ചില നിലപാടുകളെ സ്വാഗതം ചെയ്തതിന്റെ അര്‍ത്ഥം മുസ്ലിംലീഗിന് ഇടതുമുന്നണിയുടെ വാതില്‍ തുറന്നു എന്നല്ല-എം.വി ഗോവിന്ദന്‍

കാസര്‍കോട്: അടുത്തകാലത്ത് ചില കാര്യങ്ങളില്‍ മുസ്ലിംലീഗ് സ്വീകരിച്ച നിലപാടുകള്‍ എല്‍.ഡി.എഫ് നിലപാടുകള്‍ക്ക് സമാനമായിരുന്നുവെന്നും അതുകൊണ്ടാണ് അത്തരം നിലപാടുകളെ സ്വാഗതം ചെയ്തതെന്നും അതുകൊണ്ട് മാത്രം മുന്നണി പ്രവേശത്തിന് അര്‍ഹത നേടിയെന്ന് അര്‍ത്ഥമില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണി എന്നത് ഒരു രാഷ്ട്രീയ കൂട്ടുകെട്ടാണ്. ആ കൂട്ടുകെട്ടിലേക്കെത്താന്‍ ഞങ്ങളുടെ നിലപാടിന് സമാനമായ പ്രസ്താവനകള്‍ മാത്രം പോര. നിലപാടുകള്‍ ആവര്‍ത്തിച്ച് തെളിയിക്കുക കൂടി വേണം. ആരായാലും ശരിയായ നിലപാടുകള്‍ […]

