പ്രേതം വരുന്ന വഴി...

ഞങ്ങള്‍ നടക്കുമ്പോള്‍ രമേശന്റെ അച്ഛന്‍ രമേശനോട് പറഞ്ഞു. "രമേശാ ഉച്ചയ്ക്ക് മുമ്പ് ശശിമാമന്റെ വീട്ടില്‍ ചെന്ന് തെങ്ങിന്‍ തൈ കൊണ്ടുവരണം.കാര്‍ഷിക തുടിപ്പുകള്‍ നിലനില്‍ക്കുന്ന ഗ്രാമമാണെന്ന് പിടികിട്ടികാണുമല്ലോ?'ഓ' എന്ന ഒറ്റ അക്ഷരത്തില്‍ മറുപടി. രമേശനും ഞാനും കൊയ്ത്ത് കഴിഞ്ഞ് കളിക്കളമായി രൂപപ്പെട്ട പാടത്ത് കളിക്കൂട്ടുകാര്‍ക്കിടയിലേക്ക്. പിന്നെ കബഡി, നാടന്‍ പന്തുകളി, ഗോളിക്കളി... അതിനിടയില്‍ തെങ്ങിന്‍ തൈയും ശശി മാമനും ബോധമണ്ഡലത്തില്‍ നിന്നും മറഞ്ഞു. ഏതാണ്ട് ഉച്ചവരെ കളിച്ച് വിയര്‍ത്ത് തിരികെ വീട്ടിലേക്ക് നടക്കുമ്പോഴാണ് അവനെ ഞാന്‍ തെങ്ങിന്‍തൈയുടെ കാര്യം […]

ഞങ്ങള്‍ നടക്കുമ്പോള്‍ രമേശന്റെ അച്ഛന്‍ രമേശനോട് പറഞ്ഞു. "രമേശാ ഉച്ചയ്ക്ക് മുമ്പ് ശശിമാമന്റെ വീട്ടില്‍ ചെന്ന് തെങ്ങിന്‍ തൈ കൊണ്ടുവരണം.
കാര്‍ഷിക തുടിപ്പുകള്‍ നിലനില്‍ക്കുന്ന ഗ്രാമമാണെന്ന് പിടികിട്ടികാണുമല്ലോ?
'ഓ' എന്ന ഒറ്റ അക്ഷരത്തില്‍ മറുപടി. രമേശനും ഞാനും കൊയ്ത്ത് കഴിഞ്ഞ് കളിക്കളമായി രൂപപ്പെട്ട പാടത്ത് കളിക്കൂട്ടുകാര്‍ക്കിടയിലേക്ക്. പിന്നെ കബഡി, നാടന്‍ പന്തുകളി, ഗോളിക്കളി... അതിനിടയില്‍ തെങ്ങിന്‍ തൈയും ശശി മാമനും ബോധമണ്ഡലത്തില്‍ നിന്നും മറഞ്ഞു. ഏതാണ്ട് ഉച്ചവരെ കളിച്ച് വിയര്‍ത്ത് തിരികെ വീട്ടിലേക്ക് നടക്കുമ്പോഴാണ് അവനെ ഞാന്‍ തെങ്ങിന്‍തൈയുടെ കാര്യം ഓര്‍മ്മിപ്പിച്ചത്.
രണ്ടു കിലോ മീറ്ററിനപ്പുറത്താണ് ശശി മാമന്റെ വീട്. ഇനി പോയി എടുക്കാമെന്നു വിചാരിച്ചാല്‍ ശരിയാവില്ല.
"ങ് ആ ഞാന്‍...പറഞ്ഞോളാം" എന്ന് രമേശന്‍.
അവന്റെ വീട്ടുമുറ്റത്ത് കൃത്യമായും അവന്റെ അച്ഛന്‍ ഉണ്ടായിരുന്നു. എന്റെ കാലിന് ഒരു വിറയലും നാവിന് ഒരു വരള്‍ച്ചയും. ഉഗ്രകോപത്തിന്റെ കാര്യത്തില്‍ രമേശന്റെ അച്ഛനോട് മത്സരിച്ചാല്‍ ദുര്‍വാസാവു പോലും വെള്ളിക്കൊണ്ട് തൃപ്തിപ്പെടേണ്ടിവരും.
"തെങ്ങിന്‍ തൈ എവിടെടാ" അതൊരു അട്ടഹാസമായിരുന്നു. ബാലാവകാശ നിയമങ്ങളൊക്കെ വരുന്നതിന് മുമ്പുള്ള കാലം. മക്കളെ കൊല്ലാനൊഴികെ മര്‍ദ്ദനമുറകള്‍ക്കെല്ലാം വിധേയരാക്കാനും രക്ഷാകര്‍തൃ സമൂഹത്തിന് മൊഴിവായി അധികാരമുണ്ടായിരുന്ന കാലം. രമേശന്‍ പതറിയില്ല. നിര്‍ണ്ണായക സമയത്ത് മനസിനെ ഉറപ്പിച്ചു നിര്‍ത്തുന്നവനാണ് ധീരന്‍.
