പോസ്റ്റ്മാന്‍ രാമനോടൊപ്പം ഒരു കാലവും പടിയിറങ്ങുന്നു
മുട്ടത്തൊടി (പില്‍ക്കാലത്ത് ഹിദായത്ത് നഗര്‍ ആയി) എന്ന എന്റെ ഗ്രാമവാസികള്‍ക്ക് പണ്ടു കാലത്ത് കത്തും മണിയോര്‍ഡറും കൊണ്ടു തന്നിരുന്നത് 'പേദെ' ആയിരുന്നു. മധൂര്‍ പോസ്റ്റോഫീസില്‍ നിന്നുമുള്ള പേദെ. ബോംബെ, കല്‍ക്കത്ത, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്നുമായിരുന്നു അവ കൂടുതലായും വന്നിരുന്നത്. അത്തരം നാടുകളിലേക്കാണല്ലോ ആദ്യ കാലങ്ങളില്‍ ആളുകള്‍ പ്രവാസം നടത്തിയിരുന്നത്? തുടര്‍ന്നാണ് അറേബ്യന്‍ ഗള്‍ഫ് നാടുകളിലേക്ക് പ്രവാസം നീണ്ടത്.തലമുറ മാറ്റത്തോടൊപ്പം പ്രവാസികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു, മറ്റേതൊരു നാട്ടില്‍ നിന്നും എന്നതു പോലെ. കാര്‍ഷികവൃത്തിയില്‍ താല്‍പര്യം കുറഞ്ഞ […]
മുട്ടത്തൊടി (പില്‍ക്കാലത്ത് ഹിദായത്ത് നഗര്‍ ആയി) എന്ന എന്റെ ഗ്രാമവാസികള്‍ക്ക് പണ്ടു കാലത്ത് കത്തും മണിയോര്‍ഡറും കൊണ്ടു തന്നിരുന്നത് 'പേദെ' ആയിരുന്നു. മധൂര്‍ പോസ്റ്റോഫീസില്‍ നിന്നുമുള്ള പേദെ. ബോംബെ, കല്‍ക്കത്ത, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്നുമായിരുന്നു അവ കൂടുതലായും വന്നിരുന്നത്. അത്തരം നാടുകളിലേക്കാണല്ലോ ആദ്യ കാലങ്ങളില്‍ ആളുകള്‍ പ്രവാസം നടത്തിയിരുന്നത്? തുടര്‍ന്നാണ് അറേബ്യന്‍ ഗള്‍ഫ് നാടുകളിലേക്ക് പ്രവാസം നീണ്ടത്.തലമുറ മാറ്റത്തോടൊപ്പം പ്രവാസികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു, മറ്റേതൊരു നാട്ടില്‍ നിന്നും എന്നതു പോലെ. കാര്‍ഷികവൃത്തിയില്‍ താല്‍പര്യം കുറഞ്ഞ […]
മുട്ടത്തൊടി (പില്‍ക്കാലത്ത് ഹിദായത്ത് നഗര്‍ ആയി) എന്ന എന്റെ ഗ്രാമവാസികള്‍ക്ക് പണ്ടു കാലത്ത് കത്തും മണിയോര്‍ഡറും കൊണ്ടു തന്നിരുന്നത് 'പേദെ' ആയിരുന്നു. മധൂര്‍ പോസ്റ്റോഫീസില്‍ നിന്നുമുള്ള പേദെ. ബോംബെ, കല്‍ക്കത്ത, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്നുമായിരുന്നു അവ കൂടുതലായും വന്നിരുന്നത്. അത്തരം നാടുകളിലേക്കാണല്ലോ ആദ്യ കാലങ്ങളില്‍ ആളുകള്‍ പ്രവാസം നടത്തിയിരുന്നത്? തുടര്‍ന്നാണ് അറേബ്യന്‍ ഗള്‍ഫ് നാടുകളിലേക്ക് പ്രവാസം നീണ്ടത്.
തലമുറ മാറ്റത്തോടൊപ്പം പ്രവാസികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു, മറ്റേതൊരു നാട്ടില്‍ നിന്നും എന്നതു പോലെ. കാര്‍ഷികവൃത്തിയില്‍ താല്‍പര്യം കുറഞ്ഞ തലമുറകള്‍ സ്വപ്‌നങ്ങള്‍ക്ക് നിറമേകാന്‍ കുടിയേറ്റങ്ങളെയാണല്ലോ തിരഞ്ഞെടുത്തത്?
