അധ്യാപനം ജോലിയല്ല, അതൊരു കലയാണ്-എം.എസ് ധോണി

പ്രൊഫ. കെ.കെ അബ്ദുല്‍ഗഫാറിന്റെ ആത്മകഥ 'ഞാന്‍ സാക്ഷി' പ്രകാശനം ചെയ്തു കാസര്‍കോട്: അധ്യാപകരെയും അധ്യാപകവൃത്തിയേയും വാഴ്ത്തി ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണി. ബേക്കല്‍ താജ് ഹോട്ടലില്‍ പ്രൊഫസര്‍ കെ.കെ. അബ്ദുല്‍ ഗഫാറിന്റെ ആത്മകഥ 'ഞാന്‍ സാക്ഷി' പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുന്നതിനിടയിലാണ് അധ്യാപകരുടെ വിലമതിക്കാനാവാത്ത സേവനങ്ങളെ കുറിച്ച് ധോണി വാചാലനായത്.'അധ്യാപകനായിരുന്ന പ്രൊഫ. അബ്ദുല്‍ ഗഫാര്‍ പിന്നിട്ട യാത്രയെ കുറിച്ച് ഈ ആത്മകഥ ഉള്‍ക്കാഴ്ച പകരും. വിദ്യാഭ്യാസവും വിദ്യാര്‍ത്ഥികളും എങ്ങനെ മാറിയിരിക്കുന്നുവെന്നും അത് വ്യക്തമാക്കും. അധ്യാപനം ഒരു കലയാണെന്ന […]

