പൂച്ചക്കാട്ട് കാര്‍ കിണറ്റില്‍ വീണുണ്ടായ അപകടം; യാത്രക്കാര്‍ രക്ഷപ്പെട്ടത് നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ മൂലം

കാഞ്ഞങ്ങാട്: പൂച്ചക്കാട്ട് ഇന്നലെയുണ്ടായ വേറിട്ട വാഹനപകടത്തിലുണ്ടാകുമായിരുന്ന വലിയ ദുരന്തമൊഴിവായത് നാട്ടുകാരുടെ സമയോചിത ഇടപെടലും ധൈര്യവും. പൂച്ചക്കാട് കിഴക്കേക്കരയിലെ രാമചന്ദ്രന്‍, അയ്യപ്പന്‍, ബാബു, കല്ലിങ്കാലിലെ ഷമീര്‍ എന്നിവരാണ് രക്ഷകരായത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. ഇരുചക്രവാഹനത്തിലിടിച്ച് നിയന്ത്രണം വിട്ട കാര്‍ സമീപത്തെ കിണറിന്റെ ആള്‍മറ തകര്‍ത്താണ് അതിനകത്തേക്കു വീണത്. പൂച്ചക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിനു മുന്നിലെ കിണറിലേക്കാണ് കാര്‍ വീണത്. ഉദുമ ഇച്ചിലങ്കാലിലെ അബ്ദുള്‍ നാസര്‍ (48), മക്കളായ മിഥിലാജ് (13), അജ്മല്‍(ഒന്‍പത് ), വാഹിദ് (ആറ്) […]

കാഞ്ഞങ്ങാട്: പൂച്ചക്കാട്ട് ഇന്നലെയുണ്ടായ വേറിട്ട വാഹനപകടത്തിലുണ്ടാകുമായിരുന്ന വലിയ ദുരന്തമൊഴിവായത് നാട്ടുകാരുടെ സമയോചിത ഇടപെടലും ധൈര്യവും. പൂച്ചക്കാട് കിഴക്കേക്കരയിലെ രാമചന്ദ്രന്‍, അയ്യപ്പന്‍, ബാബു, കല്ലിങ്കാലിലെ ഷമീര്‍ എന്നിവരാണ് രക്ഷകരായത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. ഇരുചക്രവാഹനത്തിലിടിച്ച് നിയന്ത്രണം വിട്ട കാര്‍ സമീപത്തെ കിണറിന്റെ ആള്‍മറ തകര്‍ത്താണ് അതിനകത്തേക്കു വീണത്. പൂച്ചക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിനു മുന്നിലെ കിണറിലേക്കാണ് കാര്‍ വീണത്. ഉദുമ ഇച്ചിലങ്കാലിലെ അബ്ദുള്‍ നാസര്‍ (48), മക്കളായ മിഥിലാജ് (13), അജ്മല്‍(ഒന്‍പത് ), വാഹിദ് (ആറ്) എന്നിവരാണ് കിണറില്‍ വീണ കാറിലുണ്ടായിരുന്നത്. അപകടം നടന്നയുടന്‍ തന്നെ രാമചന്ദ്രനും കൂടെയുള്ളവരും കയര്‍ സംഘടിപ്പിച്ച് കിണറിലിറങ്ങുകയായിരുന്നു. കാറിന്റെ ചില്ലുകള്‍ പൊളിച്ച് ആദ്യം കുട്ടികളെ രക്ഷപ്പെടുത്തി. പിന്നാലെയെത്തിയ അഗ്‌നിരക്ഷാസേനയാണ് അബ്ദുള്‍ നാസറിനെ രക്ഷപ്പെടുത്തിയത്. പള്ളിക്കര ബീച്ചിലേക്കു പോവുകയായിരുന്നവര്‍ സഞ്ചരിച്ച ഇരുചക്ര വാഹനത്തിലിടിച്ച ശേഷമാണ് കിണറില്‍ വീണത്. കാഞ്ഞങ്ങാടു നിന്നു സ്റ്റേഷന്‍ ഓഫീസര്‍ പി.വി പവിത്രന്റെ നേതൃത്വത്തിലെത്തിയ സേനയിലെ ഇ.വി ലിനേഷ്, എച്ച് നിഖില്‍ എന്നിവരാണ് കിണറ്റിലിറങ്ങിയത്. ഇരുചക്ര വാഹനം ഓടിച്ച കല്ലൂരാവിയിലെ സാഫില(29), ബന്ധുക്കളായ അസ്മില(14), അന്‍സില്‍ (9) എന്നിവരെയും കിണറ്റിലകപ്പെട്ടവരെയും നാട്ടുകാര്‍ മന്‍സൂര്‍ ആസ്പത്രിയിലെത്തിച്ചു. അഗ്‌നിരക്ഷാ സേനയിലെ ഓഫീസര്‍മാരായ കെ.വി മനോഹരന്‍, രാജന്‍ തൈവളപ്പില്‍, ശരത്ത് ലാല്‍, ഹോംഗാര്‍ഡുമാരായ യു രമേശന്‍, പി രവീന്ദ്രന്‍, സിവില്‍ ഡിഫന്‍സ് അംഗങ്ങളായ പ്രദീപ്, അബ്ദുള്‍ സലാം, രതിഷ് എന്നിവരും നാട്ടുകാര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Related Articles
Next Story
Share it