മധൂരില്‍ നിന്നുള്ള പോസ്റ്റ്മാന് ഓടിത്തീര്‍ക്കാന്‍ പറ്റാത്തത്രയും വിസ്താരമുണ്ടായിരുന്നു മുട്ടത്തൊടി, ചെട്ടുംകുഴി തുടങ്ങിയ പ്രദേശങ്ങള്‍ക്ക്. പലപ്പോഴും കത്തുകളും മണിയോര്‍ഡറുകളും കൈപ്പറ്റാന്‍ വലിയ കാലതാമസമുണ്ടായിത്തുടങ്ങിയതോടെ നാട്ടിലെ ചില പ്രമാണിമാര്‍ ചേര്‍ന്ന് നാട്ടില്‍ ഒരു തപാലാപ്പീസ് വേണമെന്ന് ഉറക്കെ ചിന്തിച്ചതിന്റെ ഫലമായിട്ടായിരുന്നു 1982ല്‍ വിദ്യാനഗറിന്റെ ബ്രാഞ്ചായ ഹിദായത്ത് നഗര്‍ പോസ്റ്റോഫീസ് തുടങ്ങിയത്.
ഇന്നത്തെപ്പോലെ മൊബൈല്‍ ഫോണും വാട്‌സാപ്പും വീഡിയോ കോളും ഗൂഗിള്‍ പേയും മറ്റും ഇല്ലാതിരുന്ന കാലമായിരുന്നു അത്. ഇനിയൊരിക്കലും തിരിച്ചു വരാത്ത, അതാരും ആഗ്രഹിക്കാത്ത എന്നാല്‍, ജൈവികമായി മനുഷ്യരോട് എന്നും ഒട്ടിനിന്ന ഒരു സുന്ദര കാലഘട്ടം കൂടിയായിരുന്നു അത്. പ്രവാസികള്‍ പ്രവാസത്തിന്റെയും വിരഹ വേദനകളുടേയും തീക്ഷ്ണതയത്രയും നെഞ്ചില്‍ നീറ്റലായനുഭവിച്ച കാലം. മണിയോര്‍ഡറായി വന്നിരുന്ന നൂറും അഞ്ഞൂറും രൂപയ്ക്ക് ഇന്നത്തെ ലക്ഷങ്ങള്‍ക്കു മീതേ മൂല്യവും ഐശ്വര്യവുമുണ്ടായിരുന്ന കാലം.
കടയില്‍ ഒരു സിഗരറ്റ് വാങ്ങിയും ബാര്‍ബര്‍ ഷോപ്പില്‍ ഷേവ് ചെയ്തും നീങ്ങിയിരുന്ന ഒരു കാലം. ഗൂഗിള്‍ പേ ചെയ്യുന്ന, ആറുമാസത്തിലൊരിക്കല്‍ പ്രവാസ ഭൂമികളില്‍ നിന്നും സ്വദേശത്ത് മടങ്ങിയെത്തുകയും അതിനിടയ്ക്ക് ഓരോ ദിവസവും പലതവണ വീഡിയോ കോള്‍ വഴി ബന്ധുമിത്രാദികളേയും പുത്രകളത്രാദികളേയും നേരില്‍ കണ്ടു സംവദിക്കുകയും ചെയ്യുന്ന അഭിനവ യുവ സമൂഹത്തിന് പഴയ പേദെ എന്ന പോസ്റ്റ്മാന്റെയും കത്തുകളുടേയും വില അറിഞ്ഞെന്നു വരില്ല. അവര്‍ക്ക് അതൊക്കെ കൗതുക കഥകള്‍ മാത്രം.