"പോയി" രമേശന്‍ പറഞ്ഞു. "പക്ഷെ വഴിയില്‍ ഒരാള് ഞങ്ങളെ പേടിപ്പിച്ചു. വീട്ടില്‍ പോകാന്‍ പറഞ്ഞു."
"ശെടാ ഭയങ്കരാ. ഞാനവനെ അത്ഭുതത്തോടെ നോക്കി. വഴിയില്‍ ചില ചട്ടമ്പി സ്വഭാവമുള്ളവര്‍ പിള്ളാരോട് "എവിടെ പോകുന്നെടാ കിടന്ന് കറങ്ങാതെ വീട്ടില്‍ പോടാ" എന്നൊക്കെ വിരട്ടിയിരുന്ന കാലമായിരുന്നു.
"എന്തോന്ന്...നിങ്ങളെ പേടിപ്പിച്ചെന്നോ, ആര്?"
"ആരാണെന്നറിയില്ല. ഓടെടാ എന്ന് പറഞ്ഞു. ഞങ്ങള്‍ പേടിച്ചു പോയി. തെങ്ങിന്‍ തൈ വൈകിട്ട് ചെന്ന് എടുത്തോണ്ട് വരാം."
ഗാന്ധിജിയും ബുദ്ധനും സത്യം പറയുമ്പോള്‍ എന്തു മാത്രം പ്രശാന്തമായിരുന്നോ അതിന്റെ ഇരട്ടി തന്മയത്വം. എന്തൊരൊഴുക്ക്...ഞാന്‍ പോലും അത് വിശ്വസിച്ചു. അച്ഛന്റെ കാര്യം പറയേണ്ടല്ലോ?
"വാ കാണിച്ചു താ" എന്നിട്ട് ഒറ്റ നടപ്പ്. ഞാനും കൂടെ. ഒരു നാടിന്റെ സാമൂഹ്യ, ഭൗതീക, സാമ്പത്തിക രീതികളെ അടിമുടി മാറ്റാന്‍ പോകുന്ന ഒരു യാത്രയാണ് അതെന്ന് അപ്പോഴറിഞ്ഞില്ല.
ഒരു വലിയ മാവിന്റെ സമീപത്താണ് ഞങ്ങളെത്തിയത്.
"എവിടെ നിങ്ങളെ പേടിപ്പിച്ചവന്‍." "ഇവിടെ ഉണ്ടായിരുന്നു അച്ഛാ."
അപ്പോഴാണ് രാമന്‍ ചേട്ടന്‍ വരുന്നത്. എന്താ...എന്താ കാര്യം?
"ഇവിടെ ആരോ പിള്ളേരെ വിരട്ടിയെന്ന്"
"ഇതവള്‍ തന്നെയാണ് പ്രേമാവതി"
"പ്രേമാവതിയോ?" രമേശന്റെ അച്ഛന്‍ അന്ധാളിച്ചു.
" നമ്മുടെ കിഴക്കേ വീട്ടിലെ പ്രേമ കൃഷ്‌ണേട്ടന്റെ മകളാ... അവള്‍ക്ക് ഒരു പ്രേമമുണ്ടായിരുന്നുവല്ലോ? ഈ മാവിന്‍ ചോട്ടില്‍ കാമുകനുമൊത്ത് നില്‍ക്കുമ്പോഴാണ് വീട്ടുകാര്‍ കണ്ടത്. പിന്നെ വഴക്കും ബഹളവുമായി. കഴിഞ്ഞാഴ്ച്ച അവള്‍ ആത്മഹത്യ ചെയ്തു. സംശയമില്ല...അവള്‍ തന്നെയാ...
ഞാനും രമേശനും മുഖാമുഖം നോക്കി...
രാത്രി അമ്മ എന്റെ കൈയില്‍ ജപിച്ച ചരട് കെട്ടി. ഉറങ്ങുമ്പോള്‍ വെട്ട് കത്തി പോലുള്ള ഉപകരണം തലയിണക്കടിയില്‍ വെച്ചു. അടുത്ത ദിവസം സ്‌കൂളിലേക്ക് പോകാന്‍ നേരത്ത് നജീബിന്റെ ഉപ്പ പറഞ്ഞു. "വലിയ മാവിന്റെ അടുത്ത് കൂടി പോകേണ്ട" ഞങ്ങള്‍ പുതിയ വഴിയിലൂടെ നടന്നു.
അടുത്ത ദിവസം കുറച്ച് അകലെയുള്ള ഒരാളെ നായ ഓടിച്ചു. ഓടുന്നതിനിടയില്‍ അയാളുടെ കൈയ്യിലിരുന്ന അരി, കോഴിമുട്ട, അയാളുടെ കണ്ണടയുമൊക്കെ തെറിച്ചുപോയി.
