• #102645 (no title)
  • We are Under Maintenance
Sunday, October 1, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

‘പൊലീസ് ജനങ്ങളുടെ സുഹൃത്ത്’

Utharadesam by Utharadesam
May 17, 2023
in ARTICLES, T A SHAFI
Reading Time: 1 min read
A A
0
‘പൊലീസ് ജനങ്ങളുടെ സുഹൃത്ത്’

ലക്‌നൗവില്‍ ജനിച്ച്, അവിടെ മലയാളി കന്യാസ്ത്രീകള്‍ നേതൃത്വം നല്‍കുന്ന സെന്റ് മേരീസ് സ്‌കൂളില്‍ പഠിച്ചുവളര്‍ന്ന്, അതിരറ്റ ക്രിക്കറ്റ് മോഹവും ബാഡ്മിന്റണില്‍ അതിലേറെ തിളക്കവുമായി ജീവിച്ച വൈഭവ് സക്‌സേന എന്ന വിദ്യാര്‍ത്ഥിയെ ഐ.പി.എസിന്റെ വഴിയെ നടത്തിയത് ലക്‌നൗവിലെ അറിയപ്പെടുന്ന റേഡിയോളജിസ്റ്റായ അച്ഛനും വീട്ടമ്മയായ അമ്മയുമാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറേയും മുഹമ്മദ് കൈഫിനേയും ആരാധനാപാത്രങ്ങളാക്കി നല്ലൊരു ക്രിക്കറ്ററാവാന്‍ മോഹിച്ച ഡോ. വൈഭവ് സക്‌സേന ഇപ്പോള്‍ കേരള കേഡറിലെ മികച്ച പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ്. തോക്കും ലാത്തിയുമായി ജനങ്ങളിലേക്കിറങ്ങി ഷോ കാണിക്കുന്ന ശീലം വൈഭവ് സക്‌സേനക്കില്ല. പഴുതടച്ച, ശാസ്ത്രീയമായ അന്വേഷണത്തിലൂടെ ക്രിമിനല്‍ സംഘങ്ങളുടെ വേരറുത്ത് മാറ്റുന്ന മോഡേണ്‍ ഇന്‍വെസ്റ്റിഗേഷന്‍ രീതിയാണ് അദ്ദേഹത്തിന്റേത്. കുറ്റാന്വേഷണ മികവ് കൊണ്ട് ശ്രദ്ധേയനും മയക്കുമരുന്ന് മാഫിയ അടക്കമുള്ള കുറ്റവാളി സംഘങ്ങളുടെ പേടി സ്വപ്‌നവുമായ കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന ഉത്തരദേശത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ നിന്ന്:
ക്രിക്കറ്റ് ബാറ്റേന്തിനടന്ന കുട്ടിക്കാലം
12-ാം ക്ലാസ് വരെ ഞാന്‍ പഠിച്ചത് ലക്‌നൗവിലെ സെന്റ്‌മേരീസ് സ്‌കൂളിലാണ്. സ്‌കൂള്‍ മാനേജ്‌മെന്റില്‍ ഏറെയും മലയാളികളായ കന്യാസ്ത്രീകളും അധ്യാപകരുമായിരുന്നു. അതുകൊണ്ട് തന്നെ കേരളത്തിന്റെ സംസ്‌കാരം കുട്ടിക്കാലത്ത് തന്നെ എനിക്ക് അനുഭവിച്ചറിയാന്‍ ഭാഗ്യമുണ്ടായി. അത് നല്ലൊരു കാലമായിരുന്നു. ഇപ്പോള്‍ വേറൊരുകാലമാണ്. മലയാളം പഠിക്കാന്‍ കുട്ടിക്കാലത്ത് തന്നെ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും സ്‌കൂളില്‍ ഇംഗ്ലീഷ് നിര്‍ബന്ധമായിരുന്നു. ഹിന്ദി സംസാരിച്ചാല്‍ പോലും ചെറിയ പിഴ ഇടും. സ്‌കൂള്‍ പഠനകാലത്ത് ക്രിക്കറ്റിനോടും ബാഡ്മിന്റണോടും എനിക്ക് വലിയ താല്‍പര്യമായിരുന്നു. രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് ക്ലാസ്. വീട്ടിലെത്തി ഉച്ചഭക്ഷണം കഴിഞ്ഞ് ഒരേക്ലാസില്‍ പഠിക്കുന്ന സഹപാഠികളായ ഞങ്ങള്‍ മൂന്നുനാലുപേര്‍ ക്രിക്കറ്റ് കിറ്റും തോളിലേറ്റി ലക്‌നൗവിലെ അന്നത്തെ അറിയപ്പെടുന്ന ഒരേയൊരു സ്റ്റേഡിയമായ കെ.ടി സിംഗ് ബാബു സ്റ്റേഡിയത്തിലേക്ക് പുറപ്പെടും. 