ഉഡുപ്പി ജില്ലയിലെ നിരവധി കേസുകളില്‍ പ്രതികളായി വര്‍ഷങ്ങളോളം ഒളിവിലായിരുന്ന 24 പേര്‍ അറസ്റ്റില്‍; നാലുപ്രതികള്‍ പിടിയിലായത് കേരളത്തില്‍ നിന്ന്

ഉഡുപ്പി: ഉഡുപ്പി ജില്ലയിലെ നിരവധി കേസുകളില്‍ പ്രതികളായി വര്‍ഷങ്ങളോളം ഒളിവിലായിരുന്ന 24 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നാലുപേര്‍ പിടിയിലായത് കേരളത്തില്‍ നിന്ന്. ജില്ലയിലുടനീളം വിവിധ കേസുകളിലെ പ്രതികളെ പിടികൂടാന്‍ പ്രത്യേക പൊലീസ് സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. പൊലീസ് സ്‌ക്വാഡ് അംഗങ്ങള്‍ കര്‍ണാടകയിലെ വിവിധ ജില്ലകളിലും ഇതര സംസ്ഥാനങ്ങളിലും പോയാണ് 24 ലധികം പ്രതികളെ പിടികൂടി കോടതിയില്‍ ഹാജരാക്കിയത്.ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നാണ് ഏതാനും പേരെ പിടികൂടിയത്. മൂന്ന് പേരെ കേരളത്തില്‍ നിന്നും, നാല് പേരെ കര്‍ണാടകയിലെ മറ്റ് […]

ഉഡുപ്പി: ഉഡുപ്പി ജില്ലയിലെ നിരവധി കേസുകളില്‍ പ്രതികളായി വര്‍ഷങ്ങളോളം ഒളിവിലായിരുന്ന 24 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നാലുപേര്‍ പിടിയിലായത് കേരളത്തില്‍ നിന്ന്. ജില്ലയിലുടനീളം വിവിധ കേസുകളിലെ പ്രതികളെ പിടികൂടാന്‍ പ്രത്യേക പൊലീസ് സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. പൊലീസ് സ്‌ക്വാഡ് അംഗങ്ങള്‍ കര്‍ണാടകയിലെ വിവിധ ജില്ലകളിലും ഇതര സംസ്ഥാനങ്ങളിലും പോയാണ് 24 ലധികം പ്രതികളെ പിടികൂടി കോടതിയില്‍ ഹാജരാക്കിയത്.
ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നാണ് ഏതാനും പേരെ പിടികൂടിയത്. മൂന്ന് പേരെ കേരളത്തില്‍ നിന്നും, നാല് പേരെ കര്‍ണാടകയിലെ മറ്റ് ജില്ലകളില്‍ നിന്നും, ബാക്കിയുള്ളവരെ ഉഡുപ്പി ജില്ലയില്‍ നിന്നുമാണ് പിടികൂടിയത്. പ്രതികള്‍ക്കെതിരെ കവര്‍ച്ച, സര്‍ക്കാര്‍ ജീവനക്കാരെ അക്രമിക്കല്‍, മോഷണം, തട്ടിക്കൊണ്ടുപോകല്‍, ലൈംഗികാതിക്രമം തുടങ്ങി നിരവധി കേസുകളാണ് നിലവിലുള്ളത്. ഹെബ്രി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കവര്‍ച്ച കേസില്‍ പ്രതിയായ രാകേഷ് ഏഴ് വര്‍ഷമായി ഒളിവിലായിരുന്നു. കൊപ്പല്‍ ജില്ലയിലെ മാടന്നൂരില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കാപ്പ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ചെക്ക് കേസില്‍ പ്രതിയായ ഒലിവര്‍ ഗ്ലാഡ്‌സണ്‍ വില്‍സണ്‍ അഞ്ച് വര്‍ഷമായി ഒളിവിലായിരുന്നു. ഉദ്യാവര്‍ ബാലാജി അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചിക്കമംഗളൂരു ജില്ലയിലെ കോപ്പ ബെല്ലൂരില്‍ നിന്നാണ് ബ്രഹ്‌മവാര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത അക്രമണക്കേസില്‍ പ്രതിയായ രാജീവ ഷെട്ടി അഞ്ച് വര്‍ഷത്തിന് ശേഷം അറസ്റ്റിലായത്. ഷിര്‍വ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മോഷണക്കേസില്‍ ഉള്‍പ്പെട്ട ഗുരുപ്രസാദിനെ നാല് വര്‍ഷത്തിന് ശേഷം മൂഡുബിദ്രിയില്‍ വെച്ചാണ് പിടികൂടിയത്. ശിര്‍വ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തട്ടിക്കൊണ്ടുപോകല്‍ കേസിലെ പ്രതിയായ ഉമ്മര്‍ 10 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു. കളത്തൂരില്‍ നിന്നാണ് ഉമ്മറിനെ കസ്റ്റഡിയിലെടുത്തത്. ഷിര്‍വ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മോഷണക്കേസിലെ പ്രതി സുദര്‍ശനെ ബെല്ലില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. സുദര്‍ശന്‍ മൂന്നുവര്‍ഷമായി ഒളിവിലായിരുന്നു.
മണിപ്പാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പോക്‌സോ ബലാത്സംഗക്കേസില്‍ പ്രതിയായി രണ്ട് വര്‍ഷമായി ഒളിവിലായിരുന്ന ജിതേന്ദ്ര ഷാര്‍ക്കിയെ ഉത്തരാഖണ്ഡിലെ ഗഡിക്കോട്ടിലെ ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ബൈന്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കേസില്‍ പ്രതികളായ ബാബു, കൃഷ്ണന്‍ കുട്ടി, സുനില്‍കുമാര്‍ എന്നിവരെ കേരളത്തില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. അഞ്ചുവര്‍ഷമായി ഇവര്‍ ഒളിവിലായിരുന്നു.
ബൈന്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന മോഷണക്കേസിലെ പ്രതിയായി 13 വര്‍ഷം ഒളിവില്‍ കഴിഞ്ഞ സഹദേവനെ ഉത്തര കന്നഡ ജില്ലയിലെ മുണ്ടഗോഡുവിലെ ന്യാസര്‍ഗിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
കുന്താപുരം ട്രാഫിക് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റോഡപകട കേസില്‍ പ്രതിയായി കഴിഞ്ഞ എട്ട് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ മധ്യപ്രദേശ് സ്വദേശി ശേഷമണി നാമദേവ് മധ്യപ്രദേശിലെ ദിയോതലാബില്‍ നിന്നാണ് അറസ്റ്റിലായത്. കൊല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കേസില്‍ 12 വര്‍ഷമായി ഒളിവില്‍ കഴിയുന്ന നിഷിയെ കേരളത്തിലെ തളിപ്പറമ്പില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

Related Articles
Next Story
Share it