കാസര്‍കോട്: അടുത്തകാലത്ത് ചില കാര്യങ്ങളില്‍ മുസ്ലിംലീഗ് സ്വീകരിച്ച നിലപാടുകള്‍ എല്‍.ഡി.എഫ് നിലപാടുകള്‍ക്ക് സമാനമായിരുന്നുവെന്നും അതുകൊണ്ടാണ് അത്തരം നിലപാടുകളെ സ്വാഗതം ചെയ്തതെന്നും അതുകൊണ്ട് മാത്രം മുന്നണി പ്രവേശത്തിന് അര്‍ഹത നേടിയെന്ന് അര്‍ത്ഥമില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണി എന്നത് ഒരു രാഷ്ട്രീയ കൂട്ടുകെട്ടാണ്. ആ കൂട്ടുകെട്ടിലേക്കെത്താന്‍ ഞങ്ങളുടെ നിലപാടിന് സമാനമായ പ്രസ്താവനകള്‍ മാത്രം പോര. നിലപാടുകള്‍ ആവര്‍ത്തിച്ച് തെളിയിക്കുക കൂടി വേണം. ആരായാലും ശരിയായ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ ഞങ്ങള്‍ സ്വാഗതം ചെയ്യും. അതിനര്‍ത്ഥം മുന്നണിയുടെ വാതില്‍ തുറന്നിട്ടിരിക്കുന്നു എന്നല്ല. തെറ്റായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ എതിര്‍ക്കുകയും ചെയ്യും. അതിനര്‍ത്ഥം മുന്നണിയുടെ വാതില്‍ അടച്ചിട്ടിരിക്കുകയാണ് എന്നുമല്ല-ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ജനകീയ പ്രതിരോധ യാത്ര പിണറായിക്ക് രാഷ്ട്രീയ രക്ഷാകവചം തീര്‍ക്കാനാണ് എന്നാണ് ചില മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നത്. എന്നാല്‍ പിണറായിയില്‍ മാത്രം പരിമിതപ്പെടുത്തേണ്ടതില്ല. ജനപക്ഷ സര്‍ക്കാരിനെ കണ്ണിലെ കൃഷ്ണമണിപോലെ കാക്കുക സി.പി.എമ്മിന്റെ ലക്ഷ്യമാണ്. അതില്‍ ബി.ജെ.പിക്ക് അസ്വസ്ഥത സ്വാഭാവികം. ഈ യാത്ര സര്‍ക്കാറിനുള്ള രക്ഷാകവചം തന്നെയാണ്. കേരള സര്‍ക്കാറിനെ ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിലനിന്നേ തീരുവെന്നുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ഈ യാത്രയെന്നും അദ്ദേഹം പറഞ്ഞു.
ആരൊക്കെ പറഞ്ഞാലും ഇന്ധന സെസ് കൂട്ടാതെ മറ്റൊരു മാര്‍ഗവുമില്ലായിരുന്നുവെന്ന് എം.വി ഗോവിന്ദന്‍ ആവര്‍ത്തിച്ചു. പെട്രോളിന് 100 രൂപ കഴിഞ്ഞപ്പോഴും പ്രതിപക്ഷത്തിന് ഒരു പ്രശ്‌നവുമില്ലായിരുന്നു. ഒരു നിര്‍വാഹവുമില്ലാതെ ഞങ്ങള്‍ രണ്ടുരൂപ കൂട്ടിയപ്പോഴാണ് പ്രശ്‌നം. ജി.എസ്.ടി നഷ്ടപരിഹാരവും കുടിശ്ശികയും അടക്കം തരാതെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറിനെ വീര്‍പ്പുമുട്ടിച്ചപ്പോള്‍ മറ്റൊരു വഴിയുമില്ലാതെയാണ് ഇത്തരമൊരു തീരുമാനം എടുക്കേണ്ടിവന്നത്. പഞ്ചവത്സര പദ്ധതിയില്‍ മുന്‍ വിഹിതങ്ങളേക്കാള്‍ ആയിരക്കണക്കിന് കോടി രൂപ കുറച്ചു. എല്ലാതരത്തിലും കേന്ദ്രം ദ്രോഹിക്കുകയാണ്. ഇന്ധന സെസ് വര്‍ധന സംബന്ധിച്ച പ്രതിഷേധം പ്രതിപക്ഷം തീര്‍ക്കുന്ന പുകമറ മാത്രമാണ്. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ട്-അദ്ദേഹം പറഞ്ഞു.
ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് കുടുതല്‍ നിക്ഷേപം, പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍, പൊതുമേഖലാ സംരക്ഷണം എന്നിവയെല്ലാം പിണറായി സര്‍ക്കാരിന്റെ മുഖമുദ്രകളാണ്. ഇതിന് കടകവിരുദ്ധമായ സമീപനമാണ് മോദി സര്‍ക്കാരിന്റേത്. ഒരോ സംസ്ഥാനത്തും പരമാവധി ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഒന്നിപ്പിക്കുക എന്ന തന്ത്രമാണ് സി.പി.എം സ്വീകരിക്കുന്നത്. മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്ന കോണ്‍ഗ്രസിനൊപ്പം അണിചേരാന്‍ ഭൂരിപക്ഷം പ്രാദേശിക കക്ഷികളും മടിക്കുകയാണ്.
ജമാഅത്തെ ഇസ്ലാമിയും ആര്‍.എസ്.എസും തമ്മില്‍ നടന്ന ചര്‍ച്ചയുടെ നേട്ടമെന്താണെന്ന് വ്യക്തമാക്കണമെന്ന് എം.വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. ആര്‍.എസ്.എസ് ആവശ്യപ്പെട്ടതിനുസരിച്ചാണ് ചര്‍ച്ച നടന്നതെന്നാണ് ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ പി. മുജീബുറഹ്‌മാന്‍ വെളിപ്പെടുത്തിയത്. ഈ വിഷയം ഉയര്‍ത്തി ഇസ്ലാമോഫോബിയ പടര്‍ത്താനാണ് സി.പി.എം ശ്രമമെന്ന് പറയുന്ന ജമാഅത്തെ ഇസ്ലാമി ഏറ്റവും കുടുതല്‍ ഇസ്ലാമോഫോബിയ പടര്‍ത്തുന്ന ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തിയത് എന്തിനായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ്-ലീഗ്-വെല്‍ഫയര്‍ പാര്‍ട്ടി അന്തര്‍ധാര വ്യക്തമാണ്. എല്ലാ കാലത്തും തുടരുന്ന ഈ ബന്ധത്തിന്റെ തുടര്‍ച്ചയാകും ആര്‍.എസ്.എസ്-ജമാഅത്തെ ഇസ്ലാമി ചര്‍ച്ച എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇന്നലെ ജനകീയ പ്രതിരോധ യാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി ഉന്നയിച്ച ആരോപണത്തില്‍ യു.ഡി.എഫ് നേതൃത്വമാണ് നിലപാട് വ്യക്തമാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ മാസ്റ്ററും ജനകീയ പ്രതിരോധ ജാഥ അംഗങ്ങളായ ജയിംസ് സി. തോമസ്, സി.എസ് സുജാത,പി.കെ ബിജു, കെ.ടി ജലീല്‍, എം. സ്വരാജ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

Related Articles
Next Story
Share it