നീലേശ്വരത്തെ സ്റ്റീല്‍ ഫര്‍ണിച്ചര്‍ നിര്‍മാണകമ്പനിയില്‍ നിന്ന് അഞ്ച് ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ കടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തില്ല; ഉടമ കോടതിയില്‍ ഹരജി നല്‍കി

കാസര്‍കോട്: നീലേശ്വരത്തെ സ്റ്റീല്‍ ഫര്‍ണിച്ചര്‍ നിര്‍മാണകമ്പനിയില്‍ നിന്ന് അഞ്ച് ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ കടത്തിക്കൊണ്ടുപോയ ആള്‍ക്കെതിരെ പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തില്ലെന്നും ഈ സാഹചര്യത്തില്‍ കോടതിയില്‍ ഹരജി നല്‍കിയിരിക്കുകയാണെന്നും ഉടമ കാസര്‍കോട്ട് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നീലേശ്വരം ബ്ലോക്ക് ഓഫീസിനടുത്തുള്ള മിനി ഇന്‍ഡസ്ട്രീസില്‍ പ്രവര്‍ത്തിക്കുന്ന ബ്രദേര്‍സ് സ്റ്റീല്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമ സിബി ജോര്‍ജ് സേവ്യറാണ് ബങ്കളം സ്വദേശിക്കെതിരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (രണ്ട്) കോടതിയില്‍ ഹരജി നല്‍കിയത്. ബങ്കളം സ്വദേശി കമ്പനിയുടെ തുടക്കത്തില്‍ തന്റെ […]

കാസര്‍കോട്: നീലേശ്വരത്തെ സ്റ്റീല്‍ ഫര്‍ണിച്ചര്‍ നിര്‍മാണകമ്പനിയില്‍ നിന്ന് അഞ്ച് ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ കടത്തിക്കൊണ്ടുപോയ ആള്‍ക്കെതിരെ പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തില്ലെന്നും ഈ സാഹചര്യത്തില്‍ കോടതിയില്‍ ഹരജി നല്‍കിയിരിക്കുകയാണെന്നും ഉടമ കാസര്‍കോട്ട് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നീലേശ്വരം ബ്ലോക്ക് ഓഫീസിനടുത്തുള്ള മിനി ഇന്‍ഡസ്ട്രീസില്‍ പ്രവര്‍ത്തിക്കുന്ന ബ്രദേര്‍സ് സ്റ്റീല്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമ സിബി ജോര്‍ജ് സേവ്യറാണ് ബങ്കളം സ്വദേശിക്കെതിരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (രണ്ട്) കോടതിയില്‍ ഹരജി നല്‍കിയത്. ബങ്കളം സ്വദേശി കമ്പനിയുടെ തുടക്കത്തില്‍ തന്റെ കീഴില്‍ ജോലി ചെയ്തിരുന്നുവെന്നും എന്നാല്‍ കൃത്യമായി ജോലി ചെയ്യാത്തതിനാലും ഏല്‍പ്പിക്കുന്ന ജോലികളില്‍ കൃത്രിമം കാണിക്കുന്നതിനാലും ഒരുമാസത്തിനുള്ളില്‍ തന്നെ ഇയാളെ പിരിച്ചുവിട്ടിരുന്നുവെന്നും ഇതിന് ശേഷം തന്നോട് ശത്രുത പുലര്‍ത്തിവരികയായിരുന്നുവെന്നും സിബി ജോര്‍ജ് സേവ്യര്‍ ആരോപിച്ചു. 2021 സെപ്തംബര്‍ 19ന് ബങ്കളം സ്വദേശി കമ്പനിയുടെ ഷട്ടര്‍ കുത്തിപ്പൊളിച്ച്അഞ്ച് ലക്ഷത്തിലേറെ രൂപയുടെ സാധനങ്ങള്‍ കടത്തിക്കൊണ്ടുപോയെന്നാണ് സിബി കോടതിയില്‍ നല്‍കിയ ഹരജിയില്‍ വ്യക്തമാക്കിയത്. വിലപിടിപ്പുള്ള വിവിധ വലിപ്പത്തിലുള്ള 32 സ്റ്റീല്‍ അലമാരകള്‍, അലമാരകളുടെ ഫിറ്റിംഗ് സാധനങ്ങള്‍, പെയിന്റ്, ഡോര്‍, ഹാന്റിലുകള്‍, സോഫാകുഷ്യന്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന നാല് ബണ്ടില്‍ ഫോം, സോഫ നിര്‍മിക്കുന്നയന്ത്രം, സ്റ്റീല്‍ അലമാരകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന സ്റ്റീല്‍ പ്ലേറ്റുകള്‍, തകിടുകള്‍, കട്ടിലകള്‍, ജനാലകള്‍, നാല് സീലിംഗ് ഫാനുകള്‍, എട്ട് ബള്‍ബുകള്‍, കംപ്രസര്‍ ഗണ്‍, രണ്ട് ഷീറ്റ് മറൈന്‍ പ്ലൈവുഡ്, വാട്ടര്‍ ടാങ്ക്, പ്ലാസ്റ്റിക് ഷീറ്റ്, എട്ട് തെര്‍മോകോള്‍ അലമാര പാക്കിങ്ങ് മുതലായവയാണ് കടത്തിക്കൊണ്ടുപോയത്. ഇതുസംബന്ധിച്ച് നീലേശ്വരം പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാതെ ഒതുക്കാനാണ് ശ്രമിക്കുന്നതെന്നും രാഷ്ട്രീയ സമ്മര്‍ദമാണ് ഇതിന് കാരണമെന്നും സിബിജോര്‍ജ് സേവ്യര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

Related Articles
Next Story
Share it