സുഗതകുമാരി ടീച്ചറിന് പ്രണാമം; തേന്‍മാവിന് പുതുജീവന്‍

നൂറ് കോടി പ്രണാമം. പ്രകൃതിയെ നിഷ്‌കരുണം കീറി മുറിക്കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന വേദന കവിതകളിലൂടെയും ലേഖനങ്ങളിലൂടെയും നമ്മെ വേദനപ്പെടുത്തിയ ടീച്ചറിന് പ്രണാമം. അവര്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിന് സമീപം നട്ട തേന്മാവിന് പുതുജീവന്‍ കൈവരുന്നു. വികസനവും പരിസ്ഥിതിയും സമന്വയിച്ച് പോകേണ്ടിടത്ത് സന്തുലിതാവസ്ഥ നഷ്ടപ്പെടുന്ന കാഴ്ചയാണ് നാം കാലാവസ്ഥാ വ്യതിയാനത്തിലൂടെ കാണുന്നത്. ഇടക്ക് നമ്മെയൊക്കെ സന്തോഷിപ്പിക്കുന്ന ചില മിന്നലാട്ടങ്ങള്‍ കാണുന്നു. അതാണ് ഇങ്ങേയറ്റത്ത് കാസര്‍കോട് നഗരത്തില്‍ നാളെ നടക്കാന്‍ പോകുന്ന തേന്മാവിന്‍ ട്രാന്‍സ് പ്ലാന്റേഷന്‍. ടീച്ചറിന്റെ ആത്മാവ് സന്തോഷിക്കും തീര്‍ച്ച. […]

നൂറ് കോടി പ്രണാമം. പ്രകൃതിയെ നിഷ്‌കരുണം കീറി മുറിക്കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന വേദന കവിതകളിലൂടെയും ലേഖനങ്ങളിലൂടെയും നമ്മെ വേദനപ്പെടുത്തിയ ടീച്ചറിന് പ്രണാമം. അവര്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിന് സമീപം നട്ട തേന്മാവിന് പുതുജീവന്‍ കൈവരുന്നു. വികസനവും പരിസ്ഥിതിയും സമന്വയിച്ച് പോകേണ്ടിടത്ത് സന്തുലിതാവസ്ഥ നഷ്ടപ്പെടുന്ന കാഴ്ചയാണ് നാം കാലാവസ്ഥാ വ്യതിയാനത്തിലൂടെ കാണുന്നത്. ഇടക്ക് നമ്മെയൊക്കെ സന്തോഷിപ്പിക്കുന്ന ചില മിന്നലാട്ടങ്ങള്‍ കാണുന്നു. അതാണ് ഇങ്ങേയറ്റത്ത് കാസര്‍കോട് നഗരത്തില്‍ നാളെ നടക്കാന്‍ പോകുന്ന തേന്മാവിന്‍ ട്രാന്‍സ് പ്ലാന്റേഷന്‍. ടീച്ചറിന്റെ ആത്മാവ് സന്തോഷിക്കും തീര്‍ച്ച. കേരളപ്പിറവി സുവര്‍ണജൂബിലി കാലഘട്ടത്തില്‍ പുതിയ ബസ് സ്റ്റാന്റിന് മുന്നിലായി പ്രതീകാത്മകമായി നട്ട് പയസ്വിനി എന്ന് നാമകരണം ചെയ്ത തേന്മാവ് നട്ടത് പരേതനായ ഇ. രാഘവന്‍ നായര്‍ പ്രസിഡണ്ടും പി.വിജയന്‍ സെക്രട്ടറിയും ആയിരുന്ന കാസര്‍കോട് പീപ്പിള്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു. പരേതനായ പ്രൊഫ.ടി.സി. മാധവപ്പണിക്കര്‍ സ്ഥാപിച്ച കാസര്‍കോട് പീപ്പിള്‍സ് ഫോറം നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ ഇടപെട്ട സംഘടനയാണ്. ഒറ്റയാള്‍ പട്ടാളമായ കല്ലേന്‍ പൊക്കുടനെ കാസര്‍കോട് ഗവ. കോളേജ് ജിയോളജി വകുപ്പില്‍ ആദരിക്കുകയും അദ്ദേഹത്തില്‍ നേതൃത്വത്തില്‍ കാസര്‍കോട് പള്ളം പ്രദേശത്ത് കണ്ടല്‍ വന വനവല്‍ക്കരണം നടപ്പിലാക്കുകയും ചെയ്തിരുന്നു. ബസ്സ്റ്റാന്റിലെ കച്ചവട സ്ഥാപനത്തിന്റെ പരസ്യപ്പലക അവിടെ ജനശ്രദ്ധ ആകര്‍ഷിക്കാന്‍ വിഘാതമാകുന്നു എന്ന് കണ്ട വ്യാപാരി അവിടെ വളര്‍ന്ന് വന്ന മൂന്ന് മരങ്ങളില്‍ ദ്വാരമുണ്ടാക്കി വിഷം കുത്തിവെച്ച് ഉണക്കാന്‍ ശ്രമിച്ച സംഭവം നമ്മള്‍ മറന്നിട്ടില്ല. ഇതിനെതിരെ പീപ്പിള്‍സ് ഫോറം ശക്തമായി പ്രതികരിച്ചു. ജില്ലാ ഭരണകൂടം അവസരോചിതമായി ഇടപെട്ടപ്പോള്‍ തണല്‍ മരങ്ങള്‍ രക്ഷപ്പെട്ടു. അവയുടെ നെഞ്ചില്‍ കുത്തിക്കയറ്റിയ വിഷാംശം പുറത്തെടുത്തു. അതിശക്തമായ ജനരോഷം കണ്ടപ്പോള്‍ വ്യാപാരി ഈ കുത്സിത പ്രവര്‍ത്തിയില്‍ നിന്ന് പിന്മാറി. രണ്ട് തണല്‍ മരങ്ങള്‍ രക്ഷപ്പെട്ടു. അത് പിന്നീട് ഒപ്പ് മരമായി മാറിയ കഥ ചരിത്രം. ബസ് സ്റ്റാന്റിലെ പരിസ്ഥിതി പ്രേമികളായ ഓട്ടോ ഡ്രൈവര്‍മാര്‍ ഈ തണല്‍ മരങ്ങളുടെ സംരക്ഷണം ഏറ്റടുത്തു. ഈ മരങ്ങള്‍ നിരവധി സമര പോരാട്ടങ്ങള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും വേദിയൊരുക്കി. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കാന്‍ ഇടയായ, ആഗോള തലത്തില്‍ തന്നെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ പ്രേരക ശക്തിയായി പ്രവര്‍ത്തിച്ച എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതിയും എന്‍വിസാജും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ഏകോപനമുന്നണിയും സോളിഡാരിറ്റിയും പുഞ്ചിരി ക്ലബും കാസര്‍ഗോഡ് പീപ്പിള്‍സ് ഫോറവും ബയോസ്‌ക്കും ഊര്‍ജ്ജം കൊണ്ടത് ഈ ഒപ്പ് മരത്തിന് ചുവട്ടില്‍ വെച്ചാണ്. പതിനായിരക്കണക്കിന് പ്രകൃതി സ്‌നേഹികള്‍ ഇവിടെ വന്ന് സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. എന്നാല്‍ ഈ ഒപ്പ് മരങ്ങള്‍ ആറ് വരിപ്പാതയെന്ന ഹൈവേ വികസനത്തില്‍ നടപ്പിലാക്കാന്‍ ഒരുക്കുന്ന ഹൈവേ മേല്‍പ്പാലത്തിന് വേണ്ടി വെട്ടിമാറ്റപ്പെട്ടു.
പയസ്വിനി തേന്മാവ്
സംരക്ഷിക്കപ്പെടുന്നു
പ്രകൃതി സ്‌നേഹികളുടെ മുറവിളിക്ക് പരിഹാരമുണ്ടായി. തേന്മാവ് സംരക്ഷിച്ച് നിലനിര്‍ത്താന്‍ ഹൈവേ വികസനത്തിന് ഈ ഭാഗത്ത് കരാര്‍ ലഭിച്ച ഊരാളുങ്കള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി തയ്യാറായി. അതിന് വേണ്ട എല്ലാ സഹായങ്ങളും അവര്‍ വാഗ്ദാനം ചെയ്തു. കാസര്‍കോട് സിവില്‍ സ്റ്റേഷന്‍ പരിസരത്തേക്ക് അല്ലെങ്കില്‍ ഗവ.കോളേജ് പരിസരത്തേക്ക് മാറ്റിനടണമെന്ന നര്‍ദ്ദേശമായി ജില്ലാ ഭരണകൂടത്തിന് കത്ത് നല്‍കി. അതിനിടയില്‍ അടുക്കത്ത്ബയല്‍ സ്‌കൂളിലെ ഇക്കോ ക്ലബും മാതൃഭൂമി സീഡ് ക്ലബും തേന്മാവ് സ്‌ക്കൂള്‍ പരിസരത്തേക്ക് മാറ്റാന്‍ മുന്നോട്ട് വന്നു. എല്ലാവരും അതിന് പിന്തുണ നല്‍കി. ജില്ലാ ഭരണകൂടവും വനംവകുപ്പും ഇക്കോ ക്ലബും മാതൃഭൂമിയും പീപ്പിള്‍സ് ഫോറവും പീച്ചിവനഗവേഷണ കേന്ദ്രവും മുന്നിട്ടിറങ്ങിയതോടെ സുഗതകുമാരി ടീച്ചറുടെ ആത്മാവിന് നിത്യശാന്തി നല്‍കി കൊണ്ട് അടുക്കത്ത്ബയല്‍ സ്‌കൂള്‍ പരിസരത്തേക്ക് മാവ് മാറ്റി നടപ്പെടുകയാണ്.
ദേശീയ പാത വികസനത്തോടൊപ്പം മുറിച്ച് മാറ്റപ്പെട്ട മരങ്ങള്‍ക്ക് ബദല്‍ ഉണ്ടാവണം. ഒപ്പം മരങ്ങള്‍ നല്‍കുന്ന ആശ്വാസം ചില്ലറയല്ലെന്ന് കടുത്ത വേനലിലെങ്കിലും നാം അറിയണം. ഒരു മരം മുറിച്ച് പത്ത് മരങ്ങള്‍ നട്ടില്ലെങ്കിലും സമൂഹത്തിന് ആവശ്യമായ ഓക്‌സിജന്‍ നല്‍കുന്ന വിധത്തില്‍ സാമൂഹ്യ വനവല്‍ക്കരണം നടപ്പിലാക്കുക എന്നത് ഊരാളുങ്കല്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയടക്കമുള്ള കോര്‍പ്പറേറ്റ് കമ്പനികളുടെ ബാധ്യതയാണ്. പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം. എല്ലാവര്‍ക്കും നന്ദി. ഹൈവേ വികസനത്തോടൊപ്പം കോര്‍പ്പറേറ്റീവ് എന്‍വയണ്‍മന്റ് റെസ്‌പോണ്‍സിബിലിറ്റി നടപ്പിലാക്കാന്‍ മുന്നോട്ട് വന്ന കമ്പനി നിരവധി സ്ഥലത്ത് മരങ്ങള്‍ മാറ്റി സ്ഥാപിച്ചു എന്നറിയുന്നതില്‍ സന്തോഷം. കമ്പനികള്‍ക്ക് ലഭിക്കുന്ന ലാഭ വിഹിതത്തില്‍ നിന്ന് ജനങ്ങള്‍ക്ക് വേണ്ടി ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യുന്നതോടൊപ്പം പ്രകൃതിയെ നിലനില്‍ക്കുന്ന തരത്തില്‍ പൂര്‍വസ്ഥിതിയിലാക്കുക എന്നത് അവരുടെ ചുമതലയാണ്. ജില്ലയിലെ ഇക്കോ ക്ലബുകളും സന്നദ്ധ സംഘടനകളും സമ്മര്‍ദ്ദം ചെലുത്തുക, നമുക്ക് കൈകോര്‍ക്കാം നഷ്ടപ്പെടുന്നത് തിരിച്ച് പിടിക്കാം,ഒന്നായി കൂട്ടായി.
(കാസര്‍കോട് പീപ്പിള്‍സ് ഫോറം പ്രസിഡണ്ടാണ് ലേഖകന്‍)

-പ്രൊഫ.വി.ഗോപിനാഥന്‍

Related Articles
Next Story
Share it