പയ്യന്നൂര്‍: അനശ്വര നടന് തിലകന്റെ നാമത്തിലുള്ള സമഗ്രസംഭാവനാ പുരസ്ക്കാരം നാടക-ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ പ്രമോദ് പയ്യന്നൂരിന്. വിവിധ മേഖലകളിലെ നവഭാവുകത്വമാര്ന്ന സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് പുരസ്ക്കാരം.
തിലകന് സ്മാരകവേദിയ്ക്കുവേണ്ടി ഇബ്രാഹിം വെങ്ങര, ഡോ. തോട്ടം ഭുവനചന്ദ്രന്, ശ്രീജ ആറങ്ങോട്ടുകര, അഡ്വ. മണിലാല്‍ എന്നിവരടങ്ങുന്ന ജൂറി പാനലാണ് പുരസ്ക്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
വിഖ്യാത സാഹിത്യ കൃതികളുടെ ദൃശ്യാവിഷ്ക്കാരത്തിലൂടെ സ്കൂള്‍ ഓഫ് ഡ്രാമ പഠനകാലത്തു തന്നെ ശ്രദ്ധേയനായ കലാകാരനാണ് പ്രമോദ്. അന്വേഷണാത്മക നാടകവേദിയിലും കെ.പി.എ.സിയിലൂടെ പ്രൊഫഷണല്‍ നാടക രംഗത്തും ദൃശ്യമാധ്യമമേഖലയിലും ചലച്ചിത്ര രംഗത്തും വേറിട്ട ദൃശ്യഭാഷകള്‍ ഒരുക്കി അന്തര്‍ദേശീയവും ദേശീയവുമായ നിരവധി അംഗീകാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.
സമീപകാലത്ത് തിയേട്രം ഫാര്‍മെ എന്ന നവ സാംസ്കാരിക ദൗത്യത്തിലൂടെയും മള്‍ട്ടി മീഡിയഅവതരണങ്ങളിലൂടെയും പ്രമോദ് നിര്വ്വഹിച്ചുവരുന്നആവിഷ്ക്കാരങ്ങള് മൂല്ല്യവത്തായ നവ-സാംസ്ക്കാരിക ബോധങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവയാണെന്ന് ജൂറി കമ്മിറ്റി അഭിപ്രായപ്പെ ട്ടു.
മുപ്പതിനായിരത്തൊന്ന് രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന, 5-ാം വര്‍ഷത്തെ പുരസ്ക്കാരം ജൂലൈ ആദ്യവാരത്തില്‍ സമര്‍പ്പിക്കുമെന്ന് തിലകന് സ്മാരകവേദി സെക്രട്ടറി കൊടുമണ്‍ ഗോപാലകൃഷ്ണനും പ്രസിഡണ്ട് ബാബു കിളിരൂരും അറിയിച്ചു.