കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് എം.ഡി.എം.എ മയക്കുമരുന്നുമായി നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തോക്കും കണ്ടെടുത്തു. ആറങ്ങാടിയിലെ ഷാഫി(35), മീനാപ്പീസിലെ മുഹമ്മദ് ആബിദ്(26), വടകരമുക്കിലെ ആഷിക്(28), ആവിക്കരയിലെ ആഷിക് മുഹമ്മദ്(26) എന്നിവരെയാണ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഡോ. വി. ബാലകൃഷ്ണന്‍നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഷാഫിയുടെ വീട്ടില്‍വെച്ചാണ് ഷാഫിക്ക് പുറമെ ആബിദ്, ആഷിക് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 28.48 ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് ഇവിടെ നിന്ന് പിടികൂടി. തോക്ക്, 45,000 രൂപ, തൂക്കുന്ന യന്ത്രം തുടങ്ങിയവയും കണ്ടെടുത്തു. ആവിക്കരയിലെ വീട്ടില്‍ നിന്നാണ് മുഹമ്മദ് ആഷികിനെ പിടികൂടിയത്. ഇവിടെ നിന്ന് 21.48 ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് പിടികൂടി. ഡി.വൈ.എസ്.പിക്ക് പുറമെ ഇന്‍സ്പെക്ടര്‍ കെ.പി ഷൈന്‍, എസ്.ഐ കെ.പി സതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ രാത്രിയാണ് രണ്ടിടങ്ങളില്‍ മയക്കുമരുന്ന് വേട്ട നടത്തിയത്.