15 കിലോമീറ്റര്‍ ദൂരമുണ്ട് വീട്ടില്‍ നിന്ന് സ്റ്റേഡിയത്തിലേക്ക്. മൂന്ന് നാല് സര്‍വീസ് ഓട്ടോറിക്ഷകള്‍ മാറിമാറി കയറിയാണ് സ്റ്റേഡിയത്തിലെത്തുക. സച്ചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും സൗരവ് ഗാംഗുലിയും മുഹമ്മദ് കൈഫുമൊക്കെ തിളങ്ങി നില്‍ക്കുന്ന കാലമായിരുന്നു അത്. സച്ചിനോടായിരുന്നു ഏറെ ഇഷ്ടം. മുഹമ്മദ് കൈഫ് ലക്‌നൗ സ്വദേശികളായ ഞങ്ങളെ ഏറെ സ്വാധീനിച്ചിരുന്നു. അദ്ദേഹത്തിന്റെ കളി ഞങ്ങള്‍ അനുകരിക്കുമായിരുന്നു. യു.പിയില്‍ നിന്നുള്ള രാജ്യാന്തര ക്രിക്കറ്റര്‍ എന്ന നിലയില്‍ മുഹമ്മദ് കൈഫിനോട് വലിയ ആരാധന തോന്നിയിരുന്നു. സ്‌കൂള്‍ ടീമിലൊക്കെ ഞാന്‍ കളിച്ചിട്ടുണ്ട്. ഓപ്പണിംഗ് ബാറ്റ്‌സ്മാനായിരുന്നു. ഐ.പി.എല്‍ അടക്കമുള്ള അവസരങ്ങള്‍ ഇല്ലായിരുന്നു അക്കാലത്ത്. ഒന്നുകില്‍ ദേശീയ ടീമിലെത്തണം, അല്ലെങ്കില്‍ സംസ്ഥാന ടീമില്‍ ഇടം നേടണം. ബാഡ്മിന്റണും ഞാന്‍ നന്നായി കളിക്കുമായിരുന്നു. എന്നാല്‍ ദിവസവും നാലഞ്ചുമണിക്കൂര്‍ നേരം കളിയും പ്രാക്ടീസുമായി ജീവിച്ചപ്പോള്‍ അച്ഛനും അമ്മയും പ്രശ്‌നമുണ്ടാക്കാന്‍ തുടങ്ങി. എന്നെ പഠിപ്പിച്ച് നല്ലൊരു നിലയിലെത്തിക്കണമെന്നായിരുന്നു അവരുടെ ആഗ്രഹം. പത്താം തരം പരീക്ഷ അടുത്തതോടെ ശ്രദ്ധമുഴുവനും പഠനത്തിലായി. അച്ഛന്‍ ഡി.കെ സക്‌സേന ഡോക്ടറാണ്. സര്‍ക്കാര്‍ സര്‍വീസില്‍ റേഡിയോളജിസ്റ്റായിരുന്നു അദ്ദേഹം. രണ്ട് സഹോദരിമാരുണ്ട്. രണ്ടുപേരും പ്രൊഫഷണലിസ്റ്റുകളാണ്.
കാസര്‍കോട് കേരളത്തിന്റെ കിരീടം
ഞാന്‍ ആദ്യം ജോലി ചെയ്തത് തിരുവനന്തപുരത്ത് ലോ ആന്റ് ഓര്‍ഡര്‍ ഡി.സി.പിയായിട്ടാണ്. പിന്നീടാണ് കാസര്‍കോട്ടെത്തിയത്. ഒന്ന് കേരളത്തിന്റെ തെക്കേ അറ്റം. കാസര്‍കോട് ഏറ്റവും വടക്കേയറ്റവും. കാസര്‍കോടിനെ കുറിച്ച് കേട്ടത് പോലെയായിരുന്നില്ല ഇവിടെ എത്തിയപ്പോള്‍. കാസര്‍കോട് എത്തുകയും ഇവിടെ സേവനം തുടങ്ങുകയും ചെയ്തതോടെ എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. ഏറ്റവും മികച്ച പൊലീസ് ഉദ്യോഗസ്ഥരുള്ള ജില്ല കാസര്‍കോടാണ്. ഇവിടെ വന്നതിന് ശേഷം ഞാന്‍ വളരെ സന്തോഷവാനാണ്. പൊതുജനങ്ങള്‍ വളരെ ബുദ്ധിമാന്‍മാരും സജീവവുമാണ്. അവരുടെ കാര്യങ്ങള്‍ പഠിക്കാന്‍ വേണ്ടിയാണ് ആദ്യനാളുകളില്‍ ശ്രദ്ധിച്ചത്. അതിന് വേണ്ടി പൊതുജനങ്ങളുമായി നിരന്തരം സംവദിച്ചു. ക്രൗണ്‍ ഓഫ് കേരളയാണ് കാസര്‍കോട്. ജനങ്ങളുടെ മികച്ച സഹകരണവും പൊലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണ മികവും എന്നെ ഏറെ സന്തോഷിപ്പിക്കുന്നു.
അതിര്‍ത്തി ജില്ല ഒരു പ്രശ്‌നമാണോ
