ദേശീയപാതാ വികസനം പരാതികളും നിര്‍ദ്ദേശങ്ങളും കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയതായി ഉണ്ണിത്താന്‍ എം.പി
കാസര്‍കോട്: കേരളത്തില്‍ നിലവില്‍ നടന്നുവരുന്ന ദേശീയപാതാ വികസനവുമായി ബന്ധപെട്ട പ്രശ്‌നങ്ങള്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയെ ഡല്‍ഹിയില്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയാതായി രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി അറിയിച്ചു. 18-ാം ലോക്‌സഭ കാലയളവില്‍ ആദ്യമായാണ് മന്ത്രിയെ കാണുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മണ്ഡലത്തില്‍ നിന്ന് നിരവധി പരാതികളും നിര്‍ദ്ദേശങ്ങളും ലഭിച്ചിരുന്നു. ഇവയെല്ലാം ക്രോഡീകരിച്ച് മന്ത്രി ഗഡ്കരിയെ കണ്ട് വിശദമായി അവതരിപ്പിച്ചു എന്ന് എം.പി പറഞ്ഞു.
കാസര്‍കോട് ലോക്‌സഭാ പരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ ദേശീയപാത വീതി കൂട്ടി 6 വരി പാതയാക്കുന്ന സമയത്ത് ഉണ്ടായ പ്രശ്‌നങ്ങളും പ്രയാസങ്ങളും പ്രത്യേകിച്ച് മഞ്ചേശ്വരം ഭാഗങ്ങളിലും കാസര്‍കോട്, ചെര്‍ക്കള, കാഞ്ഞങ്ങാട്, പടന്നക്കാട്, നീലേശ്വരം, പയ്യന്നൂര്‍, പിലാത്തറ, കല്യാശ്ശേരി തുടങ്ങിയ വിവിധ പ്രദേശങ്ങളിലും ജനങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ രേഖാമൂലം മന്ത്രിയെ അറിയിച്ചു. മണ്ഡലത്തിലെ എം.എല്‍.എമാര്‍, നഗരസഭ-ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്മാര്‍, മറ്റു ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ ഉന്നയിച്ച പരാതികളും നിര്‍ദ്ദേശങ്ങളും ക്രോഡീകരിച്ച് ആവശ്യങ്ങള്‍ മന്ത്രിയെ അറിയിച്ചു. ന്യായമായ ആവശ്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി സാങ്കേതികവും സാമ്പത്തികവുമായ സാധ്യതകള്‍ കൂടി പരിഗണിച്ച ശേഷം വേണ്ടത് ചെയ്യാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പു നല്‍കിയതായി എം.പി അറിയിച്ചു.