ഹിദായത്ത് നഗര്‍ തപാലാപ്പീസ് തുടങ്ങിയ കാലം തൊട്ട് എന്റെ നാട്ടുകാര്‍ക്ക് ഒരു പോസ്റ്റ്മാനെ മാത്രമേ പരിചയമുള്ളൂ. അത് ഞങ്ങളുടെ പ്രിയപ്പെട്ട രാമേട്ടനായിരുന്നു. മുട്ടത്തൊടിക്കും മധൂരിനും ഇടയിലുള്ള ഒരു ചെറിയ അവികസിത പ്രദേശമായ ചേനക്കോട്ട് നിന്നുള്ള വെറും ഇരുപത്തിരണ്ട് വയസ്സു മാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരനായിരുന്നു, അന്ന് രാമന്‍. തുളു മാതൃഭാഷയായ, ഒരു പാവം ദളിത് പയ്യന്‍.
കോപ്പ, കോടിയല്‍, ഹിദായത്ത് നഗര്‍, ചെട്ടുംകുഴി, മളങ്കള (ഇതൊക്കെ ചേര്‍ന്നതാണ് മുട്ടത്തൊടി) തുടങ്ങിയ ഗ്രാമങ്ങളിലൂടെ രാമന്‍ ഹൃദയവികാരങ്ങളടങ്ങിയ കത്തുകളും വീടുകളിലെ നിത്യനിദാനത്തിന് അനിവാര്യമായ കറന്‍സികളുമടങ്ങിയ ചെറിയ ബാഗുമായി ഓരോ പ്രവര്‍ത്തി ദിനത്തിലും പല കിലോമീറ്ററുകള്‍ നടന്നു. ഓരോ ഊടുവഴിയും രാമന്റേതു കൂടിയായി മാറി. ഓരോ ഗൃഹനാഥന്മാരും നാഥകളും രാമന്റെ നെഞ്ചിലെ ചിത്രങ്ങളായി മാറി. തുറക്കാത്ത ഇന്‍ലന്‍ഡിലും എയര്‍മെയില്‍ കവറിലും സന്തോഷമാണോ സന്താപമാണോ എന്നറിയാതെ എന്നാല്‍, താന്‍ സമീപിക്കുന്നവര്‍ക്കെല്ലാം എന്നും നനുത്ത സന്തോഷവും പുഞ്ചിരിയും വാരി വിതറിയായിരുന്നു മുതിര്‍ന്നവരുടെ രാമനും ഇളം തലമുറകളുടെ രാമേട്ടനുമായി വളര്‍ന്നത്.
രാമന്റെ കണ്‍മുന്നിലൂടെയാണ് കാലം അതിവേഗം ഉരുണ്ടു പോയതും കത്തുകളും കമ്പികളും മണിയോര്‍ഡറുകളും മറ്റും അപ്രസക്തമായിത്തുടങ്ങിയതും നാട്ടിലെങ്ങും ലാന്റ് ഫോണുകളും പിന്നീട് മൊബൈല്‍ ഫോണുകളും പറന്നിറങ്ങിയതും വിരഹാര്‍ദ്ര കഥകള്‍ അക്ഷരങ്ങളില്‍ നിന്നും ശബ്ദതരംഗങ്ങളിലേക്കും പിന്നീട് വിഷ്വല്‍ തരംഗങ്ങളിലേക്കും വളര്‍ന്നതും. കത്തുകളും മണിയോര്‍ഡുകളും കൊണ്ട് പിടിച്ചു നില്‍ക്കാനാവാതെ വന്നപ്പോള്‍ പോസ്റ്റോഫീസ് എന്ന സ്ഥാപനം മറ്റു ചിലതിനു കൂടി ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്ന് കേന്ദ്ര സര്‍ക്കാറുകള്‍ക്ക് തോന്നിയതിന്റെ ഫലമായിട്ടാണ് ഇന്ന് ഒരു ബാങ്കിന്റെ ചെറിയ രൂപമായി ഓരോ പോസ്റ്റോഫീസുകളും മാറിക്കൊണ്ടിരിക്കുന്നത്. പോസ്റ്റോഫീസ് എന്ന പേരു തന്നെ ഇന്ത്യാ പോസ്റ്റ് എന്ന പുനര്‍നാമവത്കരണത്തിന് വിധേയമായി. 'രാമാ, കത്തുണ്ടോ' എന്ന ചോദ്യം അവസാനമായി എന്നാണ് കേട്ടതെന്ന് ഇന്ന് രാമന്‍ പോലും ഓര്‍ക്കുന്നില്ല. പകരം 'രാമാ, ലൈസന്‍സ് വന്നിട്ടുണ്ടോ, ആര്‍.സി. വന്നോ, പാസ്‌പോര്‍ട്ട് വന്നിട്ടുണ്ടോ' എന്ന ചോദ്യങ്ങള്‍ മാത്രമേ അപൂര്‍വ്വമായിട്ടെങ്കിലും കേള്‍ക്കാറുള്ളൂ. ആര്‍ക്കും വേണ്ടാത്ത ബാങ്ക് അറിയിപ്പുകള്‍ക്കും മറ്റുമായി ആരും ഇപ്പോള്‍ പോസ്റ്റ്മാനെ കാത്തു നില്‍ക്കാറില്ല. ആനുകാലിക പ്രസിദ്ധീകരണങ്ങളോട് എന്നും പുറം തിരിഞ്ഞു നിന്നിട്ടുള്ള എന്റെ നാട്ടുകാര്‍ക്കു മുന്നിലേക്ക് രാമന് ആഴ്ചപ്പതിപ്പുകളും മാസികകളും അധികം ചുമക്കേണ്ടി വന്നിട്ടില്ല.
