കാസര്‍കോട്: വിവിധ കേസുകളില്‍ പ്രതികളായി കോടതിയില്‍ ഹാജരാകാതെ മുങ്ങിനടക്കുന്ന പിടികിട്ടാപുള്ളികളെ കണ്ടെത്താന്‍ കാസര്‍കോട് സി.ഐ പി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന. ഇന്നലെ അര്‍ദ്ധരാത്രിമുതല്‍ ഇന്ന് പുലര്‍ച്ചെ വരെ കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ ഭാഗങ്ങളിലാണ് തിരച്ചില്‍ നടത്തിയത്. വധശ്രമവും കവര്‍ച്ചയും ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളായ പലരും വര്‍ഷങ്ങളും മാസങ്ങളുമായി കോടതിയില്‍ ഹാജരാകാതെ മുങ്ങിനടക്കുകയാണ്. ഇത്തരക്കാര്‍ക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പലരും വിദേശങ്ങളിലടക്കം ഒളിവില്‍ കഴിയുന്നതായാണ് വിവരം. വാറണ്ട് നോട്ടീസയച്ചിട്ടും ഹാജരാവാത്ത പ്രതികളെ കണ്ടെത്താനാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്. പല വീടുകളിലും അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. വാറണ്ട് നോട്ടീസ് ലഭിച്ചവര്‍ ഹാജരായില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് പൊലീസ് തീരുമാനം.
കവര്‍ച്ച പെരുകിയ സാഹചര്യത്തില്‍ കാസര്‍കോട് നഗരത്തിലെ സി.സി.ടി.വികള്‍ നന്നാക്കാനും പൊലീസ് തീരുമാനമായി. നഗരത്തില്‍ നേരത്തെ സ്ഥാപിച്ച ക്യാമറകള്‍ മിക്കതും പ്രവര്‍ത്തന രഹിതമാണ്.
പല കേസുകളിലും തുമ്പുണ്ടാക്കാനും പ്രതികളെ തിരിച്ചറിയാനും ക്യാമറകള്‍ സഹായകമാകുന്നുണ്ട്. നിലവില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ക്യാമറകളാണ് ഗുണകരമാകുന്നത്. നഗരത്തിലെ കേടായ ക്യാമറകള്‍ ഉടന്‍ നന്നാക്കാനാണ് തീരുമാനം.