അതിര്‍ത്തി ജില്ല എന്നത് രാജ്യത്ത് എവിടെയാണെങ്കിലും അതൊരു പ്രശ്‌നം തന്നെയാണ്. കാസര്‍കോട് നിന്ന് കര്‍ണാടകയിലേക്ക് വാഹനങ്ങള്‍ സഞ്ചരിക്കാവുന്ന 17 റോഡുകളുണ്ട്. ഇതുകൂടാതെ 13 ഇടവഴികളും. അതുകൊണ്ട് തന്നെ കുറ്റവാളികള്‍ക്ക് ഒരു കൃത്യം നിര്‍വഹിച്ച് രക്ഷപ്പെടാന്‍ എളുപ്പമാണ്. കാസര്‍കോട് കര്‍ണാടകയുടെ മൂന്ന് ജില്ലകള്‍ അതിരിടുന്നുണ്ട്. മംഗളൂരുവും ദക്ഷിണ കനറയും കൂര്‍ഗും. യഥേഷ്ടം വഴികളുള്ളത് കൊണ്ട് കേരളത്തില്‍ കുറ്റകൃത്യം നടത്തി കര്‍ണാടകയിലേക്ക് കടക്കുന്നവരുടെ എണ്ണം ഏറെയാണ്. ഇതേ പ്രശ്‌നം കര്‍ണാടകയും നേരിടുന്നുണ്ട്. അവിടെ കുറ്റകൃത്യം നടത്തുന്നവര്‍ കേരളത്തിലേക്ക് കടന്നുകളയുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് സാങ്കേതിക വിദ്യ പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ് ഗുണകരം. സൈബര്‍ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി പൊലീസ് അത് സാധ്യമാക്കുന്നു. മാന്‍പവര്‍ കുറക്കാനും സാങ്കേതിക വിദ്യയുടെ മേന്മകൊണ്ട് കഴിയുന്നുണ്ട്.
പൊലീസില്‍ വരുത്തിയ മാറ്റങ്ങള്‍
കാസര്‍കോട് ജില്ലയില്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് സര്‍ക്കാറും പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സുമായി ചര്‍ച്ച ചെയ്തും സഹപ്രവര്‍ത്തകരുമായി കൂടിയാലോചിച്ചും വിവിധ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. കുറ്റവാസനകള്‍ കുറക്കുക എന്നതാണ് ഏറ്റവും പ്രധാനം. നിലവില്‍ ജില്ലയില്‍ പൊലീസിന്റെ സൗകര്യങ്ങള്‍ പര്യാപ്തമാണ്. ആവശ്യത്തിന് അംഗബലമുണ്ട്. അത്യാവശ്യഘട്ടങ്ങളില്‍ പുറമെ നിന്ന് കൂടുതല്‍ ഫോഴ്‌സിനെ വിളിച്ചുവരുത്താറുണ്ട്.
എസ്.പി ഓഫീസിന്റെ മുഖച്ഛായ മാറി
ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിന്റെ മുഖച്ഛായ തന്നെ മാറ്റാന്‍ കഴിഞ്ഞു. ഇതിന് സര്‍ക്കാറിന്റെയും പൊലീസ് ഹെഡ്ക്വാര്‍ട്ടേസിന്റെയും നല്ല സഹായം ലഭിച്ചു. നല്ല ആസൂത്രണത്തോടെ ചുരുങ്ങിയ ചെലവില്‍ ഓഫീസുകള്‍ നന്നാക്കുകയും പരാതികളുമായി എത്തുന്നവര്‍ക്ക് ഭയം കൂടാതെ പരാതികള്‍ നല്‍കാനുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. പലര്‍ക്കും നിരവധി ആവശ്യങ്ങള്‍ക്ക് പൊലീസിനെ ബന്ധപ്പെടേണ്ടിവരുന്നുണ്ട്. പൊലീസിന്റെ ഏത് ഓഫീസിലേക്കും ജനങ്ങള്‍ക്ക് ധൈര്യപൂര്‍വ്വവും സന്തോഷത്തോടെയും വരാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഓഫീസുകളുടെ സൗകര്യം വര്‍ധിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. തങ്ങളുടെ പരാതികള്‍ ഉദ്യോഗസ്ഥര്‍ നന്നായി കേള്‍ക്കുന്നുണ്ട് എന്നും അതില്‍ നടപടിയുണ്ടാകുമെന്നും ഓരോ പരാതിക്കാരനും ഉറപ്പുനല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. അതിനുള്ള സാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പൊലീസ് ഒരു സര്‍വീസ് ഡെലിവറി ഏജന്റ് കൂടിയാണ്.
എം.എല്‍.എയുടെ
അനുമോദനം

