ആയിരങ്ങള്‍ ഒഴുകിയെത്തി; ദുബായ് കെ.എം.സി.സിയുടെ യു.എ.ഇ ദിനാഘോഷം ശ്രദ്ധേയമായി

ദുബായ് കെ.എം.സി.സി. സംഘടിപ്പിച്ച 54-ാമത് യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്ര
ദുബായ്: യു.എ.ഇ എന്ന രാജ്യം നല്‍കുന്ന സ്‌നേഹത്തിനും സഹിഷ്ണുതയ്ക്കും എന്നും നമ്മള്‍ കടപ്പെട്ടിരിക്കുകയാണെന്നും ഇന്ത്യയും യു.എ.ഇ.യും നൂറ്റാണ്ടുകളായുള്ള ഹൃദയ ബന്ധമാണ് നിലനില്‍ക്കുന്നതെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ദുബായ് കെ.എം.സി.സി. സംഘടിപ്പിച്ച 54-ാമത് യു.എ.ഇ ദേശീയ ദിനാഘോഷം-ഈദ് അല്‍ ഇത്തിഹാദ് ഫെസ്റ്റ്-ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മംസാറിലെ അല്‍ ശബാബ് അല്‍ അഹ്‌ലി ക്ലബ് ഓപ്പണ്‍ സ്റ്റേഡിയത്തില്‍ നടന്ന ആഘോഷ പരിപാടിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ഉച്ച മുതല്‍ കുട്ടികള്‍ക്കുള്ള വിവിധ മത്സരങ്ങള്‍ അരങ്ങേറി. ഘോഷയാത്രയും പരേഡും ശ്രദ്ധേയമായി.
ദുബായ് കെ.എം.സി.സി. പ്രസിഡണ്ട് ഡോ. അന്‍വര്‍ അമീന്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി യഹ്‌യ തളങ്കര സ്വാഗതം പറഞ്ഞു. ദുബായ് താമസ-വിദേശകാര്യ പൊതു വിഭാഗം ഡയരക്ടര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറ്രി മുഖ്യാതിഥിയായി. സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, ശംസുദ്ദീന്‍ ബില്‍ മുഹിയുദ്ദീന്‍, ഡോ. പുത്തൂര്‍ റഹ്മാന്‍, ടി.പി. അഷ്‌റഫലി, അദീബ് അഹ്മദ്, ശംലാല്‍ അഹ്മദ്, ഡോ. ഹുസൈന്‍, നെല്ലറ ശംസുദ്ദീന്‍, പി.കെ. ഇസ്മായില്‍, പൊട്ടങ്കണ്ടി ഇസ്മയില്‍, ഇസ്മയില്‍ ഏറമല, കെ.പി.എ സലാം, ഇബ്രാഹിം മുറിച്ചാണ്ടി, അബ്ദുല്ല ആറങ്ങാടി, ഹംസ തൊട്ടിയില്‍, അഡ്വ. ഇബ്രാഹിം ഖലീല്‍, അഫ്‌സല്‍ മെട്ടമ്മല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചലച്ചിത്ര പിന്നണി ഗായിക സിത്താര, കണ്ണൂര്‍ ഷരീഫ് എന്നിവരുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും, റാപ്പ് ഗായകന്‍ ഡാബ്‌സിയുടെ ഗാനമേളയും ആഘോഷരാവിന് കൊഴുപ്പേകി.

