അപൂര്‍വ്വ സൗഹൃദത്തിന്റെ ചിറകിലേറി തളങ്കര സ്‌കൂള്‍ '75 മേറ്റ്‌സ്; സുവര്‍ണ ജൂബിലി ആഘോഷത്തിന് വെള്ളിയാഴ്ച തുടക്കം

പത്രസമ്മേളനത്തില്‍ സംബന്ധിച്ചവര്‍
കാസര്‍കോട്: അപൂര്‍വ്വ സൗഹൃദത്തിന്റെ ചിറകിലേറി അമ്പതാണ്ടുകള്‍ പറന്ന തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ '75 മേറ്റ്‌സിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 25ന് നടക്കും. അന്ന് വൈകിട്ട് 4 മണിക്ക് കോട്ടേക്കണ്ണി റോഡിലെ ആര്‍. കെ. മാളില്‍ നടക്കുന്ന ചടങ്ങ് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും അഖിലേന്ത്യാ കിഡ്‌നി ഫെഡറേഷന്‍ ചെയര്‍മാനുമായ റവ. ഫാദര്‍ ഡേവിസ് ചിറമേല്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. '75 മേറ്റ്‌സ് ചെയര്‍മാന്‍ ടി.എ ശാഹുല്‍ ഹമീദ് അധ്യക്ഷത വഹിക്കും. കാസര്‍കോട് ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാര്‍ മുഖ്യാതിഥിയായിരിക്കും. കേന്ദ്ര സര്‍വ്വകലാശാല വിദ്യാഭ്യാസ വിഭാഗംതലവന്‍ ഡോ. മുഹമ്മദ് ഉണ്ണി എന്ന മുസ്തഫ മുഖ്യപ്രഭാഷണം നടത്തും. വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ യഹ്‌യ തളങ്കര, പത്രപ്രവര്‍ത്തകന്‍ ടി.എ ഷാഫി എന്നിവര്‍ പ്രസംഗിക്കും.
അഞ്ചു പതിറ്റാണ്ടുകളിലായി കാസര്‍കോടിന്റെ സാമൂഹ്യ, വിദ്യാഭ്യാസ, സാംസ്‌കാരിക, ആരോഗ്യ മേഖലകളില്‍ ജനോപകാരപ്രദമായ നിരവധി പദ്ധതികളുമായി സജീവമായി പ്രവര്‍ത്തിച്ചുവരുന്ന കൂട്ടായ്മയാണ് '75 മേറ്റ്‌സ്. രണ്ട് ഘട്ടങ്ങളിലായി കാസര്‍കോട്ട് നടത്തിയ മെഗാ മെഡിക്കല്‍ ക്യാമ്പില്‍ പതിനായിരത്തോളം നിര്‍ധനരായ രോഗികള്‍ക്ക് നേരിട്ട് സൗജന്യ ചികിത്സാ സഹായം ലഭ്യമാക്കി. സര്‍ജറിയടക്കമുള്ള തുടര്‍ ചികിത്സകള്‍ക്കാക്കുള്ള സംവിധാനവും ഏര്‍പ്പെടുത്തി. കാസര്‍കോടിനെ പരിസ്ഥിതി സൗഹൃദ നഗരമാക്കി മാറ്റാനുള്ള 'ഗ്രീന്‍ കാസര്‍കോട്' പദ്ധതി രണ്ട് ഘട്ടങ്ങളിലായി വിജയകരമായി പൂര്‍ത്തിയാക്കി. കെ.എസ്.ടി.പി റോഡില്‍ റോഡിന് ഇരുവശങ്ങളിലുമായി 12 കിലോ മീറ്റര്‍ ദൂരത്തില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്തു. കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലമുള്ള വിദ്യാലയങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊലീസ് സ്റ്റേഷനുകളിലും ആരാധനാലയങ്ങളിലും വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. '75 മേറ്റ്‌സ് അംഗങ്ങളുടെ വീടുകളിലും പഠിപ്പിച്ച അധ്യാപകരുടെ വീടുകളിലും ഫലവൃക്ഷങ്ങള്‍ നട്ടു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും സാമ്പത്തിക സഹായവും പഠനോപകരണങ്ങളും നല്‍കി. കോവിഡ് കാലത്ത് മൊബൈല്‍ ഫോണ്‍ ഒരു പഠന മാധ്യമമായപ്പോള്‍ സാമ്പത്തികമായ കാരണത്താല്‍ ഫോണ്‍ സ്വന്തമാക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്ക് ഫോണ്‍ ലഭ്യമാക്കി. നിര്‍ധനരായ രോഗികള്‍ക്കും വയോധികര്‍ക്കും പ്രയോജനപ്പെടുന്ന വിധത്തില്‍ സൗജന്യ ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു. തളങ്കര മുസ്ലിം ഹൈസ്‌കൂളിലെ മൂന്നു ക്ലാസ് മുറികള്‍ക്ക് ഫര്‍ണിച്ചറുകള്‍ ഒരുക്കിക്കൊടുത്തു. ഉന്നത വിദ്യാഭ്യാസത്തിന് സാമ്പത്തിക പ്രയാസം നേരിട്ട നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് എല്‍.ബി.എസ് അടക്കമുള്ള കോളേജുകളില്‍ പഠനസൗകര്യം ഏര്‍പ്പെടുത്തി. കൂട്ടായ്മയുടെ രൂപീകരണം മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന '75 മേറ്റ്‌സിന്റെ 'ചാരിറ്റി വിംഗ്' നിര്‍ധനരുടെ ആശാകേന്ദ്രമായി ഇപ്പോഴും തുടര്‍ന്നുവരുന്നു. പ്രകൃതിദുരന്തം നാശം വിതച്ച വയനാട്ടില്‍, '75 മേറ്റ്‌സ് റെസ്‌ക്യൂ ടീം' ഒരാഴ്ചയോളം അവിടെ തങ്ങി ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും സാമ്പത്തിക സഹായം നല്‍കുകയും ചെയ്തു. കേരളത്തിലെ യുവതലമുറയെ കാര്‍ന്നുതിന്നുന്ന ലഹരി ഉപയോഗത്തിനെതിരെ മറ്റ് സന്നദ്ധ സംഘടനകളുമായി സഹകരിച്ച് നിരവധി കാമ്പയിനുകള്‍ സംഘടിപ്പിച്ചു. ജനമൈത്രി, എന്‍.എസ്.എസ് തുടങ്ങിയവയുടെ കീഴില്‍ നടന്ന ലഹരി വിരുദ്ധ കാമ്പയിനില്‍ സജീവമായി സഹകരിച്ചു. കാസര്‍കോട് മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് പാലിയേറ്റീവ് സൗഹൃദ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു. രോഗികള്‍ക്ക് ഭക്ഷണസാമഗ്രികള്‍ വിതരണം ചെയ്തു. '75 മേറ്റ്‌സിന്റെ ഒരുമയുടെയും ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമായി നിരവധി സംഗമങ്ങള്‍ സംഘടിപ്പിക്കുകയും കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്ന് വിവിധങ്ങളായ കലാപരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. ഡല്‍ഹി, മലേഷ്യ എന്നിവിടങ്ങളിലേക്ക് കുടുംബാംഗങ്ങള്‍ സഹിതം ഉല്ലാസയാത്രകളും സംഘടിപ്പിച്ചു.
പത്രസമ്മേളനത്തില്‍ പ്രോഗ്രാം കണ്‍വീനര്‍ എം.എ ലത്തീഫ്, ട്രഷറര്‍ എം.എ അഹമ്മദ്, മീഡിയ കോര്‍ഡിനേറ്റര്‍ പി.എം കബീര്‍, കണ്‍വീനര്‍ പി.എ മജീദ്, എ.പി മുഹമ്മദ് കുഞ്ഞി, പി.എ മുഹമ്മദ് കുഞ്ഞി, സി.എം മുസ്തഫ, കെ.കെ സുലൈമാന്‍, ബി.യു അബ്ദുല്ല, എച്ച്. ഷുക്കൂര്‍, മൊയ്തീന്‍ അങ്കോല, ടി.എ മജീദ് എന്നിവര്‍ സംബന്ധിച്ചു.