ജില്ലാ ജഡ്ജി അടക്കമുള്ളവര്‍ സംബന്ധിച്ച ഒരു പുസ്തക പ്രകാശന ചടങ്ങില്‍ കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് പൊലീസിനെ പ്രശംസിച്ച് പറഞ്ഞ വാക്കുകള്‍ ഞങ്ങള്‍ക്കുള്ള കോംപ്ലിമെന്റാണ്. പഴയകാലത്തെ പോലെ പൊതുജനങ്ങള്‍ക്ക് ഇപ്പോള്‍ പൊലീസ് സ്റ്റേഷനില്‍ പോകാന്‍ ഭയമില്ലെന്നും അവര്‍ ജനപ്രതിനിധികളായ തങ്ങളെ നേരത്തെ വിളിച്ചിരുന്നത് ‘ഒന്ന് പൊലീസ് സ്റ്റേഷന്‍ വരെ പോയി വരാന്‍ കൂടെ വരണം’ എന്ന് പറഞ്ഞായിരുന്നുവെങ്കില്‍, ഇന്ന് ഞങ്ങളെ പലരും വിളിക്കുന്നത് പൊലീസ് സ്റ്റേഷനിലേക്ക് പോകാനല്ല മറ്റു ചില ഓഫീസുകളിലേക്ക് പോകാനാണെന്നാണ് എം.എല്‍.എ പറഞ്ഞത്. മറ്റു ഓഫീസുകളെ കുറിച്ച് പറയാന്‍ ഞാന്‍ തയ്യാറല്ല. എന്നാല്‍ പൊലീസ് സ്റ്റേഷനുകളുടെ മുഖച്ഛായ മാറിയിട്ടുണ്ട് എന്ന എം.എല്‍.എയുടെ പ്രശംസ പൊലീസിനുള്ള അംഗീകാരമായി കാണുന്നു.
ക്രമസമാധാനത്തിന് പുറമെ ജനങ്ങളുടെ വിവിധ പ്രശ്‌നങ്ങളിലും പൊലീസിന്റെ ഇടപെടല്‍
ക്രമസമാധാനപാലനത്തില്‍ മാത്രമല്ല പൊലീസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന മറ്റു പ്രശ്‌നങ്ങളിലും ഇടപെട്ട് പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ നടത്തുന്നുണ്ട്. ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ വളരെ ട്രെയിന്‍ഡ് ആണ്. അവര്‍ പട്രോളിംഗിനിടയില്‍ വീടുകള്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസ്സിലാക്കുന്നു. ഞാന്‍ ജില്ലയിലെ നിരവധി കോളനികളില്‍ സന്ദര്‍ശനം നടത്തി. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ കോളനികളടക്കം സന്ദര്‍ശിക്കണം. അവര്‍ക്ക് പല പ്രശ്‌നങ്ങളും പറയാനുണ്ടാവും. കുടിവെള്ളം സംബന്ധിച്ചും ഭൂമി സംബന്ധമായതുമായ ഒട്ടേറെ കാര്യങ്ങള്‍ കോളനി നിവാസികള്‍ പൊലീസിനോട് ഉണര്‍ത്താറുണ്ട്. അവയൊക്കെ ജനമൈത്രി നോഡല്‍ ഓഫീസര്‍മാര്‍ ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റുകളെ അറിയിച്ച് അവയ്ക്ക് പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നു. അതുകൊണ്ട് തന്നെ കൃത്യമായി പറയാനാവും, പൊലീസിന്റെ ഡ്യൂട്ടി ക്രമസമാധാന പാലനം മാത്രമല്ല, ജനങ്ങളുടെ വിവിധങ്ങളായ കാര്യങ്ങള്‍ മനസ്സിലാക്കി അവ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍കൊണ്ടുവരിക കൂടിയാണ്.
മയക്കുമരുന്നിനെതിരായ
നടപടികള്‍