പ്രൊഫ. കെ.കെ അബ്ദുല്‍ഗഫാറിന്റെ ആത്മകഥ 'ഞാന്‍ സാക്ഷി' പ്രകാശനം ചെയ്തു

കാസര്‍കോട്: അധ്യാപകരെയും അധ്യാപകവൃത്തിയേയും വാഴ്ത്തി ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണി. ബേക്കല്‍ താജ് ഹോട്ടലില്‍ പ്രൊഫസര്‍ കെ.കെ. അബ്ദുല്‍ ഗഫാറിന്റെ ആത്മകഥ 'ഞാന്‍ സാക്ഷി' പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുന്നതിനിടയിലാണ് അധ്യാപകരുടെ വിലമതിക്കാനാവാത്ത സേവനങ്ങളെ കുറിച്ച് ധോണി വാചാലനായത്.
'അധ്യാപകനായിരുന്ന പ്രൊഫ. അബ്ദുല്‍ ഗഫാര്‍ പിന്നിട്ട യാത്രയെ കുറിച്ച് ഈ ആത്മകഥ ഉള്‍ക്കാഴ്ച പകരും. വിദ്യാഭ്യാസവും വിദ്യാര്‍ത്ഥികളും എങ്ങനെ മാറിയിരിക്കുന്നുവെന്നും അത് വ്യക്തമാക്കും. അധ്യാപനം ഒരു കലയാണെന്ന അഭിപ്രായമാണ് എനിക്കുള്ളത്. ഒരു ക്ലാസ്സിലെ ഓരോ വിദ്യാര്‍ത്ഥിയുടെയും ബുദ്ധിമാനം വ്യത്യസ്തമായതുകൊണ്ട് അധ്യാപകര്‍ക്ക് ഓരോ വിദ്യാര്‍ത്ഥിയിലേക്കും പോകേണ്ടി വരും. വിദ്യാര്‍ത്ഥികളെ അച്ചടക്കം പഠിപ്പിക്കുന്നതോടൊപ്പം അവരുടെ കഴിവുകളും ബലഹീനതകളും പറഞ്ഞുകൊടുക്കുകയും ചെയ്യുന്നവരാണ് അവര്‍. അതുകൊണ്ട് തന്നെ ഒരു തൊഴില്‍ മേഖലയെന്നതിനേക്കാള്‍ ഒരു കലയാണ് അധ്യാപനം-ധോണി പറഞ്ഞു.
സ്‌കൂള്‍ വിദ്യാഭ്യാസത്തിലുടനീളം ലഭിച്ച അധ്യാപകരുടെ വലിയ ആരാധകനാണ് താനെന്നും ധോണി പറഞ്ഞു. ഞാന്‍ ഒരിക്കലും ഒരു കോളേജില്‍ പോയിട്ടില്ല, എങ്കിലും നന്നായി കാര്യങ്ങള്‍ ചെയ്തുവെന്ന് കരുതുന്നു-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുടുംബ സുഹൃത്തും സംരംഭകനുമായ ഡോ. ഷാജിര്‍ ഗഫാറിന്റെ ക്ഷണപ്രകാരമാണ് അദ്ദേഹത്തിന്റെ പിതാവിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കാനായി ധോണി കാസര്‍കോട്ടെത്തിയത്. തന്റെ പ്രസംഗത്തിനിടെ ഗൗരവം വെടിഞ്ഞു തമാശകള്‍ക്കും ധോണി സമയം കണ്ടെത്തി.
ആദ്യം കണ്ടപ്പോള്‍ ഡോക്ടര്‍ ഷാജിര്‍ എന്നോട് പറഞ്ഞത് അദ്ദേഹം ഒരു ഡോക്ടറാണ്, പക്ഷേ പ്രാക്ടീസ് ചെയ്യുന്നില്ല എന്നാണ്. ഞാനും അങ്ങനെ തന്നെയാണ്. ഡോക്ടറേറ്റ് എനിക്കുമുണ്ട്. എന്നാല്‍ ഞാനും പ്രാക്ടീസ് ചെയ്യുന്നില്ല-ഹോണററി ഡോക്ടറേറ്റുള്ള ധോണി ഇതുപറഞ്ഞപ്പോഴേക്കും വേദിയിലും സദസിലും കൂട്ടച്ചിരി ഉയര്‍ന്നു.
ധോണിയും പ്രൊഫ. അബ്ദുല്‍ഗഫാറും ചേര്‍ന്നാണ് പ്രകാശന ചടങ്ങ് നിര്‍വഹിച്ചത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വീഡിയോ സന്ദേശം പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് ധോണി, ദുബായ് ഹെല്‍ത്ത് അതോറിറ്റി സി.ഇ.ഒ ഡോ. മര്‍വാന്‍ അല്‍ മുല്ല, സിനിമാ താരം ടൊവിനോ തോമസ്, സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകനും കപില്‍ സിബലിന്റെ മകനുമായ അഖില്‍ സിബല്‍, മുന്‍ കേന്ദ്രമന്ത്രി സലീം ഇക്ബാല്‍ ഷര്‍വാണി, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മകന്‍ മുസ്തഫ, ഉമ്മന്‍ചാണ്ടിയുടെ മകന്‍ അച്ചു ഉമ്മന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, ദേവവ്യാസ് കാമത്ത് എം.എല്‍.എ, ഇഫ്തിഖാര്‍ അലി തുടങ്ങിയവര്‍ സംസാരിച്ചു. പ്രൊഫ. അബ്ദുല്‍ഗഫാറിന് വേണ്ടി പുസ്തക രചന നിര്‍വഹിച്ച മാധ്യമ പ്രവര്‍ത്തകനും ഉത്തരദേശം സീനിയര്‍ എഡിറ്ററുമായ ടി.എ ഷാഫി പുസ്തകം പരിചയപ്പെടുത്തി. ഡോ. ഷാജിര്‍ ഗഫാര്‍ സ്വാഗതവും ഷഹനാസ് ഗഫാര്‍ നന്ദിയും പറഞ്ഞു. മിഥുന്‍ രമേശ് അവതാരകനായിരുന്നു. മ്യൂസിക്കല്‍ നൈറ്റും അരങ്ങേറി. ശനിയാഴ്ച വൈകിട്ട് കാസര്‍കോട്ടെത്തിയ എം.എസ് ധോണി ഇന്നലെ ഉച്ചക്ക് മടങ്ങി.

Related Articles
Next Story
Share it