കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിങ്ങളുടെ പരിപൂര്‍ണ നിയന്ത്രണത്തിലാണോ? ഓണ്‍ലൈന്‍ പഠനം കുട്ടികളെ ഇന്റര്‍നെറ്റിന്റെ മായാലോകത്തേക്ക് നയിക്കുന്നു; കുട്ടികളുടെ സൈബര്‍ ലോകത്തെ ഇടപെടലുകളെ ശ്രദ്ധിക്കണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആയതോടെ ഇതിന്റെ പിന്നാമ്പുറത്ത് നടക്കുന്ന അപകടകരമായ വസ്തുതകള്‍ തിരിച്ചറിയാതെ പോകരുതെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ക്ലാസുകളെ തുടര്‍ന്ന് ചെറിയ പ്രായത്തിലെ ഉള്ളവരുടെ ഇന്റര്‍നെറ്റ് ഉപയോഗം കൂടിയിരിക്കുന്നുവെന്നും ഇത് പലപ്പോഴും അപകടങ്ങളിലേക്ക് കുട്ടികളെ നയിക്കുന്നുണ്ടെന്നും പോലീസ് പറയുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ രക്ഷിതാക്കളുടെ പരിപൂര്‍ണ നിയന്ത്രണത്തിലായിരിക്കണം. ക്ലാസ്സുകള്‍ ഓണ്‍ലൈന്‍ ആയതോടുകൂടി കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗവും വളരെ കൂടിയിരിക്കുന്നു. അതിനോടൊപ്പം തന്നെ കുട്ടികള്‍ക്ക് നേരെ ഓണ്‍ലൈന്‍ അതിക്രമങ്ങളും വര്‍ദ്ധിക്കുന്നതിനായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പരാതികളിലൂടെ മനസിലാക്കാന്‍ […]

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആയതോടെ ഇതിന്റെ പിന്നാമ്പുറത്ത് നടക്കുന്ന അപകടകരമായ വസ്തുതകള്‍ തിരിച്ചറിയാതെ പോകരുതെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ക്ലാസുകളെ തുടര്‍ന്ന് ചെറിയ പ്രായത്തിലെ ഉള്ളവരുടെ ഇന്റര്‍നെറ്റ് ഉപയോഗം കൂടിയിരിക്കുന്നുവെന്നും ഇത് പലപ്പോഴും അപകടങ്ങളിലേക്ക് കുട്ടികളെ നയിക്കുന്നുണ്ടെന്നും പോലീസ് പറയുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ രക്ഷിതാക്കളുടെ പരിപൂര്‍ണ നിയന്ത്രണത്തിലായിരിക്കണം.

ക്ലാസ്സുകള്‍ ഓണ്‍ലൈന്‍ ആയതോടുകൂടി കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗവും വളരെ കൂടിയിരിക്കുന്നു. അതിനോടൊപ്പം തന്നെ കുട്ടികള്‍ക്ക് നേരെ ഓണ്‍ലൈന്‍ അതിക്രമങ്ങളും വര്‍ദ്ധിക്കുന്നതിനായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പരാതികളിലൂടെ മനസിലാക്കാന്‍ സാധിക്കും. കൊല്ലത്തു അടുത്തിടെ നടന്ന ഒരു സംഭവമാണിത്. പ്രമുഖ നടീനടന്മാരുടെ സോഷ്യല്‍ മീഡിയകളിലെ ഫാന്‍ പേജുകളില്‍ അംഗമാക്കാമെന്നു വിശ്വസിപ്പിച്ചു സൗഹൃദം സ്ഥാപിച്ച ശേഷം നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തിയ സംഭവങ്ങളില്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട ഒരു കൗമാരക്കാരന്‍ കൊല്ലം സൈബര്‍ സെല്ലിന്റെ പിടിയിലായി.

ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്, ടെലിഗ്രാം, വാട്‌സാപ് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ സജീവമായ പെണ്‍കുട്ടികളെ നിരീക്ഷിച്ചു കണ്ടെത്തുകയാണ് ഇത്തരം കുറ്റവാളികളുടെ രീതി. ഇവരെ വിവിധ നടീനടന്മാരുടെ ആരാധകക്കൂട്ടായ്മകളില്‍ അംഗമാക്കാന്‍ ക്ഷണിക്കും. സൗഹൃദം സ്ഥാപിച്ച്, ഫോട്ടോ അയച്ചു നല്‍കാന്‍ പ്രേരിപ്പിക്കും. സ്വകാര്യ ചിത്രങ്ങള്‍ അയച്ചു നല്‍കാന്‍ വിസമ്മതിച്ചാല്‍ മറ്റു ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു ഭീഷണിപ്പെടുത്തും. ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് ചതിക്കുഴിയില്‍ ഒട്ടേറെ കുട്ടികള്‍ അകപ്പെട്ടതായി കണ്ടെത്തി. ഇത്തരം ചതിക്കുഴികളില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കണം.