മയക്കുമരുന്ന് മാത്രമല്ല എല്ലാ സംഘടിത കുറ്റകൃത്യങ്ങള്‍ക്കുമെതിരെ പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ക്ലീന്‍ കാസര്‍കോട് പദ്ധതി അതിലൊന്നാണ്. ക്ലീന്‍ കാസര്‍കോട് പദ്ധതിക്ക് കീഴില്‍ നിരവധി എന്‍.ഡി.പി.എസ് കേസുകള്‍ പിടിച്ചിട്ടുണ്ട്. കൂടുതല്‍ മയക്കുമരുന്നുകള്‍ ലഭിക്കുന്ന ജില്ലകളിലൊന്നാണ് കാസര്‍കോട്. അതുകൊണ്ട് തന്നെ മയക്കുമരുന്ന് മാഫിയയുടെ വേരറുക്കാനുള്ള ആസൂത്രിതമായിട്ടുള്ള ശ്രമങ്ങളാണ് പൊലീസ് നടത്തിവരുന്നത്. മയക്കുമരുന്നിന് ആവശ്യക്കാര്‍ കൂടുതലായതിനാല്‍ പൊലീസ് നടപടികളും എല്ലായ്‌പ്പോഴും ശക്തമാക്കേണ്ടിവരുന്നു. എന്നാല്‍ പൊലീസ് നടപടി കൊണ്ട് മാത്രം പൂര്‍ണ്ണമായ ഫലം ഉണ്ടായെന്ന് വരില്ല. വിദ്യാര്‍ത്ഥികളെയടക്കം ബോധവല്‍ക്കരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. പൊലീസ് ശക്തമായ നടപടി സ്വീകരിക്കുമ്പോള്‍ തല്‍ക്കാലത്തേക്ക് ഡ്രഗ് മാഫിയ ഉള്‍വലിയുമെങ്കിലും വീണ്ടും അവര്‍ തലപൊക്കും. സ്‌കൂളുകളില്‍ ബോധവല്‍ക്കരണ കാമ്പയിനുകള്‍ ശക്തമാണ്. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ആരംഭിച്ച യോദ്ധാവ് അടക്കമുള്ള പരിപാടികള്‍ വലിയ പ്രയോജനം ചെയ്തിട്ടുണ്ട്. ശക്തമായ പൊലീസ് നടപടികള്‍ക്കൊപ്പം തന്നെ സ്‌കൂളുകളും കോളേജുകളും റസിഡന്റ്‌സ് അസോസിയേഷനുകളും ആസ്പത്രികളും കേന്ദ്രീകരിച്ചുള്ള ബോധവല്‍ക്കരണ പരിപാടികളും നടക്കുന്നുണ്ട്.
ബോധവല്‍ക്കരണം ഗുണകരം; പൊലീസിനൊപ്പം സ്ത്രീകളും കൈകോര്‍ക്കുന്നു
തീര്‍ച്ചയായും ഇത് നല്ലൊരു തുടക്കമാണ്. മയക്കുമരുന്ന് സംബന്ധിച്ച് വലിയ പ്രശ്‌നം ഇവിടെ നിലനില്‍ക്കുന്നു എന്ന തിരിച്ചറിവ് പൊലീസിനുണ്ട്. ഈ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഭാവിയില്‍ വലിയ ഭവിഷ്യത്തുകളുണ്ടാകും. മയക്കുമരുന്നതിനെതിരായ പോരാട്ടത്തില്‍ പൊതു ജനങ്ങളുടെ സഹകരണം പ്രശംസനീയമാണ്. ഒന്നുരണ്ടുകാര്യങ്ങള്‍ ഞാന്‍ പ്രത്യേകം സൂചിപ്പിക്കാം. 2021ല്‍ 116 എന്‍.ഡി.പി.എസ് കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. 