കാലം വെറുതേയങ്ങ് കടന്നു പോയതല്ല. രാമനെയും അയാളുടെ തലമുറയേയും യുവത്വത്തില്‍ നിന്നും വാര്‍ധക്യത്തിലേക്കു കൂടി കൂട്ടിക്കൊണ്ട് പോയത് വളരെ വേഗത്തിലായിരുന്നു. ഓരോ തലമുറയും നടന്നും ഓടിയും കിതച്ചും അവസാനം അനിവാര്യമായ വിരാമത്തിലെത്തിച്ചേരുന്നു. നാടിനോടൊപ്പം നാടിന്റെ തുടിപ്പായും നന്മയായും വര്‍ത്തിച്ചവര്‍ക്ക് നാടും നാട്ടുകാരും സ്‌നേഹോഷ്മളമായ യാത്രയയപ്പുകള്‍ നല്‍കുന്നു. അപൂര്‍വ്വം ചിലര്‍ക്കേ അത്തരം ഭാഗ്യം ലഭിക്കാറുള്ളൂ.
നാലു പതിറ്റാണ്ടിലധികം നാട്ടുകാര്‍ക്കിടയിലെ പാലമായി വര്‍ത്തിച്ച രാമേട്ടന് നാട്ടുകാര്‍ നല്‍കിയത് ഹൃദ്യമായ യാത്രയയപ്പു തന്നെയായിരുന്നു. നാല്‍പതു വര്‍ഷത്തിലേറെക്കാലം പോസ്റ്റ്മാന്‍ ജോലിയും അവസാന കാലത്ത് ഒരു കുഞ്ഞു പോസ്റ്റാഫീസിലെ അസി. പോസ്റ്റല്‍ മാസ്റ്ററുമായി വിരമിക്കുമ്പോള്‍ പോലും അയാള്‍ സ്ഥിരമാകാത്ത വെറും താല്‍ക്കാലിക ജീവനക്കാരന്‍ മാത്രമായിരുന്നു എന്നത് ഒരു ഭരണകൂട ക്രൂരത തന്നെയാണെന്ന് പറയാതിരിക്കാനാവില്ല. ഏതോ ഭരണകൂടത്തിന്റെ ഔദാര്യമായി ലഭിച്ച 500 ചതുരശ്രയടിയില്‍ താഴെ മാത്രം വിസ്തീര്‍ണ്ണമുള്ള ഒരു ചെറിയ വീട്ടിലേക്കാണ് അയാളുടെ ശേഷിച്ച ജീവിതത്തിലേക്കുള്ള മടക്കം. പെന്‍ഷന്‍ പോലും ലഭിക്കാനിടയില്ലാത്ത റിട്ടയര്‍മെന്റ് ജീവിതം. ചിലതൊക്കെ മാറേണ്ടതുണ്ടിവിടെ. രാമേട്ടാ, ഒരു കാലം ഇവിടെ അവസാനിക്കുകയാണ്. കൂടുതല്‍ മെച്ചമാര്‍ന്ന മറ്റൊരു കാലം ഉദയം കൊള്ളട്ടെ.
-റഹ്മാന്‍ മുട്ടത്തൊടി