ബേഡകം സ്വദേശിയായ യുവാവിന്റെ ദുരൂഹമരണത്തില്‍ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം

കുണ്ടംകുഴി: സുഹൃത്തുക്കളോടൊപ്പം മംഗളൂരുവിലേക്ക് പോയ മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് പിതാവ് മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും നല്‍കിയ പരാതിയെ തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് അന്വേഷണം. ബേഡകം മോലോത്തുംകാവിലെ രമേശനാണ് മകന്‍ സൂര്യജിത്തിന്റെ(19) മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് പരാതി നല്‍കിയത്. മംഗളൂരു പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണമാരംഭിച്ചതായി ബേഡകം പൊലീസ് പറഞ്ഞു. സംഭവം നടന്നത് മംഗളൂരുവിലായതിനാല്‍ കേസിന്റെ പ്രധാന അന്വേഷണചുമതല കര്‍ണാടക പൊലീസിനാണ്. അന്വേഷണത്തിന് കര്‍ണാടക പൊലീസിന് ആവശ്യമായ സഹായം നല്‍കുമെന്ന് ബേഡകം […]

കുണ്ടംകുഴി: സുഹൃത്തുക്കളോടൊപ്പം മംഗളൂരുവിലേക്ക് പോയ മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് പിതാവ് മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും നല്‍കിയ പരാതിയെ തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് അന്വേഷണം. ബേഡകം മോലോത്തുംകാവിലെ രമേശനാണ് മകന്‍ സൂര്യജിത്തിന്റെ(19) മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് പരാതി നല്‍കിയത്. മംഗളൂരു പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണമാരംഭിച്ചതായി ബേഡകം പൊലീസ് പറഞ്ഞു. സംഭവം നടന്നത് മംഗളൂരുവിലായതിനാല്‍ കേസിന്റെ പ്രധാന അന്വേഷണചുമതല കര്‍ണാടക പൊലീസിനാണ്. അന്വേഷണത്തിന് കര്‍ണാടക പൊലീസിന് ആവശ്യമായ സഹായം നല്‍കുമെന്ന് ബേഡകം പൊലീസ് വ്യക്തമാക്കി.
മോലോത്തുംകാവിലെ രമേശന്‍-ശോഭ ദമ്പതികളുടെ മകനായ സൂര്യജിത്ത് സെപ്തംബര്‍ നാലിനാണ് മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് ആസ്പത്രിയില്‍ മരണപ്പെട്ടത്. സെപ്തംബര്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടില്‍നിന്നും സുഹൃത്തുക്കളായ മൂന്നു പേരോടൊപ്പം സൂര്യജിത്ത് മംഗളൂരുവിലേക്ക് പോയതായിരുന്നു.
ഒന്നാം തീയതി മംഗളൂരു എയര്‍പോര്‍ട്ടിന് സമീപം മുറിയെടുത്ത് ഇവര്‍ അവിടെ താമസിക്കുകയും ചെയ്തു. മകന്‍ വീട്ടിലേക്ക് തിരിച്ചു വരാത്തതിനെ തുടര്‍ന്ന് മാതാവ് ശോഭ ഫോണ്‍ ചെയ്തപ്പോള്‍ ആദ്യം സംസാരിച്ചിരുന്നുവെങ്കിലും പിന്നീട് ഫോണെടുത്തിരുന്നില്ല. ഒപ്പം പോയവരുടെ ഫോണിലേക്ക് വിളിച്ചപ്പോള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്. സെപ്തംബര്‍ മൂന്നിന് രാത്രിയോടെ സൂര്യജിത്ത് ആസ്പത്രിയിലുള്ളതായി നാട്ടില്‍ വിവരം ലഭിച്ചു. തലച്ചോറിലുണ്ടായ രക്തപ്രവാഹത്തെ തുടര്‍ന്നാണ് സൂര്യജിത്ത് മരണപ്പെട്ടത്. എന്നാല്‍ ഡെങ്കിപ്പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് സൂര്യജിത്ത് മരിച്ചതെന്നാണ് കടെയുണ്ടായിരുന്നവര്‍ നാട്ടില്‍ പറഞ്ഞത്. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഡെങ്കിപ്പനിയുള്ളതായി സൂചനയില്ല.
കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ആവശ്യമായ എല്ലാ നടപടികളും സ്ഥലത്തെ നേതാക്കളും ജനപ്രതിനിധികളും സ്വീകരിച്ചിരുന്നുവെങ്കിലും മംഗളൂരുവില്‍ നിന്ന് മൃതദേഹവുമായി വന്നവര്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാതെ നാട്ടിലേക്ക് കൊണ്ടുവന്ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കുകയായിരുന്നുവെന്ന് വിട്ടുകാര്‍ പറഞ്ഞു. മംഗളൂരുവിലേക്ക് പോകുമ്പോള്‍ കൂടെയുണ്ടായിരുന്ന സൂര്യജിത്തിന്റെ സുഹൃത്തുക്കളായ മൂന്നുപേരില്‍ ഒരാള്‍ ഇപ്പോള്‍ ഗള്‍ഫിലേക്ക് പോയി. ഇവരുടെ പെരുമാറ്റത്തിലും സംസാരത്തിലും സംശയമുള്ളതായി മാതാപിതാക്കള്‍ പറയുന്നു. ഇവര്‍ സ്ഥലത്തെ സി.പി.എം നേതൃത്വത്തോട് പരാതി പറഞ്ഞതിനെ തുടര്‍ന്ന് നേതാക്കള്‍ കൂടെ ഉണ്ടായ സുഹ്യത്തുക്കളോട് സംഭവത്തിന്റെ നിജസ്ഥിതി ആരാഞ്ഞപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് പറഞ്ഞത്. സൂര്യജിത്തിനെ അഡ്മിറ്റ് ചെയ്യുന്ന സമയത്ത് എറണാകുളം എന്ന അഡ്രസ് നല്‍കിയതും സംശയത്തിന് ഇടവരുത്തിയിരുന്നു.

Related Articles
Next Story
Share it