നടിയെ അക്രമിച്ച കേസ്: മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രതി താമസിച്ചത് കാഞ്ഞങ്ങാട്ടെ ഹോട്ടലില്‍, സാക്ഷിയുടെ ബന്ധുവിനെ തേടി കാസര്‍കോട്ടെ ജ്വല്ലറിയിലുമെത്തി; എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറിക്കെതിരെ പൊലീസ് റിപ്പോര്‍ട്ട്

കാസര്‍കോട്: കൊച്ചിയില്‍ നടിയെ അക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായ ബേക്കല്‍ തൃക്കണ്ണാട് സ്വദേശി വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി താമസിച്ചിരുന്നത് കാഞ്ഞങ്ങാട്ടെ ഹോട്ടല്‍ മുറിയിലാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറിയായ പ്രദീപ് കോട്ടത്തലയാണ് വിപിന്‍ലാലിനെ ഭീഷണിപ്പെടുത്താന്‍ മാത്രമായി കാസര്‍കോട് ജില്ലയിലെത്തിയത്. കാഞ്ഞങ്ങാട്ടെ ഹോട്ടലില്‍ മുറിയെടുത്ത് കുറച്ചുദിവസം ഇയാള്‍ തങ്ങുകയായിരുന്നു. 2020 ജനുവരി 24നാണ് പ്രദീപ് കാസര്‍കോട് ജില്ലയിലെത്തിയത്. ആദ്യം സാക്ഷിയുടെ ബന്ധുവീട്ടിലേക്കാണ് ഇയാള്‍ പോയത്. അയല്‍വാസി നല്‍കിയ വിവരപ്രകാരം പ്രദീപ് കാസര്‍കോട്ടെ ജ്വല്ലറിയിലെത്തി […]

കാസര്‍കോട്: കൊച്ചിയില്‍ നടിയെ അക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായ ബേക്കല്‍ തൃക്കണ്ണാട് സ്വദേശി വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി താമസിച്ചിരുന്നത് കാഞ്ഞങ്ങാട്ടെ ഹോട്ടല്‍ മുറിയിലാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറിയായ പ്രദീപ് കോട്ടത്തലയാണ് വിപിന്‍ലാലിനെ ഭീഷണിപ്പെടുത്താന്‍ മാത്രമായി കാസര്‍കോട് ജില്ലയിലെത്തിയത്. കാഞ്ഞങ്ങാട്ടെ ഹോട്ടലില്‍ മുറിയെടുത്ത് കുറച്ചുദിവസം ഇയാള്‍ തങ്ങുകയായിരുന്നു. 2020 ജനുവരി 24നാണ് പ്രദീപ് കാസര്‍കോട് ജില്ലയിലെത്തിയത്. ആദ്യം സാക്ഷിയുടെ ബന്ധുവീട്ടിലേക്കാണ് ഇയാള്‍ പോയത്. അയല്‍വാസി നല്‍കിയ വിവരപ്രകാരം പ്രദീപ് കാസര്‍കോട്ടെ ജ്വല്ലറിയിലെത്തി ബന്ധുവിനെ കാണുകയും കോടതിയില്‍ നല്‍കിയ മൊഴി മാറ്റണമെന്ന് വിപിന്‍ലാലിനോട് പറയാന്‍ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് തിരിച്ചുപോയ പ്രദീപ് ജനുവരി 28ന് മൊഴി മാറ്റണമെന്നാവശ്യപ്പെട്ട് വിപിന്‍ലാലിനെ ഫോണില്‍ വിളിച്ചു. വിസമ്മതിച്ചപ്പോള്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. സെപ്തംബര്‍ 23, 24, 25, 26 തീയതികളില്‍ ഭീഷണിക്കത്തുകളും സാക്ഷിയുടെ വിലാസത്തില്‍ എത്തി. ഇതോടെയാണ് വിപിന്‍ലാല്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് കേസെടുത്ത് അന്വേഷണാരംഭിക്കുകയും സാക്ഷിയുടെ ബന്ധുവിന്റെ കാസര്‍കോട്ടെ ജ്വല്ലറിയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. പ്രദീപ് ജ്വല്ലറിയില്‍ എത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പ്രദീപ് സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവറുടെ മൊഴിയും രേഖപ്പെടുത്തി. ഭീഷണിക്കത്തുകളുടെയും ഫോണ്‍വിളികളുടെയും അടിസ്ഥാനത്തില്‍ ബേക്കല്‍ സി.ഐയുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതോടെയാണ് പ്രതിയെ തിരിച്ചറിയാന്‍ സാധിച്ചത്. പ്രദീപിനെ പ്രതിചേര്‍ത്ത് പൊലീസ് ഹൊസ്ദുര്‍ഗ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. തിരുനെല്‍വേലി സ്വദേശിയുടെ പേരിലെടുത്ത സിംകാര്‍ഡില്‍ നിന്നാണ് വിപിന്‍ലാലിന് ഫോണ്‍കോള്‍ വന്നതെന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. തിരുനെല്‍വേലി സ്വദേശിയുടെ പേരില്‍ മറ്റാരോ സിംകാര്‍ഡ് എടുത്തതാകാമെന്നാണ് അന്വേഷണസംഘം കരുതുന്നത്. നടിയെ അക്രമിച്ച കേസിലെ സാക്ഷിയെ വിളിക്കാന്‍ വേണ്ടി മാത്രമാണ് ഈ സിംകാര്‍ഡ് ഒരുതവണ ഉപയോഗിച്ചത്. പിന്നീട് സ്വിച്ച് ഓഫ് ആയി.

Related Articles
Next Story
Share it