വെള്ളിക്കോത്ത് സ്വര്‍ഗമഠത്തിലെ പുറവങ്കര ഓമന അമ്മ (79) അന്തരിച്ചു. തന്നെ കത്തികാട്ടി മുള്‍മുനയില്‍ നിര്‍ത്തി നടന്ന കവര്‍ച്ചയ്ക്ക് ഒരു തുമ്പുമാകാതെയാണ് ഓമന ടീച്ചറുടെ വേര്‍പാട്. നാടിനെ നടുക്കിയ ആ കവര്‍ച്ച നടന്നത് 2018 ജൂണ്‍ 11ന് പുലര്‍ച്ചെയായിരുന്നു. വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്ന ഓമന ടീച്ചറെ കത്തികാട്ടി കൊല്ലുമെന്ന് പറഞ്ഞ് ഒമ്പത് പവന്‍ സ്വര്‍ണവും 1000 രൂപയുമാണ് കവര്‍ന്നത്. […]

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് തെരുവത്ത് എ.എല്‍.പി.എസ് റിട്ട. പ്രധാനാധ്യാപികയും ഹൊസ്ദുര്‍ഗ് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഡയറക്ടറുമായ വെള്ളിക്കോത്ത് സ്വര്‍ഗമഠത്തിലെ പുറവങ്കര ഓമന അമ്മ (79) അന്തരിച്ചു.
തന്നെ കത്തികാട്ടി മുള്‍മുനയില്‍ നിര്‍ത്തി നടന്ന കവര്‍ച്ചയ്ക്ക് ഒരു തുമ്പുമാകാതെയാണ് ഓമന ടീച്ചറുടെ വേര്‍പാട്. നാടിനെ നടുക്കിയ ആ കവര്‍ച്ച നടന്നത് 2018 ജൂണ്‍ 11ന് പുലര്‍ച്ചെയായിരുന്നു. വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്ന ഓമന ടീച്ചറെ കത്തികാട്ടി കൊല്ലുമെന്ന് പറഞ്ഞ് ഒമ്പത് പവന്‍ സ്വര്‍ണവും 1000 രൂപയുമാണ് കവര്‍ന്നത്. വാതില്‍ തകര്‍ത്ത് അകത്ത് കടന്ന കറുത്ത് കുറിയ യുവാവ് ഓമന ടീച്ചറെ ഒരു മണിക്കൂര്‍ നേരം മുള്‍മുനയില്‍ നിര്‍ത്തിയാണ് കവര്‍ച്ച നടത്തി ഇറങ്ങിപ്പോയത്. ഈ സംഭവത്തിന് അന്വേഷണം എങ്ങുമെത്താതെ പൊലീസ് ഇരുട്ടില്‍ തപ്പുമ്പോഴാണ് കേസിലെ ഏക സാക്ഷിയും പരാതിക്കാരിയും കൂടിയായ ഓമന ടീച്ചര്‍ മരണത്തിന് കീഴടങ്ങുന്നത്. അന്വേഷണത്തിന് ഭാഗമായി പൊലീസ് പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ രേഖാചിത്രം പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതുവരെയും ഒരു തുമ്പും ഉണ്ടാക്കാനായില്ല. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയായിരുന്ന പി.കെ സുധാകരന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കത്തി കാട്ടി ഭീഷണിപ്പെടുത്തിയുള്ള കവര്‍ച്ച സംഭവത്തിനുശേഷം ഓമന ടീച്ചറുടെ ആരോഗ്യത്തിനും ക്ഷീണം തട്ടി തുടങ്ങിയിരുന്നു.
പരേതനായ എം.കെ.ദേവന്‍ നായരുടെ ഭാര്യയാണ് ഓമന ടീച്ചര്‍. മക്കള്‍: മധുസൂദനന്‍ (ബിസിനസ്), സുധീര്‍ (പ്രൊപ്രൈറ്റര്‍, ആര്‍.എസ്. ഫാര്‍മ, കാഞ്ഞങ്ങാട്), ദിനേശ് (ദുബായ്). മരുമക്കള്‍: ഷീജ (അധ്യാപിക, തളിപ്പറമ്പ് അക്കിപ്പറമ്പ് ഹൈസ്‌കൂള്‍), രാജശ്രീ ദേവി (വൈസ് പ്രസിഡണ്ട് & ബ്രാഞ്ച് ഹെഡ്, ഫെഡറല്‍ ബാങ്ക് കാഞ്ഞങ്ങാട്), മിനി ദിനേശ് നായര്‍ (ഇന്‍ഷുറന്‍സ് കമ്പനി, ദുബായ്). സഹോദരങ്ങള്‍: ഭാര്‍ഗവി (റിട്ട. അധ്യാപിക, മുംബൈ), കൈരളി (റിട്ട. അധ്യാപിക, വെള്ളിക്കോത്ത് എം.പി എസ്. ജി.വി.എച്ച്.എസ്.എസ്), പരേതരായ കുട്ടന്‍ നായര്‍, വേലായുധന്‍ നായര്‍.

Related Articles
Next Story
Share it