നിര്‍ധനരായ നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായവുമായി ഖത്തര്‍ എസ്.കെ.എസ്.എസ്.എഫ്

ദോഹ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നില്‍ക്കുന്ന സമൂഹത്തിലെ നിര്‍ധനരായ നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിക്ക് ഖത്തര്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി തുടക്കം കുറിച്ചു. അല്‍ നാബിത്ത് ഗ്ലോബല്‍ എജ്യുക്കേഷന്‍ സെന്ററില്‍ നടന്ന പ്രഖ്യാപന സംഗമത്തില്‍ കെ.ഐ.സി പ്രസിഡണ്ട് എ.വി. അബൂബക്കര്‍ ഖാസിമി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സകരിയ്യ മാണിയൂര്‍, ഫദ്ലു സാദത്ത് നിസാമി, റഹീസ് ഫൈസി എന്നിവര്‍ മുഖ്യാതിഥികളായി. ചെമ്പരിക്ക സി.എം. അബ്ദുല്ല മുസ്ലിയാരുടെ നാമധേയത്തില്‍ നടപ്പിലാക്കുന്ന ധനസഹായ പദ്ധതി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവിധ മേഖല കമ്മറ്റികള്‍ മുഖേന സൂക്ഷ്മമായ അര്‍ഹതാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വിതരണം ചെയ്യുക. വിദ്യാഭ്യാസം മുടങ്ങാന്‍ സാധ്യതയുള്ള ഏറ്റവും അര്‍ഹരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി സഹായം എത്തിക്കുമെന്നും, സമസ്തയുടെ നൂറാം വാര്‍ഷിക മഹാസമ്മേളനത്തോടനുബന്ധിച്ച് സ്‌കോളര്‍ഷിപ്പ് വിതരണം പൂര്‍ത്തിയാക്കുമെന്നും കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കി. യോഗത്തില്‍ പ്രസിഡണ്ട് ആബിദ് ഉദിനൂര്‍, ജനറല്‍ സെക്രട്ടറി റഷാദ് കളനാട്, റഫീഖ് റഹ്മാനി, ലിയാവുദ്ദീന്‍ ഹുദവി, ഹാരിസ് ഏരിയാല്‍, അബ്ദുല്‍ റഹ്മാന്‍ എരിയാല്‍, സഗീര്‍ ഇരിയ, അബ്ദു റഹ്മാന്‍, ബഷീര്‍ ബംബ്രാണി, ഫാറൂഖ് ബദിയടുക്ക, അബ്ദുല്‍ ഖാദര്‍ സംസാരിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it