കാസര്‍കോട്: ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ മറികടന്ന് അനാവശ്യമായി പലരും വാഹനങ്ങളില്‍ കറങ്ങുന്നത് പതിവായതോടെ പരിശോധന ശക്തമാക്കാന്‍ പൊലീസ്. ലോക്ഡൗണ്‍ തുടക്കത്തില്‍ മിക്കവരും നിര്‍ദ്ദേശം അനുസരിച്ചിരുന്നെങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പലരും ഇത് ലംഘിക്കുന്നതായാണ് പരാതി. അത്യാവശ്യത്തിനല്ലാതെ നഗരങ്ങളിലെത്തുന്നവരുടെ എണ്ണം ഏറിവരികയാണ്. പൊലീസ് പരിശോധനയില്ലാത്ത സമയം മനസ്സിലാക്കിയാണ് പലരും വാഹനങ്ങളില്‍ എത്തുന്നത്. അതേ സമയം കയ്യില്‍ കരുതിയ സത്യവാങ്മൂലത്തില്‍ വിചിത്രമായ കാര്യങ്ങളാണ് പലരും ബോധിപ്പിക്കുന്നത്. ബന്ധുവീട്ടില്‍ നിന്ന് ചക്കപറിക്കാന്‍ പോകുന്നു, മുട്ടവാങ്ങാന്‍ പോകുന്നു തുടങ്ങിയ കാര്യങ്ങളാണ് ചിലര്‍ സത്യവാങ്മൂലത്തില്‍ പറയുന്നതത്രെ. അതോടൊപ്പം സത്യവാങ്മൂലം കയ്യില്‍ കരുതാതെ പുറത്തിറങ്ങുന്നവരും ഏറെയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മരുന്ന് കുറിപ്പുമായി പോലും പലരും പുറത്തിറങ്ങുന്നതായും പൊലീസ് പറയുന്നു. വളണ്ടിയര്‍ പാസ് ദുരുപയോഗം ചെയ്ത് നഗരത്തിലേക്ക് അനാവശ്യമായി എത്തുന്നവരും ഉണ്ടത്രെ. അതേ സമയം ലോക്ഡൗണിന്റെ മറവില്‍ വിവിധ വാഹനങ്ങളിലായി മദ്യക്കടത്ത്, കഞ്ചാവ് കടത്ത് തുടങ്ങിയവയും വ്യാപകമാണെന്ന് വിവരമുണ്ട്. കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ വാഹനപരിശോധനക്കിടെ വിദ്യാനഗര്‍ ബി.സി റോഡില്‍ വെച്ച് 22 കിലോ കഞ്ചാവുമായി സ്‌കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന രണ്ട് പേരെ പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ രീതിയില്‍ കര്‍ണ്ണാടകയില്‍ നിന്നുള്ള മദ്യക്കടത്തും പിടിച്ചിരുന്നു.