പോകിപോകചയനന്‍

അനന്തേശ്വരം അനന്തപത്മനാഭക്ഷേത്രത്തില്‍ രണ്ടുതവണ ഞാന്‍ പോയിട്ടുണ്ട്. ദേശാഭിമാനിവാരികയില്‍ ഈ നൂറ്റാണ്ടിന്റെ ആദ്യവര്‍ഷമാദ്യം കേരളപര്യടനം എന്ന പംക്തി തുടങ്ങുന്നതിന്റെ ഭാഗമായി ഫോട്ടോഗ്രാഫര്‍ കെ.മോഹനനോടൊപ്പമായിരുന്നു ആദ്യ സന്ദര്‍ശനം. പിന്നീട് ഒന്നോ രണ്ടോ കൊല്ലത്തിന് ശേഷം കൈരളിചാനലിന്റെ ടീമിനൊപ്പമാണ് അവിടെ പോയത്. ദേശാഭിമാനിവാരികയിലെ കേരളപര്യടനം ജനപ്രിയമായിത്തീര്‍ന്ന സാഹചര്യത്തില്‍ കൈരളി ടി.വി. പീപ്പിള്‍ ടി.വി. ആരംഭിക്കുന്ന ഘട്ടത്തില്‍ ആ യാത്ര ചാനലിലും നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ ലേഖകന്റെയടക്കം അലംഭാവത്താല്‍ അത് മുടങ്ങിപ്പോയി. അതല്ല ഇവിടെ വിഷയം. പീപ്പിളില്‍ സംപ്രേഷണം ചെയ്യാന്‍ ചിത്രീകരണം തയ്യാറാക്കാന്‍ […]

അനന്തേശ്വരം അനന്തപത്മനാഭക്ഷേത്രത്തില്‍ രണ്ടുതവണ ഞാന്‍ പോയിട്ടുണ്ട്. ദേശാഭിമാനിവാരികയില്‍ ഈ നൂറ്റാണ്ടിന്റെ ആദ്യവര്‍ഷമാദ്യം കേരളപര്യടനം എന്ന പംക്തി തുടങ്ങുന്നതിന്റെ ഭാഗമായി ഫോട്ടോഗ്രാഫര്‍ കെ.മോഹനനോടൊപ്പമായിരുന്നു ആദ്യ സന്ദര്‍ശനം. പിന്നീട് ഒന്നോ രണ്ടോ കൊല്ലത്തിന് ശേഷം കൈരളിചാനലിന്റെ ടീമിനൊപ്പമാണ് അവിടെ പോയത്. ദേശാഭിമാനിവാരികയിലെ കേരളപര്യടനം ജനപ്രിയമായിത്തീര്‍ന്ന സാഹചര്യത്തില്‍ കൈരളി ടി.വി. പീപ്പിള്‍ ടി.വി. ആരംഭിക്കുന്ന ഘട്ടത്തില്‍ ആ യാത്ര ചാനലിലും നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ ലേഖകന്റെയടക്കം അലംഭാവത്താല്‍ അത് മുടങ്ങിപ്പോയി. അതല്ല ഇവിടെ വിഷയം. പീപ്പിളില്‍ സംപ്രേഷണം ചെയ്യാന്‍ ചിത്രീകരണം തയ്യാറാക്കാന്‍ രണ്ടാമതും അവിടെ പോയി എന്ന് സൂചിപ്പിക്കുകയാണ്.
അനന്തേശ്വരം അനന്തപത്മനാഭസ്വാമിക്ഷേത്രം പലതുകൊണ്ടും ശ്രദ്ധേയമാണ്. നിര്‍മിത തടാകത്തിന് നടുവിലാണ് ക്ഷേത്രം. ഇവിടെനിന്ന് അപ്രത്യക്ഷനായ ഉണ്ണികൃഷ്ണനാണ് അങ്ങ് തെക്ക് അനന്തപത്മനാഭനായി പ്രത്യക്ഷനായതെന്ന് കഥ. അതായത് ശ്രീപത്മനാഭക്ഷേത്രത്തിന്റെ ആരൂഢസ്ഥാനമെന്ന വിശ്വാസം. എന്‍.എന്‍. കക്കാടിന്റെ തീര്‍ഥാടനം എന്ന കവിതയില്‍ ശൈശവത്തെക്കുറിച്ചും തുടര്‍ന്നുള്ള ക്രമപ്രവൃദ്ധമായ വികാസത്തെക്കുറിച്ചും പരാമര്‍ശിക്കുമ്പോള്‍ അണയുകനന്തന്‍കാട്ടില്‍ എന്ന് പറയുന്നുണ്ട്. വില്വമംഗലം സ്വാമിയെ ധ്യാനത്തിനിടയില്‍ അലോസരപ്പെടുത്തിയ കുട്ടിയെ അദ്ദേഹം ശാസിക്കുകയും ആ കുട്ടി തന്റെ വിശ്വരൂപം കാട്ടി അന്തര്‍ധാനംചെയ്യുകയും പിന്നീട് അങ്ങ് തെക്ക് പ്രത്യക്ഷനാവുകയുംചെയ്തുവെന്ന കഥ. തന്നെ കാണണമെങ്കില്‍ ഇനി അനന്തന്‍കാട്ടില്‍വരൂ എന്നാണ് ആ കുട്ടി പറഞ്ഞത്. ആ അനന്തന്‍കാടാണ് തിരുവനന്തപുരമായതും അവിടെയാണ് അന്തശായിയായ ശ്രീപത്മനാഭന്റെ പ്രതിഷ്ഠയില്‍ ക്ഷേത്രം സ്ഥാപിച്ചതെന്നും ഐതിഹ്യവും കഥയും ചരിത്രവും.
