1031 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നീതി നിഷേധിക്കരുത്; കലക്ടറേറ്റ് മാര്‍ച്ച് 27ന്

1031 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നീതി നിഷേധിക്കരുതെന്ന് ആവശ്യപ്പെട്ട് കലക്ടറേറ്റ് മാര്‍ച്ച് നടത്തും. ഭാരവാഹികള്‍ നടത്തിയ പത്രസമ്മേളനം
കാസര്‍കോട്: 1031 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നീതി നിഷേധിക്കരുതെന്ന് ആവശ്യപ്പെട്ട് കലക്ടറേറ്റ് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 27ന് രാവിലെ 10 മണിക്ക് പ്രൊഫ. വീരാന്‍കുട്ടി ഉദ്ഘാടനം ചെയ്യും. സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലെ നേതാക്കന്മാര്‍ പങ്കെടുക്കും. 2017ലെ പ്രത്യേക മെഡിക്കല്‍ ക്യാമ്പില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 1905 ദുരിതബാധിതരില്‍ നിന്ന് കാരണമൊന്നുമില്ലാതെ ഒഴിവാക്കിയ 1031 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് കാസര്‍കോട് പാക്കേജില്‍ ഉള്‍പ്പെടുത്തി സഹായിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിക്കുകയുണ്ടായി. നിയമസഭാ രേഖകളിലും അതുവന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ചികിത്സ കിട്ടാതെ ഇതില്‍പെട്ട പലരും മരിക്കുകയും ചെയ്തു. നിരവധി തവണ ബന്ധപ്പെട്ടവരെ സമീപിച്ചുവെങ്കിലും നടപടികള്‍ ഉണ്ടായിട്ടില്ല. സ്വാഭാവിക നീതി നിഷേധിക്കുന്ന ഒരു ഘട്ടത്തില്‍ വീണ്ടും സമരം ഏറ്റെടുക്കുകയല്ലാതെ മറ്റു മാര്‍ഗമൊന്നുമില്ല. നിരവധി പ്രക്ഷോഭങ്ങള്‍ക്ക് ശേഷം നാലു മാസത്തിലധികം കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ അനിശ്ചിതകാല ഘട്ടത്തിലാണ് കാസര്‍കോട്ടെ എം.എല്‍.എമാരുടെ സമരം നടത്തുന്ന സാന്നിധ്യത്തില്‍ മുഖ്യമന്ത്രി ഉറപ്പു നല്‍കിയത്. ഇതേ തുടര്‍ന്നാണ് അനിശ്ചിതകാല സമരം പിന്‍വലിച്ചത്. ഒത്തുതീര്‍പ്പ് വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചുവെങ്കിലും പിന്നീട് മറ്റൊരു നടപടിയും ഉണ്ടായില്ല. സമരം വീണ്ടും ആരംഭിക്കുന്നതിന്റെ ഭാഗമായി 27ന് കലക്ടറേറ്റിലേക്ക് ബഹുജന മാര്‍ച്ച് നടത്തും. തങ്ങളുടേതല്ലാത്ത തെറ്റ് കൊണ്ട് ജീവിതം നഷ്ടപ്പെടേണ്ടി വന്ന മനുഷ്യര്‍ നടത്തുന്ന അതിജീവന സമരത്തില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.
പത്രസമ്മേളനത്തില്‍ പ്രമീള ചന്ദ്രന്‍, ബിന്ദു മടിക്കൈ, പി. ഷൈനി, പ്രസന്ന കാഞ്ഞങ്ങാട് എന്നിവര്‍ സംബന്ധിച്ചു.
1031 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നീതി നിഷേധിക്കരുതെന്ന് ആവശ്യപ്പെട്ട് കലക്ടറേറ്റ് മാര്‍ച്ച് നടത്തും. ഭാരവാഹികള്‍ നടത്തിയ പത്രസമ്മേളനം