പത്തനംതിട്ട: ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ നരബലിക്ക് ഇരകളാക്കിയ സംഭവം പുറത്തറിയാതിരിക്കാന്‍ ഭാര്യ ലൈലയും മുഹമ്മദ് ഷാഫിയും പദ്ധതിയിട്ടിരുന്നതായി പൊലീസ്. റോസിലിന്, പത്മം എന്നിവരുടെ കൊലപാതകം പുറം ലോകം അറിയുമെന്ന ആശങ്ക ഭഗവല്‍സിങ്ങിന്റെ ഭാര്യ ലൈലക്കും ഷാഫിക്കുമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഭഗവല്‍ സിങിനെ കൊലപ്പെടുത്താന്‍ ഷാഫിയും ലൈലയും പദ്ധതിയിട്ടതെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. രണ്ടു സ്ത്രീകളെ നരബലി നല്‍കിയത് ദേവീപ്രീതിക്കാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പത്മയ്ക്ക് പതിനയ്യായിരം രൂപയും റോസ്ലിയെ ബ്ലൂ ഫിലിമില്‍ അഭിനയിക്കാന്‍ പത്തുലക്ഷം രൂപയും വാഗ്ദാനം ചെയ്താണ് ഇലന്തൂരിലേക്ക് കൊണ്ടുപോയത്.
പത്മയെ കൊന്നത് ഷാഫിയും റോസ്ലിയെ കൊന്നത് ലൈലയുമാണ്. ഇരുവരുടെയും സ്വകാര്യ ഭാഗങ്ങളില്‍ കത്തികൊണ്ട് കുത്തി മുറിവേല്‍പ്പിച്ചു. പ്രതികളെ ഈ മാസം 26 വരെ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാണ്ട് ചെയ്തു. മുഹമ്മദ് ഷാഫി ഒന്നാം പ്രതിയും ഭഗവല്‍ സിംഗ് രണ്ടാം പ്രതിയും ലൈല മൂന്നാം പ്രതിയുമാണ്. ഇലന്തൂര്‍ നരബലി കേസിലെ മുഖ്യ സൂത്രധാരന്‍ ഷാഫിയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ഇയാള്‍ ലൈംഗിക വൈകൃതത്തിന് അടിമയെന്നും ലൈലയ്ക്ക് വിഷാദ രോഗം ഉണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.