അവിടെപ്പോയപ്പോഴൊന്നും ഓര്‍ക്കാത്ത ഒന്നാണ് പോകിപോക ചയനന്‍! എന്താണീ പോകിപോകചയനന്‍?. ഭോഗിഭോഗശയനന്‍ എന്ന് തര്‍ജമ. അതായത് അനന്തശായന്‍. അനന്തന്‍ എന്ന പാമ്പിന്മേല്‍ കിടക്കുന്ന ആള്‍. സാക്ഷാല്‍ ശ്രീ പത്മനാഭന്‍. മഹാവിഷ്ണു. അനന്തേശ്വരം അനന്തപത്മനാഭക്ഷേത്രത്തിലെ ആ പ്രതിഷ്ഠയെയാണ് കേരളഭാഷയിലെ ആദ്യത്തെ ( കണ്ടുകിട്ടിയേടത്തോളം) പാട്ടുകാവ്യത്തില്‍, രാമചരിതത്തില്‍ അതിന്റെ കര്‍ത്താവ് അനുസ്മരിക്കുന്നതെന്നതാണ് ഇവിടെ പ്രസക്തം.
പന്ത്രണ്ടോ പതിമൂന്നോ നൂറ്റാണ്ടില്‍ ഉണ്ടായതെന്ന് കരുതുന്ന രാമചരിതം എന്ന കാവ്യത്തില്‍ അതിന്റെ കര്‍ത്താവായ ചീരാമന്‍ വന്ദനപ്പട്ടായി, ഇങ്ങനെ പറയുന്നു- ' താരിണങ്കിന തഴക്കുഴൈല്‍ മലര്‍ത്തയ്യല്‍ മുലൈ
ത്താവളത്തിലിളകൊള്ളുമരവിന്ദ നയനാ!
ആരണങ്കളിലെങ്കും പരമ യോഗികളുഴ-
ന്റാലുമെന്റുമറിവാനരിയ ഞാനപൊരുളെ!
മാരിവന്തതൊരു മാലൈയെടുത്തു തടൈയും
മായനേ! യരചനായ് നിചാചരാതിപതിയെ
പോരില്‍ നീ മുന്നം മുടിത്തമയെടുത്തു പുകഴ്വാന്‍
പോകിപോക ചയനാ! കവിയെനക്കരുള്‍ ചെയ്യേ
സാരം- പൂവണിഞ്ഞതും മയില്‍പ്പീലിപോലെ മനോഹരവുമായ ചുരുള്‍മുടിയോടുകൂടിയ ലക്ഷ്മീദേവിയുടെ മുലത്തടത്തില്‍ വിശ്രമിക്കുന്ന അരവിന്ദനയനാ, വേദങ്ങളിലെങ്ങും പരമയോഗികള്‍ അന്വേഷിച്ചുഴന്നാലും എന്നും അറിവാന്‍ പ്രയാസമായ ജ്ഞാനസാരമേ! ഗോവര്‍ധനപര്‍വതമെടുത്ത് മഹാമാരി തടഞ്ഞ വിഷ്ണുവേ! അങ്ങ് ശ്രീരാമനായി അവതരിച്ച് രാവണനെ പോരില്‍ വധിച്ച പഴയ കഥ എടുത്ത് പുകഴ്ത്തുവാന്‍ അല്ലയോ ഭോഗിഭോഗശയനാ! എനിക്ക് കവിത്വം പ്രദാനം ചെയ്യണേ..
തമിഴില്‍നിന്ന് മലയാളം രൂപപ്പെട്ടുവരുന്ന കാലം. കരിന്തമിഴ്കാലം എന്ന് എ.ഡി. 800-1300 വരെയുള്ള കാലത്തെ കേരളഭാഷയെക്കുറിച്ച് കേരളപാണിനിയെപ്പോലുള്ളവര്‍ വിവരിച്ചിട്ടുണ്ട്. സംസ്‌കൃതവുമായി തമിഴ് കൂടിക്കലരാന്‍ തുടങ്ങിയിരുന്നു. സംസ്‌കൃതത്തിലെ വാക്കുകള്‍ ആര്യച്ചിതൈവ് വന്ന്- അഥവാ തദ്ഭവമായി മാറി ഒരുതരം മിശ്രഭാഷ രൂപപ്പെട്ട കാലം. അന്ന് സാഹിത്യരചനയ്ക്ക് ആ കൃത്രിമഭാഷ, അഥവാ മിശ്രഭാഷ ഉപയോഗിച്ചു. ദ്രാവിഡ ഭാഷയിലെ പാട്ടിന്റെ ലക്ഷണത്തോടെ കേരളഭാഷയില്‍ പാട്ടുകളുണ്ടാക്കാന്‍ തുടങ്ങി. അതില്‍ ആദ്യത്തേതോ അവസാനത്തേതോ( രാമചരിതം പോലെ മറ്റൊരു കൃതി കണ്ടുകിട്ടിയിട്ടില്ല) ആയ മഹത്തായ കൃതിയാണ് രാമചരിതം.. 11 പാട്ടുകള്‍ വീതമുള്ള 164 വൃത്തങ്ങളിലായി ആകെ 1800-ലധികം പാട്ടുകള്‍- അതിലൂടെ രാമായണത്തിലെ യുദ്ധകാണ്ഡം മുഴുവനായും സുന്ദരകാണ്ഡമാടക്കമുള്ള ഭാഗങ്ങളുടെ രത്നച്ചുരുക്കവും ഊഴിയില്‍ചെറിയവര്‍ക്കായി- സാധാരണക്കാര്‍ക്കായി അവതരിപ്പിക്കുന്ന കാവ്യം. സാധാരണക്കാര്‍ വിദ്യയഭ്യസിക്കുകയോ കാവ്യങ്ങള്‍ വായിക്കുകയോ എഴുതുകയോ ചെയ്യാന്‍ ജാതിമേധാവിത്വശക്തികള്‍ അനുവദിക്കാതിരുന്ന കാലത്താണ് ഊഴിയില്‍ ചെറിയവര്‍ക്കായി അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ചീരാമന്‍ എഴുതുന്നത്.
ഈ ചീരാമന്‍ എന്ന കവി തിരുവിതാംകൂറിലെ ഒരു രാജാവായിരുന്നിരിക്കണം എന്നാണ് ഉള്ളൂരിനെപ്പോലുള്ളവര്‍ അഭിപ്രായപ്പെട്ടത്. പയ്യന്നൂര്‍പാട്ടിനെയും മൂഷികവംശം കാവ്യത്തെയുംവരെ തിരിവിതാംകൂറിലേക്ക് വലിച്ചുകൊണ്ടുപോയി സ്ഥാപിക്കാന്‍ ശ്രമിച്ച പണ്ഡിതന്മാരുടെ നാടാണിത്!
എന്നാല്‍ രാമചരിതം എഴുതിയത് അത്യുത്തരകേരളത്തിലെ ഒരാളാണ്, മണിയാണിനായര്‍ സമുദായത്തില്‍പ്പെട്ട ഒരു പണ്ഡിതനായ കവിയാണ് എന്നാണ് രാമചരിതം ആദ്യമായി പൂര്‍ണരൂപത്തില്‍ വ്യാഖ്യനിച്ച പണ്ഡിതാഗ്രേസരനായ പി.വി.കൃഷ്ണന്‍നായര്‍ ചൂണ്ടിക്കാട്ടിയത്. ഇപ്പോള്‍ അക്കാര്യം അംഗീകരിക്കപ്പെട്ടുകഴിഞ്ഞു.
