കാസര്‍കോട്: ഷവര്‍മ കഴിച്ച് ചെറുവത്തൂരില്‍ പെണ്‍കുട്ടി മരിച്ച കേസില്‍ കൂള്‍ബാര്‍ ഉടമ കുഞ്ഞഹമ്മദിനെതിരെ പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. ദുബായിയില്‍ ജോലി ചെയ്യുന്ന ഇയാള്‍ സ്വമേധയാ കീഴടങ്ങാനുള്ള സാധ്യത അവസാനിച്ചതോടെയാണ് പൊലീസ് നടപടി. കുഞ്ഞഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ഐഡിയല്‍ കൂള്‍ബാറില്‍നിന്ന് ഷവര്‍മ കഴിച്ചാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദേവനന്ദ മരിച്ചത്. വിവിധ ആസ്പത്രികളിലായി 59 പേര് ചികില്‍സ തേടിയിരുന്നു. ഇവരില്‍ ചിലര്‍ക്ക് ഷിഗെല്ലയും ഇതേ കൂള്‍ബാറിലെ ഭക്ഷ്യ സാംപിളുകളില്‍ ഷിഗെല്ല- സാല്‍മൊണല്ല ബാക്ടീരിയകളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിരുന്നു. നിലവില്‍ കൂള്‍ബാര്‍ മാനേജര്‍, മാനേജിങ് പാര്‍ട്ണര്‍, ഷവര്‍മ ഉണ്ടാക്കിയ നേപ്പാള്‍ സ്വദേശി എന്നിവര്‍ റിമാന്‍ഡിലാണ്.