ഓണ്‍ലൈന്‍ പഠനത്തിനു കുട്ടികള്‍ക്കു നല്‍കിയിട്ടുള്ള മൊബൈല്‍ ഫോണും ലാപ്‌ടോപ് കംപ്യൂട്ടറും അവര്‍ സൂക്ഷ്മതയോടെ ഉപയോഗിക്കുന്നു എന്നുറപ്പാക്കുക. സമൂഹമാധ്യമ ഉപയോഗത്തില്‍ സ്വയം പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തുക. അപരിചിതരുമായി ചങ്ങാത്തം സ്ഥാപിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇന്റര്‍നെറ്റില്‍ സ്വകാര്യ ചിത്രങ്ങള്‍ പങ്കുവയ്ക്കപ്പെട്ടാല്‍ അവ തിരിച്ചെടുക്കാനോ പൂര്‍ണമായി മായ്ക്കാനോ സാധ്യമല്ലെന്നു തിരിച്ചറിയുക. ആര്‍ക്കെങ്കിലും സ്വകാര്യ ചിത്രങ്ങള്‍ അയച്ചു നല്‍കിയാല്‍ അയാള്‍ അവ ആരുമായി പങ്കുവയ്ക്കുന്നു, ഏതു മാധ്യമത്തില്‍ സൂക്ഷിച്ചുവയ്ക്കുന്നു, ഏതു വിധത്തില്‍ സൂക്ഷിക്കുന്നു എന്നിവ കണ്ടെത്തല്‍ ദുഷ്‌കരമാണ്.

കുട്ടികള്‍ സമൂഹമാധ്യമങ്ങളിലൂടെ ആരോടൊക്കെ ഇടപെടുന്നതു എന്നത് രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണം. ദേഷ്യം, നിരാശ, സങ്കടം, ഉറക്കക്കുറവ് എന്നിങ്ങനെ കുട്ടിയുടെ അസ്വാഭാവിക പെരുമാറ്റങ്ങള്‍ ശ്രദ്ധിക്കുക. അനാവശ്യമായ കോളുകളും സന്ദേശങ്ങളും ബ്ലോക്ക് ചെയ്യുക. ആരോടൊക്കെയാണു കുട്ടി ആശയവിനിമയം നടത്തുന്നതെന്നു ചോദിച്ചറിയാനുള്ള അടുത്ത സ്വാതന്ത്ര്യം കുട്ടികളും രക്ഷിതാക്കളും തമ്മില്‍ ഉണ്ടാകണം. വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി, ഫെയ്‌സ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം കുട്ടികളെയും വീട്ടമ്മമാരെയും പ്രണയത്തില്‍ വീഴ്ത്തി ചതിക്കുന്ന സംഘം ഫെയ്‌സ്ബുക്കില്‍ സജീവമാണ്. ഇത്തരം കെണികള്‍ക്കെതിരെ ജാഗ്രത പാലിക്കുക. ഓര്‍ക്കുക...ഇന്റര്‍നെറ്റില്‍ സ്വകാര്യത എന്ന ഒന്നില്ല. അനുവാദം ഇല്ലാതെ ആരുടെയും ചിത്രങ്ങള്‍ എടുക്കുകയോ ഷെയര്‍ ചെയ്യുകയോ അരുത്, നിങ്ങളുടെ ചിത്രം എടുക്കാന്‍ മറ്റുള്ളവരെയും അനുവദിക്കരുത്.

ഇന്റര്‍നെറ്റിന്റെ സഹായത്തോടെ മറ്റുള്ളവരെ ശല്യം ചെയ്യുക, അധിക്ഷേപിക്കുക, മോര്‍ഫ് ചെയ്യുക, അശ്ലീല സന്ദേശങ്ങളോ ഫോട്ടോകളോ വിഡിയോയോ അയയ്ക്കുകയോ കാണിക്കുകയോ ഫോണില്‍ സൂക്ഷിക്കുകയോ ചെയ്യുക, അപവാദ പ്രചാരണം നടത്തുക, മറ്റൊരാളുടെ ഇന്റര്‍നെറ്റ് അക്കൗണ്ടിന്റെ നിയന്ത്രണം ഏറ്റെടുക്കുകയോ കടന്നുകയറുകയോ ചെയ്യുക, മറ്റുള്ളവരുടെ വിവരങ്ങള്‍ നശിപ്പിക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്യുക തുടങ്ങിയവയെല്ലാം സൈബര്‍ കുറ്റകൃത്യങ്ങളാണെന്നും കുട്ടികളെ ധരിപ്പിക്കണം.

Related Articles
Next Story
Share it