രാമചരിതത്തിന്റെ വട്ടെഴുത്തു ഗ്രന്ഥം കണ്ടുകിട്ടിയത് നീലേശ്വരത്തുനിന്നാണ്. പയ്യന്നൂരില്‍നിന്നും രാമചരിതത്തിന്റെ ഒന്നിലേറെ താളിയോലക്കെട്ടുകള്‍ കണ്ടുകിട്ടി. ചിറക്കല്‍ കോവിലകം ലൈബ്രറിയില്‍നിന്നാണ് മറ്റൊന്ന് കണ്ടുകിട്ടിയത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപാതത്തില്‍ത്തന്നെ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന് രാമചരിതം ലഭ്യമായി. അദ്ദേഹം അതേക്കുറിച്ച് പഠനം നടത്തുകയും ചെയ്തു. ഗുണ്ടര്‍ട്ടിന് രാമചരിതം കിട്ടിയതും ഉത്തരകേരളത്തില്‍നിന്ന്. ആദ്യമായി സമ്പൂര്‍ണ വ്യാഖ്യാനം സഹിതം കൃതി മലയാളത്തില്‍ പ്രസിദ്ധപ്പെടുത്തിയ പി.വി.കൃഷ്ണന്‍നായര്‍ ചൂണ്ടിക്കാട്ടുന്നത് മലബാറില്‍ എറിയുകയെന്നതിന് ഇന്നും പ്രാചരത്തിലുള്ള ചാടുക എന്ന പദപ്രയോഗമുള്‍പ്പെടെ രാമചരിതത്തിലുണ്ടെന്നതാണ്. അത്യുത്തരകേരളത്തില്‍ കര്‍ക്കടകം, ചിങ്ങം മാസങ്ങളില്‍ മണിയാണിനായര്‍ സമുദായക്കാരുടെ വീടുകളില്‍ മുമ്പ് രാമചരിതം പ്രാര്‍ഥനാപൂര്‍വം വായിച്ചിരുന്നുവെന്നും എടുത്തുപറയുന്നു. മണിയാണിഗ്രന്ഥം എന്നാണ് രാമചരിതം അക്കാലത്ത് അറിയപ്പെട്ടത്.
അപ്പോള്‍ പോകിപോകചയനന്‍ എന്ന് സ്തുതിയില്‍ പറഞ്ഞതോ? തിരുവനന്തപുരത്താണല്ലോ അനന്തപത്മനാഭന്‍... അവിടെയാണ് രാമചരിതവ്യാഖ്യാതാവായ പി.വി.കൃഷ്ണന്‍നായര്‍ ചീരാമകവി രാമചരിതത്തില്‍ സ്തുതിക്കുന്ന അനന്തപത്മനാഭന്‍ കുമ്പളക്കടത്തുള്ള അനന്തേശ്വരം അനന്തപതമനാഭക്ഷേത്രത്തിലെ അനന്തപത്മനാഭനെയായിരിക്കാം എന്ന് വ്യക്തമാക്കുന്നത്. കാവ്യാരംഭത്തില്‍ മാത്രമല്ല, കാവ്യാവസാനഭാഗത്തും അനന്തപത്മനാഭസ്തുതിയുണ്ട്.
ഭോഗി എന്നാല്‍ ഭോഗവുമായി ബന്ധപ്പെട്ട അര്‍ഥത്തിന് പുറമെ പാമ്പ് എന്നും അര്‍ഥമുണ്ട്. നാഗശ്രേഷ്ഠനായതിനാല്‍ ഭോഗിഭോഗ എന്ന് ആവര്‍ത്തിച്ചുപറഞ്ഞിരിക്കുന്നു. ഭോഗി എന്ന സംസ്‌കൃത പദത്തിന്റെ ദ്രാവിഡ രൂപമത്രെ പോകി. ശായന്‍ അഥവാ ശയിക്കുന്നവന്‍ എന്നതാണ് ശായന്‍. ആ ശായനാണ് ചായനായി തദ്ഭവമായത്.
കൈരളീപദ്യസാഹിത്യത്തിലെ പ്രഭാതനക്ഷത്രം എന്ന ബിരുദത്തിനര്‍ഹനായ ചീരാമകവി വാത്മീകിയെത്തന്നെയാണ് അനുസ്യൂതമായി ഉപജീവിക്കുന്ിനതെന്നുള്ളത് നിസ്സംശയമാണെങ്കിലും ആ ഉപജീവനം ഒരു ഭാവനാദരിദ്രനായ സകലോപജീവിയടേതല്ല എന്ന മഹാകവി ഉള്ളൂരിന്റെ പ്രഖ്യാപനം അക്ഷരംപ്രതി ശരിയാണെന്ന് ചൂണ്ടിക്കാട്ടുന്ന പി.വി.കൃഷ്ണന്‍നായര്‍ ഒന്നുകൂടി കൂട്ടിച്ചേര്‍ക്കുന്നു- വീരരൗദ്രവര്‍ണനകളില്‍ ചീരാമനുമുമ്പില്‍ ആദികവി പോലും തലകുനിച്ചുപോകും...

-കെ. ബാലകൃഷ്ണന്‍

Related Articles
Next Story
Share it