കാസര്‍കോടിന്റെ ഗള്‍ഫ് സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കിയ മൗലവി ട്രാവല്‍സ് സുവര്‍ണ്ണ ജൂബിലി നിറവില്‍
വിപുലീകരിച്ച ഓഫീസ് ഉദ്ഘാടനം നാളെ

മൗലവി ട്രാവല്‍സിന്റെ അമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി വിപുലീകരിച്ച ഓഫീസ് ഉദ്ഘാടനം സംബന്ധിച്ച് കാസര്‍കോട് മൗലവി ഗ്രൂപ്പ് സാരഥികള്‍ നടത്തിയ പത്രസമ്മേളനം
കാസര്‍കോട്: കാസര്‍കോടിന്റെ പറക്കാനുള്ള സ്വപ്‌നങ്ങള്‍ക്ക് ചിറക് വെച്ചുകൊടുത്ത മൗലവി ട്രാവല്‍സ് സുവര്‍ണ്ണ ജൂബിലി ആഘോഷ നിറവില്‍. 50-ാം വാര്‍ഷികത്തിന്റെ ഭാഗമായി വിപുലീകരിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ നാളെ വൈകിട്ട് 4 മണിക്ക് പ്രമുഖ പ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവി നിര്‍വ്വഹിക്കുമെന്ന് മൗലവി ഗ്രൂപ്പ് സാരഥികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, മാസങ്ങളോളം നീളുന്ന കടല്‍ യാത്രകളിലൂടെ ഒളിച്ചുകടന്നാണ് പലരും വിദേശ രാജ്യങ്ങളില്‍ എത്തിയിരുന്നത്. ഇതിന് പരിഹാരമായി യഥാര്‍ത്ഥ രേഖകളുമായി, അധികൃതരുടെ അംഗീകാരത്തോടെ തന്നെ ഗള്‍ഫ് നാടുകളിലേക്ക് സുഗമമായി യാത്ര ചെയ്യാനുള്ള പാതയൊരുക്കിയാണ് 1975ല്‍ മൗലവി ട്രാവല്‍സ് കാസര്‍കോട്ട് തുടക്കം കുറിച്ചത്. പാസ്പോര്‍ട്ട് അടക്കമുള്ള കാര്യങ്ങള്‍ സുതാര്യമായി ചെയ്ത്കൊടുത്ത് ചുരുങ്ങിയ കാലംകൊണ്ട് യാത്രാപ്രിയരുടെയും ഗള്‍ഫ് സ്വപ്‌നം കണ്ടുതുടങ്ങിയവരുടെയും വിശ്വസ്ത സ്ഥാപനമായി മാറി. 1931 ലാണ് അറിവിനും വിദ്യഭ്യാസത്തിനും ഊന്നല്‍ നല്‍കി മൗലവി ഗ്രൂപ്പ് സ്ഥാപകന്‍ മമ്മുഞ്ഞി മൗലവി കാസര്‍കോട് നഗരത്തില്‍ മൗലവി ബുക്ക് ഡിപ്പോ ആരംഭിക്കുന്നത്. മമ്മുഞ്ഞി മൗലവിയുടെ കൂടെ മകന്‍ അബ്ദുല്ലയും നേതൃനിരയിലുണ്ടായിരുന്നു. 1975ല്‍ എന്‍.എം കറമുല്ലാഹ് ഹാജിയും എന്‍.എ സുലൈമാനും മൗലവി ട്രാവല്‍സ് എന്ന സ്ഥാപനം തുറന്നു. വിനോദ സഞ്ചാര-ട്രാവല്‍സ് മേഖലയിലേക്കും ചുവടുവെച്ചു. 1980ല്‍ മുംബൈയിലും ഓഫീസ് തുറന്നു. അയാട്ട അക്രഡിറ്റേഷനും റിക്രൂട്ടിങ് ലൈസെന്‍സും ലഭിച്ചതോടെ അന്താരാഷ്ട്ര തലത്തില്‍ മൗലവി ട്രാവല്‍സിന്റെ വിശ്വാസ്യത വര്‍ധിച്ചു. 2010ല്‍ ഉംറ ലൈസന്‍സും 2018ല്‍ ഹജ്ജ് മന്ത്രാലയത്തിന്റെ അനുമതിയും ലഭ്യമാക്കി ആയിരകണക്കിന് തീര്‍ത്ഥാടകരെ പുണ്യഭൂമിയിലെത്തിച്ചു. 2013ല്‍ കൊച്ചി കളമശേരിയില്‍ മൗലവി ബുക്സ് മിറ സ്പോര്‍ട്സ് പ്രവര്‍ത്തനമാരംഭിച്ചു. വിനോദ സഞ്ചാര മേഖലയില്‍ പുതിയ അധ്യായം കുറിച്ച് മൗലവി ഹോളിഡേ ലോഞ്ചും ആരംഭിച്ചു. 2022ല്‍ കൊച്ചി കാക്കനാട്ട് മൗലവി ബുക്സ് പുതിയ ബ്രാഞ്ചിന് തുടക്കം കുറിച്ചു.
പത്രസമ്മേളനത്തില്‍ മൗലവി ഗ്രൂപ്പ് സാരഥികളായ എന്‍.കെ. അമാനുല്ല, എന്‍.കെ. അന്‍വര്‍, എന്‍.കെ. അബ്ദുല്‍ സമദ്, എന്‍.കെ. ശിഹാബുദ്ദീന്‍, എന്‍.എസ്. നൂറുല്‍ ഹസന്‍, എന്‍.എസ്. അബ്ദുല്ല മുഹമ്മദ് മുക്താര്‍ എന്നിവര്‍ സംബന്ധിച്ചു.