വലിയ മാവിന്‍ ചുവട്ടില്‍ അരിച്ചാക്കുകള്‍ കൂടി. കോഴിമുട്ടകള്‍ കൂടി. പ്രേമക്കൊച്ചിന്റെ പ്രീതിക്ക് ഇവ ഉത്തമമാണത്രെ! വലിയ മാവിന്‍ ചുവട് പ്രേമാവതി മുക്കായി. രാത്രിയുടെ ഏകാന്തതയില്‍ അവിടെ കരച്ചില്‍ കേട്ടു. ചില ഓട്ടോറിക്ഷകള്‍ അവിടെ വഴുതി വീണു. മാവിന്‍ ചുവട്ടില്‍ പകല്‍ പോലും അവര്‍ പോകാതായി. ഒന്നു രണ്ടു മാസം കഴിഞ്ഞു. ഞങ്ങളുടെ കുടുംബം സ്വദേശത്തേക്ക് മടങ്ങി. പഴയ സ്ഥലവും സംഭവങ്ങളും മറന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ഒരു യാത്ര പോയി. പഴയ നാട്ടിലൂടെയാണ് കടന്നു പോകേണ്ടത്. റോഡൊക്കെ വീതി കൂട്ടിയിട്ടുണ്ട്. ഒരിടത്ത് കാറുകളും ബൈക്കുകളും റിക്ഷകളുമൊക്കെ ഒതുക്കി നിര്‍ത്തിയിരിക്കുന്നു. ആകെ തിക്കും തിരക്കും.
"പ്രേമാവതി മുക്കിലിറങ്ങി നിവേദ്യം കൊടുത്തിട്ട് പോകാം" ഞങ്ങളുടെ ഡ്രൈവര്‍ പറഞ്ഞു. പ്രേമാവതി മുക്ക്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ കേട്ട പേര്. കാറു നിര്‍ത്തി ഞങ്ങള്‍ പുറത്തിറങ്ങി. ധാരാളം കടകള്‍. വ്യാപാര കേന്ദ്രങ്ങള്‍. വലിയ തിരക്ക്. പഴയ വലിയ മാവിനെ ചുറ്റിപ്പറ്റി ഇപ്പോള്‍ മിനി നഗരം തന്നെ രൂപപ്പെട്ടിരിക്കുന്നു. അവിടെ ഉണ്ടായിരുന്ന ഒരാളോട് ഞാന്‍ കാര്യങ്ങള്‍ തിരക്കി.
" പ്രേമാവതി എന്നു പറയുന്ന ഒരു യക്ഷി ദേവത കൂടിക്കൊള്ളുന്ന സ്ഥലമാണത്രെ അത്. രണ്ട് കുട്ടികളാണത്രെ പ്രേമാവതി കൊച്ചിനെ ആദ്യം കണ്ടത്. അതില്‍ ഒരു കുട്ടി പ്രേമാവതിയെ കണ്ട് പേടിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നാട്ടില്‍ നിന്നും പോയത്രെ. ഇപ്പോള്‍ എവിടെയുണ്ടെന്നറിയില്ല. മറ്റേ കുട്ടി നാട്ടുകാരന്‍ തന്നെ.
എല്ലാം കേട്ട് ഞാന്‍ പുഞ്ചിരിച്ചു. ഈ നാടിന്റെ സാമ്പത്തിക പുരോഗതിയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചവന്‍ എന്ന നിലയില്‍ എനിക്ക് അഭിമാനം തോന്നി.
"സാറിന് രണ്ട് കണ്ണടയും അഞ്ച് കിലോ അരിയും ഒരു ഡസന്‍ കോഴിമുട്ടയും നേര്‍ച്ചക്കായി എടുക്കട്ടെ"
വേണ്ടെന്ന് ഞാന്‍ തലയാട്ടി. കണ്ടക്ടര്‍ ടിക്കറ്റ് എടുക്കാറില്ലല്ലോ? ലോകഗതി ഓര്‍ത്ത് ഞാന്‍ വീണ്ടും ചിരിച്ചു. എന്നിട്ട് കാറിനടുത്തേക്ക് നടന്നു. അയാള്‍ പറഞ്ഞതൊക്കെ കേട്ട് ആകെ ഒരു ടെന്‍ഷന്‍. എന്തു വേണം? ഒന്നാലോചിച്ചു.
തിരികെ കടയിലേക്ക് ചെന്നു. ഓര്‍ഡര്‍ ചെയ്തു. 'രണ്ടു കിലോ അരിയും ആറ് മുട്ടയും'.

-പി.വി.കെ അരമങ്ങാനം

Related Articles
Next Story
Share it