ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്സ്പോയും വ്യവസായി സംഗമവും കൊച്ചിയില്‍

വ്യവസായി മഹാസംഗമം ജനുവരി 18ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: കേരള വ്യവസായ വകുപ്പിന്റെയും കേന്ദ്ര എം.എസ്.എം.ഇ മന്ത്രാലയത്തിന്റെയും സഹകരണത്തോടെ കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷനും മെട്രോമാര്‍ട്ടും ചേര്‍ന്ന് സംഘടിപ്പിക്കുന്ന രണ്ടാമത് ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്സ്പോയും വ്യവസായി സംഗമവും 2026 ജനുവരി 16, 17, 18 തീയതികളില്‍ കൊച്ചി അങ്കമാലി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. വ്യവസായി മഹാസംഗമം 18ന് വൈകിട്ട് 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് മുഖ്യപ്രഭാഷണം നടത്തും. ജനുവരി 16ന് എക്സ്പോയുടെ ഉദ്ഘാടനം ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. 18ന് നടക്കുന്ന സമാപന സമ്മേളനം കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിന്റ വ്യവസായ മേഖലയുടെ പുത്തന്‍ ഉണര്‍വ് ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന എക്സിബിഷനില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെ ഇതിനോടകം 600 ഓളം എക്സിബിറ്റേഴ്സും ഇരുപതിനായിരത്തില്‍ അധികം ട്രേഡ് വിസിറ്റേഴ്സും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി കെ.എസ്.എസ്.ഐ.എ അംഗങ്ങളായ പതിനായിരത്തിലധികം വ്യവസായികളും എക്സ്പോയുടെ ഭാഗമാകും.

മെഷീനുകളുടെ പ്രദര്‍ശനവും വില്‍പ്പനയും

ആധുനിക രീതിയിലുള്ള ഓട്ടോമാറ്റിക് മെഷീനറികള്‍ എഞ്ചിനീയറിംഗ്, ഫുഡ,് കെമിക്കല്‍, പ്ലാസ്റ്റിക്, ഓയില്‍, ഗ്യാസ,് റബ്ബര്‍, കശുവണ്ടി, കാര്‍ഷിക അധിഷ്ഠിത ഉപകരണങ്ങള്‍ തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ചൈന, യു.കെ, യു.എ.ഇ, ജര്‍മ്മനി, ദക്ഷിണ കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള 600 ഓളം പ്രമുഖ മെഷിനറി നിര്‍മ്മാതാക്കള്‍ അവരുടെ ഉല്‍പ്പന്നങ്ങളും നൂതന സാങ്കേതിക വിദ്യകളും മേളയില്‍ പ്രദര്‍ശിപ്പിക്കും.

കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങള്‍ക്കുള്ള പ്രത്യേക പവലിയന്‍ മേളയുടെ പ്രധാന ആകര്‍ഷണമാണ്. പുതിയ വ്യവസായങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മിഷനറി നിര്‍മ്മാതാക്കളുമായി ബന്ധപ്പെടുന്നതിനായി ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ സജ്ജമാക്കും. വായ്പകള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സഹായിക്കുന്നതിനായി വിവിധ ബാങ്കുകളുടെ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ഉണ്ടാകും. കേന്ദ്ര എം.എസ്.എം.ഇ മന്ത്രാലയത്തിന്റെ പ്രത്യേക സ്റ്റാളുകളും സജ്ജീകരിക്കും.

വ്യവസായങ്ങളെ ആഗോള വിപണിയിലേക്ക് വ്യാപിപ്പിക്കുന്നത് സംബന്ധിച്ചുള്ള സെമിനാറുകള്‍, ചര്‍ച്ചകള്‍, ബയര്‍-സെല്ലര്‍ മീറ്റിങ്ങുകള്‍, വെണ്ടര്‍ ഡെവലപ്മെന്റ് പ്രോഗ്രാമുകള്‍ എന്നിവയും സംഘടിപ്പിക്കും. വിവിധതരം റോബോട്ടുകള്‍, സെമിനാറുകള്‍, എ.ഐ അനുബന്ധ മിഷനറികള്‍ എന്നിവക്കൊപ്പം നിര്‍മ്മാണം, ഓട്ടോമൊബൈല്‍, ഉല്‍പ്പാദനം, ഹോസ്പിറ്റാലിറ്റി, കാര്‍ഷികം തുടങ്ങിയ മേഖലകളില്‍ ഉപയോഗിക്കാവുന്ന മെഷിനറികളുടെ പ്രദര്‍ശനം കേരളത്തിന്റെ വ്യവസായിക വളര്‍ച്ചയ്ക്ക് കരുത്തേകും. സംസ്ഥാനത്തിന്റെ വ്യവസായ ചരിത്രത്തിലെ ഏറ്റവും വലിയ എക്സിബിഷന്‍ ആണ് സംഘടിപ്പിക്കുന്നത്.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ആയി http://www.iiie.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം ഫോണ്‍: 9947733339, 9995139933.

പത്രസമ്മേളനത്തില്‍ കെ.എസ്.എസ്.ഐ.എ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് എസ്. രാജാറാമ, ജില്ലാ സെക്രട്ടറി മുജീബ് അഹ്മദ്, ജില്ലാ വൈസ് പ്രസിഡണ്ട് കെ.വി സുഗതന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി പ്രസീഷ് കുമാര്‍ എം., മുന്‍ ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദലി, പി.വി രവീന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദലി റെഡ് വുഡ് സംബന്ധിച്ചു.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it