2022ല്‍ ഇത് 1500ഓളം കേസുകളായിരുന്നു. ഇതില്‍ 40 ശതമാനത്തിലും ഏതാണ്ട് 600 കേസുകള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ പ്രതികളായുള്ള കേസുകളാണ്. ഈ കേസുകളില്‍ ഏതാണ്ട് 240ഓളം കേസുകള്‍ സംബന്ധിച്ച് ഞങ്ങള്‍ക്ക് വിവരം കൈമാറിയത് വിദ്യാര്‍ത്ഥിനികളാണ്. അവരെ കുറിച്ചുള്ള ഒരു വിവരവും ഒരിക്കലും പുറത്തുവരില്ല. അവര്‍ സേഫാണ്. അതുകൊണ്ടാണ് പറയുന്നത് ബോധവല്‍ക്കരണ ക്ലാസുകള്‍ വളരെ പ്രയോജനം ചെയ്യുന്നുണ്ട്. ചുറ്റുപാടിലെ കുട്ടികള്‍ ആരെങ്കിലും മയക്കുമരുന്നിന് അടിമപ്പെട്ടുപോയിട്ടുണ്ടെങ്കില്‍ കൃത്യമായ വിവരങ്ങള്‍ പൊലീസിന് കൈമാറണം. അവരെ കുറിച്ച് ആരും പുറത്തുപറയില്ല. ഇക്കാര്യം ഉറപ്പാണ്. ഈ വര്‍ഷം ഏതാണ്ട് 600 ആള്‍ക്കാരെ മയക്കുമരുന്നിന്റെ പിടിയില്‍ നിന്ന് രക്ഷിക്കാനും കൗണ്‍സിലിന് വിധേയരാക്കാനും പലരേയും ഡി അഡിക്ഷന്‍ സെന്ററിലേക്ക് അയക്കാനും പൊലീസിന് കഴിഞ്ഞു.
മൊബൈല്‍ അഡിക്ഷനും വലിയ ഭീഷണിയാണ്
ഏതാണ്ട് എല്ലാ രാജ്യങ്ങളെ കുറിച്ചും ഞാന്‍ വിശദമായി പഠിച്ചിട്ടുണ്ട്. പല രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുമുണ്ട്. ഒരുകാര്യം തറപ്പിച്ചുപറയാം. ഏറ്റവും മികച്ച, ഭംഗിയുള്ള സംസ്ഥാനമാണ് നമ്മുടെ കേരളം. ഇവിടെ മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കുമ്പോള്‍ നശിക്കുന്നത് ഒരു വ്യക്തിമാത്രമല്ല, ആ കുടുംബം തന്നെയാണ്. അത് മുഴുവന്‍ തലമുറകളേയും നശിപ്പിക്കും. ഒരു കുട്ടിയുടെ പെരുമാറ്റത്തില്‍ പതിവില്ലാത്ത മാറ്റമുണ്ടെങ്കില്‍ അത് ആദ്യം തിരിച്ചറിയുക ആ വീട്ടിലെ സ്ത്രീകള്‍ അല്ലെങ്കില്‍ അവരുടെ അമ്മമാരായിരിക്കും. മക്കളെ മയക്കുമരുന്നിന്റെ പിടിയില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമങ്ങള്‍ അവരുടെ ഭാഗത്ത് നിന്നുണ്ടാവണം. മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഒരു ക്രൈം കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടാല്‍ പിന്നീട് ജോലി കിട്ടാന്‍ പ്രയാസമാണ്. ഉയര്‍ന്ന വിദ്യഭ്യാസത്തിന് പോകാന്‍ കഴിയില്ല. പാസ്‌പോര്‍ട്ട് കിട്ടില്ല. വിദേശ ജോലി അസാധ്യമാകും. അതുകൊണ്ട് തങ്ങളുടെ മക്കളെ വളരെയെറെ ഗൗരവത്തോടെ ശ്രദ്ധിക്കണ്ടതും അവര്‍ തെറ്റായ വഴികളിലേക്ക് പോകുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതും വീട്ടുകാര്‍ തന്നെയാണ്. മൊബൈല്‍ ഫോണിന് അടിമപ്പെട്ടുപോയ കുട്ടികളുടെ എണ്ണവും വര്‍ധിച്ചുവരികയാണ്. ചെറിയ കുട്ടികള്‍ പോലും മൊബൈലിന് അടിമപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതും അപകടമാണ്. ക്രൈം വളരാന്‍ ഇത് കാരണമാകും. അതുകൊണ്ട് തന്നെ പൊലീസിന്റെ ദൗത്യം വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. പൊലീസിന് വിശ്രമിക്കാന്‍ നേരമേയില്ല.


