ഒരാളുടെ മരണത്തിന് കാരണമായ കോളിയാറിലെ ക്വാറി ദുരന്തം സ്ഫോടകവസ്തുക്കള്‍ അശ്രദ്ധമായി കൈകാര്യം ചെയ്തത് മൂലമാണെന്ന് പൊലീസ്

കാഞ്ഞങ്ങാട്: സ്‌ഫോടക വസ്തുക്കള്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് കോളിയാറിലെ ക്വാറി ദുരന്തത്തിന് കാരണമായതെന്ന് സംശയമുയര്‍ന്നു. സാധാരണയായി ഇടിമിന്നല്‍ സമയങ്ങളില്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കരുതെന്ന് നിയമമുണ്ട്. ഇത് പാലിച്ചില്ലെന്നാണ് ആക്ഷേപം. ഉച്ചയോടെ തന്നെ പ്രദേശത്ത് ഇടിമിന്നല്‍ വ്യാപകമായുണ്ടായിരുന്നു. ഈ സമയത്താണ് പാറകള്‍ക്കിടയില്‍ മരുന്നുകള്‍ നിറച്ചു വെച്ചത്. ശക്തമായ മഴ വന്നതിനാല്‍ തൊഴിലാളികള്‍ പ്രദേശത്തു നിന്നു മാറി നില്‍ക്കുവാന്‍ പോകുന്നതിനിടയിലാണ് ശക്തമായ മിന്നലുണ്ടായത്. ഈ സമയത്താണ് മരുന്നിന് തീപിടിച്ച് പാറക്കൂട്ടം പൊട്ടിത്തെറിച്ച് രമേശന്റെ ദേഹത്തേക്ക് വീണത്. ശക്തമായ മഴ വന്നില്ലായിരുന്നെങ്കില്‍ […]

കാഞ്ഞങ്ങാട്: സ്‌ഫോടക വസ്തുക്കള്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് കോളിയാറിലെ ക്വാറി ദുരന്തത്തിന് കാരണമായതെന്ന് സംശയമുയര്‍ന്നു. സാധാരണയായി ഇടിമിന്നല്‍ സമയങ്ങളില്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കരുതെന്ന് നിയമമുണ്ട്. ഇത് പാലിച്ചില്ലെന്നാണ് ആക്ഷേപം. ഉച്ചയോടെ തന്നെ പ്രദേശത്ത് ഇടിമിന്നല്‍ വ്യാപകമായുണ്ടായിരുന്നു. ഈ സമയത്താണ് പാറകള്‍ക്കിടയില്‍ മരുന്നുകള്‍ നിറച്ചു വെച്ചത്. ശക്തമായ മഴ വന്നതിനാല്‍ തൊഴിലാളികള്‍ പ്രദേശത്തു നിന്നു മാറി നില്‍ക്കുവാന്‍ പോകുന്നതിനിടയിലാണ് ശക്തമായ മിന്നലുണ്ടായത്. ഈ സമയത്താണ് മരുന്നിന് തീപിടിച്ച് പാറക്കൂട്ടം പൊട്ടിത്തെറിച്ച് രമേശന്റെ ദേഹത്തേക്ക് വീണത്. ശക്തമായ മഴ വന്നില്ലായിരുന്നെങ്കില്‍ കൂടുതല്‍ ദുരന്തം ഉണ്ടാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൂടുതല്‍ തൊഴിലാളികള്‍ ഇവിടെ തന്നെ തങ്ങുമായിരുന്നു. ക്വാറിയിലുണ്ടായ അപകടത്തില്‍ പാല്‍ക്കുളം കത്തുണ്ടിയിലെ പി. രമേശന്‍ (47) ആണ് മരിച്ചത്. തൊഴിലാളികളായ പനയാര്‍ കുന്നിലെ പ്രഭാകരന്‍ (46), കോളിയാറിലെ നാരായണന്റെ ഭാര്യ സുമ (32) എന്നിവരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ അപകടം നടന്ന ക്വാറിക്ക് സമീപത്ത് തന്നെയാണ് എട്ടുവര്‍ഷം മുമ്പ് ദുരന്തം ഉണ്ടായിരുന്നത്. മൂന്നു പേരാണ് അന്ന് മരിച്ചത്. ക്വാറിയില്‍ സൂക്ഷിച്ച വെടിമരുന്ന് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഈ അപകടത്തെ തുടര്‍ന്ന് ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. അപകടത്തെത്തുടര്‍ന്ന് ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുവാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തഹസില്‍ദാര്‍ കെ.വി. മുരളിസ്ഥലം സന്ദര്‍ശിച്ചു. രമേശന്റെ മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. സംഭവവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് കേസെടുത്തതായി അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്‍ പറഞ്ഞു. ക്വാറിക്ക് ലൈസന്‍സുണ്ടെന്നും പൊലീസ് പറഞ്ഞു. പരേതരായ പി.പി കുഞ്ഞിരാമന്‍ നായരുടെയും പുറവങ്കര സരസ്വതിയമ്മയുടെയും മകനാണ് പി. രമേശന്‍. ഭാര്യ: ഷീജ. മക്കള്‍: ശിവനന്ദന, ഋതുനന്ദന. സഹോദരങ്ങള്‍: സോമന്‍(പനങ്ങാട്), വേണു (സ്വകാര്യ ബസ് ഡ്രൈവര്‍), ഗീത, രാധ, പരേതനായ നാരായണന്‍.

Related Articles
Next Story
Share it