മൈക്രോ ഫിനാന്‍സ് വായ്പ തട്ടിപ്പ്: കേരള പൊലീസ് അന്വേഷിക്കണമെന്ന് കര്‍മസമിതി

കാസര്‍കോട്: ധര്‍മസ്ഥല ക്ഷേത്രത്തിന്റെ പേരില്‍ ദക്ഷിണ കന്നടയിലും കാസര്‍കോട് ജില്ലയിലും നടന്ന മൈക്രോ ഫിനാന്‍സ് വായ്പ തട്ടിപ്പ് കേരള പൊലീസ് അന്വേഷിക്കണമെന്ന് കര്‍മസമിതി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കുടുംബശ്രീ മാതൃകയിലുള്ള സ്വയം സഹായസംഘങ്ങളുണ്ടാക്കി ശ്രീ ക്ഷേത്ര ധര്‍മസ്ഥല റൂറല്‍ ഡവലപ്മെന്റ് പ്രോഗ്രാം ബാങ്ക് ബിസിനസ്സ് കറസ്പോണ്ടന്റ് ട്രസ്റ്റിന്റെ (എസ്.കെ.ഡി.ആര്‍.പി ബി.സി. ട്രസ്റ്റ്) പേരിലാണ് മൈക്രോ ഫിനാന്‍സ് വായ്പ വിതരണവും പണപ്പിരിവും. കര്‍ണാടകയിലും കാസര്‍കോട് ജില്ലയിലുമായി 64 ലക്ഷം പേരെ അംഗങ്ങളാക്കി 10 രൂപ മുതല്‍ 100 രൂപ വരെ ആഴ്ചയില്‍ പണം പിരിച്ചാണ് വായ്പ നല്‍കുന്നത്. കര്‍ണാടകയില്‍ കുടുംബശ്രീ മാതൃകയിലുള്ള സഞ്ജീവനി പദ്ധതിയില്‍ 3.5 ശതമാനത്തിന് വായ്പയുണ്ട്. സ്വയം സഹായ സംഘങ്ങള്‍ക്കാണ് നല്‍കുന്നത്. ഈ വായ്പ എസ്.കെ.ഡി.ആര്‍.പി. ബി.സി. ട്രസ്റ്റിന്റെ പേരിലുണ്ടാക്കിയ സ്വയം സഹായസംഘങ്ങളുടെ പേരില്‍ ട്രസ്റ്റിലെ വട്ടിപ്പലിശക്കാര്‍ വാങ്ങും. ഇവര്‍ 13 ശതമാനത്തിലും കൂടുതല്‍ പലിശക്ക് സ്വയംസഹായ അംഗങ്ങള്‍ക്കും നല്‍കും. ബാങ്ക് അക്കൗണ്ട് പാസ് ബുക്കോ, വാങ്ങിയ പണത്തിന് രശീതോ നല്‍കില്ല. ഓണ്‍ലൈന്‍ ഇടപാടുമില്ല. ആയിരം കോടിയിലധികം നേരിട്ടുള്ള കറന്‍സിയാണ് സംഘം കൈപ്പറ്റുന്നത്. മൂന്ന് ലക്ഷം വായ്പ വാങ്ങിയ ആള്‍ രണ്ട് ലക്ഷം അടച്ച ശേഷം വീണ്ടും 2.80 ലക്ഷം രൂപ തിരിച്ചടക്കണം എന്ന് ഭീഷണിപ്പെടുത്തി ഗുണ്ടാ പിരിവാണ് നടത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. 25,000 കോടി രൂപയുടെ ഇടപാടാണ് നടക്കുന്നത്. ആറ് ലക്ഷം പേര്‍ കാസര്‍കോട് ജില്ലയില്‍ വരിക്കാരാണ്. എല്‍.ഐ.സിയുടെ പേരിലും ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പേരിലും പണം വാങ്ങുന്നു. എന്നാല്‍ ഇവരുടെ ആരോഗ്യ കാര്‍ഡ് ഒരു ആസ്പത്രിയും സ്വീകരിക്കുന്നില്ല. എല്‍.ഐ.സി ഇവരെ തള്ളിപറയുന്നു. കര്‍ണാടകത്തില്‍ ഇവരുടെ മൈക്രോ ഫിനാന്‍സ് വായ്പത്തട്ടിപ്പില്‍ നാലുപേര്‍ ആത്മഹത്യ ചെയ്തു. 41 കേസ് എടുത്തിട്ടുണ്ട്. 20 വര്‍ഷത്തിലധികമായി കാസര്‍കോട് ജില്ലയില്‍ ഈ ട്രസ്റ്റ് സജീവമാണ്. ധര്‍മസ്ഥല ക്ഷേത്രത്തിന്റെയും അധികാരി വീരേന്ദ്ര ഹെഗ്ഡയുടെയും കുടുംബാംഗങ്ങളുടെയും ചിത്രം പതിപ്പിച്ച പാസ് ബുക്കാണ് പണപ്പിരിവിനായി ഉപയോഗിക്കുന്നത്. വായ്പ തട്ടിപ്പ് സമഗ്രമായി അന്വേഷിക്കാന്‍ ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.

പത്രസമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ ഗിരീഷ് മണ്ണട്ടവര്‍, ആര്‍. ഗിരീഷ് കുമാര്‍, മഹേഷ് ഷെട്ടി, ടി. ജയന്ത്, കെ. അശോക എന്നിവര്‍ സംബന്ധിച്ചു.



ധര്‍മസ്ഥല ക്ഷേത്രത്തിന്റെ പേരില്‍ ദക്ഷിണ കന്നടയിലും കാസര്‍കോട് ജില്ലയിലും നടന്ന മൈക്രോ ഫിനാന്‍സ് വായ്പ തട്ടിപ്പ് കേരള പൊലീസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍മസമിതി നടത്തിയ പത്രസമ്മേളനം

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it