പൊതുമേഖലാ സ്ഥാപനങ്ങളെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കും-മുഖ്യമന്ത്രി

കാസര്‍കോട്: ഒരുകാലത്ത് കാസര്‍കോടിന്റെ വ്യാവസായിക മുദ്രയായി അറിയപ്പെട്ടിരുന്ന ബെദ്രടുക്കയിലെ കെല്‍ ഇ.എം.എല്ലിന് പുനര്‍ജീവന്‍. വര്‍ഷങ്ങളായി നിശ്ചലമായി കിടന്നിരുന്ന കെല്‍ ഇ.എം.എല്‍ പുനരുജ്ജീവിപ്പിച്ച് ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചപ്പോള്‍ കാസര്‍കോടിനത് പുതിയ പ്രതീക്ഷയുടേയും വ്യാവസായിക മുന്നേറ്റത്തിന്റെയും സൈറണ്‍ മുഴക്കമായി മാറി. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യ വല്‍ക്കരിക്കുന്നതിനോട് ഒട്ടും യോജിപ്പില്ലെന്ന് മാത്രമല്ല ഇത്തരം സ്ഥാപനങ്ങളെ സംരക്ഷിക്കുകയും കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ടുപോവുകയും ചെയ്യുകയാണ് സംസ്ഥാന സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പറഞ്ഞു. ഈ […]

കാസര്‍കോട്: ഒരുകാലത്ത് കാസര്‍കോടിന്റെ വ്യാവസായിക മുദ്രയായി അറിയപ്പെട്ടിരുന്ന ബെദ്രടുക്കയിലെ കെല്‍ ഇ.എം.എല്ലിന് പുനര്‍ജീവന്‍. വര്‍ഷങ്ങളായി നിശ്ചലമായി കിടന്നിരുന്ന കെല്‍ ഇ.എം.എല്‍ പുനരുജ്ജീവിപ്പിച്ച് ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചപ്പോള്‍ കാസര്‍കോടിനത് പുതിയ പ്രതീക്ഷയുടേയും വ്യാവസായിക മുന്നേറ്റത്തിന്റെയും സൈറണ്‍ മുഴക്കമായി മാറി.
പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യ വല്‍ക്കരിക്കുന്നതിനോട് ഒട്ടും യോജിപ്പില്ലെന്ന് മാത്രമല്ല ഇത്തരം സ്ഥാപനങ്ങളെ സംരക്ഷിക്കുകയും കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ടുപോവുകയും ചെയ്യുകയാണ് സംസ്ഥാന സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പറഞ്ഞു. ഈ നിലപാടിന്റെ ഉത്തമ ദൃഷ്ടാന്തമാണ് കഴിഞ്ഞ ബജറ്റെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പൊതുമേഖലാ സ്ഥാപനങ്ങള്‍ വല്ലാതെ വിറ്റഴിക്കുന്ന നിലയിലാണ് കേന്ദ്രത്തിന്റെ നീക്കം. അതിനോട് നമ്മുടെ സംസ്ഥാനത്തിന് താല്‍പര്യമില്ല. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ വല്‍ക്കരിക്കരുതെന്നും ഞങ്ങളെ ഏല്‍പ്പിക്കണമെന്നുമാണ് കേരളം കേന്ദ്രത്തോട് നിരന്തരം ആവശ്യപ്പെടാറുള്ളത്. എന്നാല്‍ പലതും ഏല്‍പ്പിക്കാന്‍ കേന്ദ്രം തയ്യാറാവുന്നില്ല. തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യം നമുക്കറിയാം. എച്ച്.എല്‍.എല്‍ ഞങ്ങളെ ഏല്‍പ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതുവരെ അനുകൂല മറുപടി കേന്ദ്രത്തില്‍ നിന്ന് ഉണ്ടായിട്ടില്ല-മുഖ്യമന്ത്രി പറഞ്ഞു.
77 കോടി രൂപയോളം ചെലവഴിച്ചാണ് കെല്‍ ഇ.എം.എല്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. പൊതുമേഖലയിലെ ഇടപെടലുകളില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുതരത്തിലുമുള്ള പിന്നോട്ട് പോക്കില്ല എന്ന് ഇവിടെ തെളിയിച്ചിരിക്കുകയാണ്-മുഖ്യമന്ത്രി വ്യക്തമാക്കി.
വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷതവഹിച്ചു. കെല്‍ ഇ.എം.എല്ലിന്റെ ആദ്യ ഓര്‍ഡര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണനില്‍ നിന്ന് വ്യവസായ വകുപ്പ് മന്ത്രി സ്വീകരിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷറഫ്, അഡ്വ. സി.എച്ച് കുഞ്ഞമ്പു, എം. രാജഗോപാലന്‍, മുന്‍ എം.പി പി. കരുണാകരന്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, മറ്റു ജനപ്രതിനിധികള്‍, ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍ സംബന്ധിച്ചു.

Related Articles
Next Story
Share it