-ടി.എ ഷാഫി

ShareTweetShare
Previous Post

എന്‍.എ ഹാരിസും യു.ടി ഖാദറും മന്ത്രിമാരായേക്കും

Next Post

കരള്‍മാറ്റ ശസ്ത്രക്രിയ വിദഗ്ധരുടെ വേള്‍ഡ് കോണ്‍ഗ്രസില്‍ ശ്രദ്ധേയമായ പ്രബന്ധം അവതരിപ്പിച്ച് മലയാളി ഡോക്ടര്‍

Related Posts

അക്കാഫിന്‍ ചിറകിലേറി 25 അമ്മമാര്‍ ദുബായില്‍

അക്കാഫിന്‍ ചിറകിലേറി 25 അമ്മമാര്‍ ദുബായില്‍

September 30, 2023
പരുഷമായ ഒരു കാലത്തെ സ്വരം കൊണ്ട് പതംവരുത്തിയ ഗായിക

ശബ്ദ സൗകുമാര്യത്തിന്റെ വളകിലുക്കം

September 29, 2023
പരുഷമായ ഒരു കാലത്തെ സ്വരം കൊണ്ട് പതംവരുത്തിയ ഗായിക

പരുഷമായ ഒരു കാലത്തെ സ്വരം കൊണ്ട് പതംവരുത്തിയ ഗായിക

September 29, 2023
കാസര്‍കോടിനെയും ചേര്‍ത്ത് പിടിച്ച ഡോ. എം.എസ് സ്വാമിനാഥന്‍

കാസര്‍കോടിനെയും ചേര്‍ത്ത് പിടിച്ച ഡോ. എം.എസ് സ്വാമിനാഥന്‍

September 29, 2023

അരക്ഷിതാവസ്ഥയിലാകുന്ന തൊഴിലുറപ്പ് പദ്ധതി

September 29, 2023
പുഞ്ചിരിയുടെ നറുനിലാവായി ഇനി ഫരീദില്ല

പുഞ്ചിരിയുടെ നറുനിലാവായി ഇനി ഫരീദില്ല

September 27, 2023
Next Post
കരള്‍മാറ്റ ശസ്ത്രക്രിയ വിദഗ്ധരുടെ വേള്‍ഡ് കോണ്‍ഗ്രസില്‍ ശ്രദ്ധേയമായ പ്രബന്ധം അവതരിപ്പിച്ച് മലയാളി ഡോക്ടര്‍

കരള്‍മാറ്റ ശസ്ത്രക്രിയ വിദഗ്ധരുടെ വേള്‍ഡ് കോണ്‍ഗ്രസില്‍ ശ്രദ്ധേയമായ പ്രബന്ധം അവതരിപ്പിച്ച് മലയാളി ഡോക്ടര്‍

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS