പ്രമുഖ സോഷ്യലിസ്റ്റും ഗ്രന്ഥകാരനുമായ കെ.സി.ഭാസ്‌കരന്‍ മാസ്റ്റര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: പ്രമുഖ സോഷ്യലിസ്റ്റും ഗ്രന്ഥകാരനുമായ നെല്ലിക്കാട്ടെ കെ.സി.ഭാസ്‌കരന്‍ മാസ്റ്റര്‍ (89) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യാസ്പത്രിയിലായിരുന്നു അന്ത്യം. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ബുദ്ധികേന്ദ്രങ്ങളില്‍ ഒരാളായി അണിയറയില്‍ പ്രവര്‍ത്തിച്ചയാളാണ് കൂത്തുപറമ്പ് ഓലായിക്കര സ്വദേശിയായ ഭാസ്‌ക്കരന്‍ മാസ്റ്റര്‍. തപാല്‍വകുപ്പില്‍ ഉദ്യോഗസ്ഥനായിരിക്കെ സോഷ്യലിസ്റ്റ് ഇന്ത്യയെന്ന ലക്ഷ്യത്തിന്റെ സാക്ഷാത്കാരത്തിനായി സമര്‍പ്പിത ജീവിതം നയിച്ചു. ലോഹ്യവിചാര വേദിയുടെ സംസ്ഥാന പ്രസിഡന്റും വേദിയുടെ മുഖപത്രമായ അന്തര്‍ധാരയുടെ പത്രാധിപരുമായിരുന്നു. 1952ലാണ് തപാല്‍ വകുപ്പില്‍ ചേര്‍ന്നത്. ബംഗളുരു, തലശ്ശേരി, കണ്ണൂര്‍, വടകര, കാസര്‍കോട്, കാഞ്ഞങ്ങാട്, പുനലൂര്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ […]

കാഞ്ഞങ്ങാട്: പ്രമുഖ സോഷ്യലിസ്റ്റും ഗ്രന്ഥകാരനുമായ നെല്ലിക്കാട്ടെ കെ.സി.ഭാസ്‌കരന്‍ മാസ്റ്റര്‍ (89) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യാസ്പത്രിയിലായിരുന്നു അന്ത്യം.
സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ബുദ്ധികേന്ദ്രങ്ങളില്‍ ഒരാളായി അണിയറയില്‍ പ്രവര്‍ത്തിച്ചയാളാണ് കൂത്തുപറമ്പ് ഓലായിക്കര സ്വദേശിയായ ഭാസ്‌ക്കരന്‍ മാസ്റ്റര്‍. തപാല്‍വകുപ്പില്‍ ഉദ്യോഗസ്ഥനായിരിക്കെ സോഷ്യലിസ്റ്റ് ഇന്ത്യയെന്ന ലക്ഷ്യത്തിന്റെ സാക്ഷാത്കാരത്തിനായി സമര്‍പ്പിത ജീവിതം നയിച്ചു. ലോഹ്യവിചാര വേദിയുടെ സംസ്ഥാന പ്രസിഡന്റും വേദിയുടെ മുഖപത്രമായ അന്തര്‍ധാരയുടെ പത്രാധിപരുമായിരുന്നു. 1952ലാണ് തപാല്‍ വകുപ്പില്‍ ചേര്‍ന്നത്. ബംഗളുരു, തലശ്ശേരി, കണ്ണൂര്‍, വടകര, കാസര്‍കോട്, കാഞ്ഞങ്ങാട്, പുനലൂര്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ ജോലി ചെയ്ത് തപാല്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു.

1960ല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കില്‍ പങ്കെടുത്തതിന് അറസ്റ്റ് ചെയ്യപ്പെട്ട് ആറ് മാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞു. 1968ലെ കേന്ദ്ര ജീവനക്കാരുടെ സമരത്തിലും പങ്കെടുത്ത് 10 മാസം സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്യപ്പെട്ടിരുന്നു. മംഗലാപുരം ഗവണ്‍മെന്റ് കോളേജില്‍ പഠിക്കുമ്പോള്‍ മുന്‍ എം.എല്‍.എ കെ. പുരുഷോത്തമന്‍, കഥാകൃത്ത് ടി. പത്മനാഭന്‍, അഡ്വ. പി.വി.കെ നായര്‍, അഡ്വ. മോഹന്‍ലാല്‍ എന്നിവര്‍ സഹപാഠികളായിരുന്നിട്ടുണ്ട്. സോഷ്യലിസ്റ്റ് നേതാക്കളായ ജോര്‍ജ്ജ് ഫെര്‍ണ്ണാണ്ടസ്, പി.എ കുഞ്ഞിരാമന്‍ നമ്പ്യാര്‍, കെ.പി മുഹമ്മദ്, പി.ആര്‍.കുറുപ്പ്, ശിവരാമ ഭാരതി, ആര്‍.എം. മനക്കലാത്ത്, കെ.കെ. അബു എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.
കാഞ്ഞങ്ങാടിന്റെ സമഗ്ര വികസനത്തിന് രൂപീകരിച്ച വികസന വേദിയുടെ സ്ഥാപകനായ ഭാസ്‌ക്കരന്‍ മാസ്റ്റര്‍ ഇപ്പോഴും പ്രസിഡന്റായി തുടരുകയാണ്. ഡോ. രാംമനോഹര്‍ ലോഹ്യയുടെ വില്‍സ് ഓഫ് ഹിസ്റ്ററി, മധുലിമായയുടെ ഫോര്‍ ഫില്ലേഴ്സ് ഓഫ് സ്റ്റേറ്റ്, ജോര്‍ജ്ജ് ഫെര്‍ണ്ണാണ്ടസിന്റെ ഗാന്ധി ആന്റ് ബോംബ് എന്നീ പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

ഭാര്യ: എം.എ ഭാനുമതി. മക്കള്‍: ചിത്രലേഖ (ബഹറിന്‍), സുദില്‍ (എംഡി, ഗ്രോടെക് ഗ്രൂപ്പ് കാഞ്ഞങ്ങാട്). മരുമക്കള്‍: ഡോ. ഹരികൃഷ്ണന്‍ (ബഹറിന്‍), ഷീജ (കതിരൂര്‍). സഹോദരങ്ങള്‍: സുധാകരന്‍, പ്രമീള, ഹേമലത, പരേതരായ പ്രഭാകരന്‍ (റിട്ട. പഞ്ചായത്ത് ഡയറക്ടര്‍), ഗണപതി, സഹദേവന്‍, രവീന്ദ്രന്‍, ഉഷ.

Related Articles
Next Story
Share it